Advertisment

ശ്രീദേവിയുടെ മുങ്ങിമരണത്തില്‍ കൂടുതല്‍ അന്വേഷണം; മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുവരില്ല

author-image
ഫിലിം ഡസ്ക്
New Update

ദുബൈ: നടി ശ്രീദേവിയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണവുമായി ദുബൈ പൊലീസ്. അന്വേഷണം പ്രോസിക്യൂട്ടര്‍ക്ക് കൈമാറി. അപകട മരണമായതിനാലാണ് ദുബൈ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇനി മൃതദേഹം വിട്ടുകിട്ടണമെങ്കില്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി വേണം.

Advertisment

ശനിയാഴ്ചയാണ് ശ്രീദേവിയുടെ മരണം സംഭവിച്ചത്. മുങ്ങി മരിച്ചെന്നാണു റിപ്പോർട്ടിൽ പറയുന്നത്. യുഎഇ പൊതു ആരോഗ്യമന്ത്രാലയം പുറത്തുവിട്ട മരണ സർട്ടിഫിക്കറ്റിലാണ് ഇക്കാര്യമുള്ളത്. ‘മുങ്ങിമരണം’ എന്നാണ് അപകടത്തിന്റെ കാരണമായി സർട്ടിഫിക്കറ്റിൽ വ്യക്തമാക്കിയിരിക്കുന്നത്.

publive-image

ശ്രീദേവിയുടെ ശരീരത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയതായി ഫൊറൻസിക് റിപ്പോർട്ട് വ്യക്തമാക്കുന്നതായി ഗൾഫിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മദ്യത്തിന്റെ ആലസ്യത്തിൽ ശ്രീദേവി ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെട്ട് ബാത് ടബ്ബിലേക്ക് വീണ് മുങ്ങിമരിക്കുകയായിരുന്നു. ശ്രീദേവിയുടെ മൃതദേഹം എംബാം ചെയ്യാൻ അയച്ചെന്നും ഗൾഫ് മാധ്യമങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.

ഹൃദയസ്തംഭനം കാരണമാണു ശ്രീദേവി മരിച്ചതെന്നായിരുന്നു നേരത്തേ റിപ്പോർട്ടുകൾ. എന്നാൽ ബാത് ടബിൽ കിടക്കുന്ന നിലയിലാണ് ശ്രീദേവിയെ കണ്ടെത്തിയതെന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. മുങ്ങിമരണമാണെന്നു സ്ഥിരീകരിക്കുന്ന രീതിയിലാണ് ഇപ്പോൾ മരണ സർട്ടിഫിക്കറ്റ് പുറത്തുവന്നിരിക്കുന്നതും.

ഇന്നലെ മുതൽ തന്നെ ശ്രീദേവിയുടെ മരണം സംബന്ധിച്ച ദുരൂഹതകൾ ചർച്ചയായിരുന്നു. തുടക്കത്തിൽ ഹൃദയാഘാതം കൊണ്ടുള്ള സ്വാഭാവിക മരണം എന്നായിരുന്നു റിപ്പോർട്ട്. തുടർന്ന് പോസ്റ്റ്മോർട്ടം പോലും വേണ്ടിവരില്ലെന്നും ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി. പിടിഐ വാർത്താ ഏജൻസിയാണ് ഇക്കാര്യം കോൺസുലേറ്റ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു പുറത്തു വിട്ടത്.

Advertisment