ഹൈദരാബാദ്: ഹൈദരാബാദ് സൺറൈസേഴ്സിനെ നിർണായക മത്സരത്തിൽ അഞ്ച് വിക്കറ്റിനു കീഴടക്കി കോൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫിൽ. ജയത്തോടെ 16 പോയിന്റുകളുമായി കോൽക്കത്ത മൂന്നാം സ്ഥാനത്തെത്തി. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയര്‍ത്തിയ 173 റണ്‍സ് പിന്തുടര്‍ന്ന കോല്‍ക്കത്ത രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ലക്ഷ്യം മറികടന്നത്.
സ്കോർ: സണ്‍റൈസേഴ്സ് 20 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 172. നൈറ്റ് റൈഡേഴ്സ് 19.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 173 റണ്‍സ്.
ശിഖർ ധവാൻ (39 പന്തിൽ 50), ശ്രീവത്സ് ഗോസ്വാമി (26 പന്തിൽ 35), കെയ്ൻ വില്യംസണ് (17 പന്തിൽ 36), മനീഷ് പാണ്ഡെ (22 പന്തിൽ 25) എന്നിവരുടെ മികവിലാണ് സണ്‍റൈസേഴ്സ് മികച്ച സ്കോറിലെത്തിയത്. നാലു വിക്കറ്റ് വീഴ്ത്തിയ പ്രസീദ് കൃഷ്ണയാണ് സണ്‍റൈസേഴ്സിനെ തകർത്തത്.
കോൽക്കത്ത നൈറ്റ് റൈഡേഴ്സിനായി ക്രിസ് ലിൻ (43 പന്തിൽ 55 റണ്‍സ്), സുനിൽ നരേൻ (10 പന്തിൽ 29 റണ്‍സ്), റോബിൻ ഉത്തപ്പ (34 പന്തിൽ 45 റണ്‍സ്), ദിനേശ് കാർത്തിക് (26 നോട്ടൗട്ട്) എന്നിവർ മികച്ച ബാറ്റിംഗ് പുറത്തെടുത്തു.