Advertisment

അന്ന് അഹമ്മദാബാദ്, ഇന്ന് ബെനോനി; അണ്ടര്‍ 19 ഫൈനലില്‍ ഏകദിന ലോകകപ്പിലെ തനിയാവര്‍ത്തനം; ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട് ഇന്ത്യയ്ക്ക് കണ്ണീര്‍മടക്കം

ടൂര്‍ണമെന്റില്‍ അപരാജിതരായി ഫൈനലില്‍ പ്രവേശിച്ച ഇന്ത്യയ്ക്ക് കലാശപ്പോരാട്ടത്തില്‍ കാലിടറി. രണ്ട് ലോകകപ്പിലും ഫൈനലില്‍ ഇന്ത്യയെ തകര്‍ത്ത് ജേതാക്കളായത് ഓസ്‌ട്രേലിയ. ഇന്ന് നടന്ന അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ 79 റണ്‍സിനാണ് ഓസീസ് ഇന്ത്യയെ തോല്‍പിച്ചത്

New Update
aus vs in u19

ബെനോനി: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഏകദിന ലോകകപ്പ് ഫൈനലില്‍ സംഭവിച്ചത് ദക്ഷിണാഫ്രിക്കയിലെ ബെനോനിയില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലും ആവര്‍ത്തിച്ചു. ടൂര്‍ണമെന്റില്‍ അപരാജിതരായി ഫൈനലില്‍ പ്രവേശിച്ച ഇന്ത്യയ്ക്ക് കലാശപ്പോരാട്ടത്തില്‍ കാലിടറി. രണ്ട് ലോകകപ്പിലും ഫൈനലില്‍ ഇന്ത്യയെ തകര്‍ത്ത് ജേതാക്കളായത് ഓസ്‌ട്രേലിയ. ഇന്ന് നടന്ന അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ 79 റണ്‍സിനാണ് ഓസീസ് ഇന്ത്യയെ തോല്‍പിച്ചത്.

Advertisment

254 റണ്‍സ് വിജയലക്ഷ്യവുമാി ബാറ്റേന്തിയ ഇന്ത്യ 43.5 ഓവറില്‍ 174 റണ്‍സിന് പുറത്തായി. 77 പന്തില്‍ 47 റണ്‍സെടുത്ത ഓപ്പണര്‍ ആദര്‍ശ് സിംഗും, 46 പന്തില്‍ 42 റണ്‍സെടുത്ത മുരുകന്‍ അഭിഷേകും ഒഴികെയുള്ള ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. ഓസീസിനായി റാഫേല്‍ മക്മില്ലനും, മഹ്ലി ബേഡ്മാനും മൂന്ന് വിക്കറ്റ് വീതവും കല്ലം വിഡ്‌ലിയര്‍ രണ്ട് വിക്കറ്റും, ചാര്‍ലി ആന്‍ഡേഴ്‌സണ്‍, ടോം സ്ട്രാക്കര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ഇന്ത്യന്‍ ബാറ്റര്‍മാരില്‍ നാലു പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. മുഷീര്‍ ഖാന്‍ (22), നമാന്‍ തിവാരി (പുറത്താകാതെ 14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാര്‍.

ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയ 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സെടുത്തു. 64 പന്തില്‍ 55 റണ്‍സെടുത്ത ഹര്‍ജാസ് സിംഗ്, പുറത്താകാതെ 43 പന്തില്‍ 46 റണ്‍സെടുത്ത ഒലി പീക്ക്, 66 പന്തില്‍ 48 റണ്‍സെടുത്ത ഹ്യൂഗ് വെയ്ബഗെന്‍, 56 പന്തില്‍ 42 റണ്‍സെടുത്ത ഹാരി ഡിക്‌സണ്‍ എന്നിവരുടെ പ്രകടനമാണ് ഓസീസിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 

ഓപ്പണര്‍ സാം കോണ്‍സ്റ്റസിനെ പൂജ്യത്തിന് പുറത്താക്കി രാജ് ലിംബാനി ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്. പിന്നീട് ഓസീസ് മത്സരത്തിലേക്ക് തിരികെയെത്തുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി രാജ് ലിംബാനി മൂന്ന് വിക്കറ്റ് വീഴ്ത്തി. നമന്‍ തിവാരി രണ്ട് വിക്കറ്റും, സൗമി കുമാര്‍ പാണ്ഡെ, മുഷീര്‍ ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Advertisment