Advertisment

വിദ്യാര്‍ഥി സംഘടനാ സ്വാതന്ത്ര്യം: നിയമനിര്‍മാണം നടത്തും കോടിയേരി ബാലകൃഷ്ണന്‍

New Update
Advertisment

കൊല്ലം: സ്വാശ്രയ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥി സംഘടനാ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നടപ്പ് നിയമസഭാസമ്മേളന കാലാവധി തീരുന്നതിനാല്‍ ബില്‍ അവതരിപ്പിക്കാനാകാത്ത സാഹചര്യമുണ്ട്. ഈ അധ്യയന വര്‍ഷംതന്നെ നിയമപ്രാബല്യമുള്ള സംവിധാനത്തിലൂടെ വിദ്യാര്‍ഥി സംഘടനാ സ്വാതന്ത്ര്യം അനുവദിക്കും. വിദ്യാര്‍ഥികള്‍ക്ക് സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന യുഡിഎഫ് നയത്തില്‍നിന്ന് വ്യത്യസ്തമായ സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റേത്. സര്‍വകലാശാല സിന്‍ഡിക്കറ്റിലും അക്കാദമിക് കൗണ്‍സിലിലും വിദ്യാര്‍ഥി പ്രാതിനിധ്യം ഉറപ്പാക്കും.

പൊതുവിദ്യാഭ്യാസരംഗത്ത് കേന്ദ്ര സര്‍ക്കാരിന്റെയും യുഡിഎഫിന്റെയും നയങ്ങള്‍ക്ക് ബദല്‍ സൃഷ്ടിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. യുഡിഎഫ് സര്‍ക്കാര്‍ വിദ്യാഭ്യാസത്തെ വാണിജ്യവല്‍ക്കരിച്ചപ്പോള്‍ സാമൂഹ്യനീതി ഉറപ്പാക്കി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്ന പരിഷ്‌കാരമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ രണ്ടു മുതല്‍ ഒമ്ബതുവരെ ക്ലാസുകളില്‍ ഈ വര്‍ഷം 1.82 ലക്ഷം കുട്ടികളാണ് പുതിയതായി ചേര്‍ന്നത്. അണ്‍ എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള കുട്ടികളുടെ ഒഴുക്ക് തടയാന്‍ സര്‍ക്കാരിനായി.

യുഡിഎഫ് നിയമന നിരോധനം നടപ്പാക്കിയപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ പിഎസ്സി വഴി 73,000 പേര്‍ക്ക് നിയമനംനല്‍കി. മൂവായിരത്തില്‍പരം തസ്തികയാണ് സൃഷിച്ചത്. സാമ്ബത്തിക സ്ഥിതി പരിശോധിച്ച്‌ പുതിയ മേഖലകളില്‍ ഇനിയും പുതിയ നിയമനം നടത്തും.

പട്ടികജാതിവര്‍ഗ വിദ്യാര്‍ഥികളുടെ സ്‌റ്റൈപെന്‍ഡ് യഥാസമയം നല്‍കുന്നു. വയനാട് ജില്ലയിലെ ടീച്ചര്‍ ട്രെയ്‌നിങ് കോഴ്‌സ് പാസായ 241 ആദിവാസികള്‍ക്കും ജോലി നല്‍കി. ആദിവാസി ഗോത്രഭാഷ പഠിച്ച എല്ലാവരെയും ആദിവാസി ഊരുകളില്‍ പ്രത്യേക പരിശീലകരായി നിയമിക്കാന്‍ തീരുമാനിച്ചു. 100 ആദിവാസികള്‍ക്ക് പൊലീസിലും എക്‌സൈസിലും ജോലി നല്‍കും. ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളില്‍ പിന്നോക്ക വിഭാഗക്കാരായ 70 പേരെ നിയമിച്ചു. അതില്‍ 12 പേര്‍ പട്ടികജാതിക്കാരാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്ന പട്ടികജാതിക്കാരെ ചുട്ടുകൊല്ലുമ്ബോഴാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത്തരത്തില്‍ രാജ്യത്തിനു മാതൃകയാകുന്നത്.ജനക്ഷേമകരമായ നടപടികളിലൂടെ സര്‍ക്കാര്‍ മുന്നേറുമ്ബോള്‍ കുത്തക മാധ്യമങ്ങളെ ഉപയോഗിച്ച്‌ കുത്തിത്തിരിപ്പുണ്ടാക്കാനാണ് കോണ്‍ഗ്രസ്, ബിജെപി ശ്രമമെന്നും കോടിയേരി പറഞ്ഞു.

Advertisment