Advertisment

സിനിമാലേഖനം / കഥാപാത്രമോടൊത്തുള്ള എന്റെ മനസ്സിന്റെ വേഴ്ചയോർമ്മകൾ !

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

Advertisment

-സുരേഷ് നാരായണൻ

നർത്തനമാടുവാൻ മോഹമാണെങ്കിലീ മോഹൻലാലിൻറെ നെറ്റിയിലെ ചന്ദനക്കുറിയാണ് കമലദളം (1992).

പ്രണവം - സിബിമലയിൽ - ലോഹി സീരിസ് മാജിക്കിലെ അവസാന സിനിമ എന്ന നിലയിൽ സവിശേഷ സ്ഥാനം ഇതിനുണ്ട്. ഉയരങ്ങളിെലെത്തേണ്ട നന്ദഗോപൻ എന്ന നർത്തകനെ, പ്രേക്ഷകരെയപ്പാടെ വിങ്ങലിലാഴ്ത്തിക്കൊണ്ട് അകാലത്തിൽ വിധി തട്ടിയെടുക്കുന്നു... ഭാരതപ്പുഴയിലൂടൊഴുക്കിക്കൊണ്ടുപോകുന്നു.

തൻറെപ്രകടനത്തിൻറെ ഉച്ചസ്ഥായിയിൽ അയാൾ ചോരതുപ്പി മരിച്ചു വീഴുമ്പോൾ, നമ്മൾ മൊസാർട്ടി നെയും സലീറിയേയും ഓർക്കുന്നു, "എന്തീയസ്വാസ്ഥ്യമിങ്ങനെ എൻറെമീതേ പെരും ഭാരം, എനിക്കൊന്നു മയങ്ങണം ഇനി യാത്ര, പോയ് വരട്ടെ" മേൽപ്പറഞ്ഞ വരികളും.

മനോരമ വാരികയിൽ ലോഹിതദാസ് ഒരു സീരിസ് എഴുതിയിരുന്നു. ഞാൻ സ്കൂളിൽ പഠിക്കുന്ന കാലമായിരുന്നു.. ലൈബ്രറിയിൽ പോയി മുടങ്ങാതെ അതാർത്തിയോടെ വായിക്കുമായിരുന്നു... വായിച്ചു വായിച്ച് എങ്ങനെ തിരക്കഥ എഴുതാം എന്ന് അദ്ദേഹത്തിനോട് കത്തെഴുതി ചോദിക്കാൻ വരെയാലോചിച്ചു!

അങ്ങനെയുള്ള ഏതോ ഒരു ആഴ്ചയിലാണ് 'കമലദളം' പിറവി കൊണ്ട കഥ അദ്ദേഹം അനാവരണം ചെയ്തത്... സരസ്വതീകടാക്ഷത്തിനായ് ഒട്ടു നാൾ കാത്തിരുന്നതും, കഥയൊന്നും വരാതായപ്പോൾ, തരാതായപ്പോൾ മറ്റുള്ളവരുടെ ഭാവം മാറാൻ തുടങ്ങിയതും, ഒടുവിൽ തലപുകഞ്ഞുളള ആലോചനക്കിടയിൽ സിന്ധുവും മക്കളും മടിയിൽ വന്നുകിടന്നതും എല്ലാമെല്ലാം... അപ്പോഴാണ് നന്ദഗോപൻ ലോഹിയുടെ ധ്യാനത്തിൻറെ ശ്രീകോവിലിൽ പ്രത്യക്ഷപ്പെടുന്നത്... ചുവന്ന കണ്ണുകളോടെ, കയ്യിൽ മദ്യക്കുപ്പിയുമായി!

തിരക്കഥയെഴുത്തിൽ ലോഹി കൂടുതൽ സ്വാതന്ത്ര്യമനുഭവിച്ചിരുന്നിരിക്കാം എന്നു തോന്നുന്നു. വാക്കുകൾ ആ പേനത്തുമ്പിൽ നിന്ന് നൃത്തം ചെയ്തിറങ്ങുകയായിരുന്നല്ലോ!

"ഏതു കലാകാരനെയാണ് സമൂഹം വളർത്തിയിടുളളത്? പരിഹാസങ്ങളുടേയും ആരോപണങ്ങളുടെയും ഇടയിലൂടെ സ്വയം വളർന്നിട്ടുളളവരേയുള്ളൂ. വളർന്നു കഴിയുമ്പോൾ ഇതേ സമൂഹം അവരെ അവകാശപ്പെടും "അതെ,കച്ചവടത്തിന്റെ ഒത്തുതീർപ്പു സമവാക്യങ്ങളുമായി ആരുമദ്ദേഹത്തെ ശല്യപ്പെടുത്തിയിരുന്നിരിക്കില്ല.

"അവൾ വെറുതെ കയ്യനക്കിയാൽ അത് നൃത്തമായിരുന്നു. മുഖം വിടർന്ന ചെന്താമര. കണ്ണുകൾ സമുദ്രങ്ങൾ" അങ്ങിനെയൊക്കെ എഴുതിയ ആൾക്ക് തീർച്ചയായും ഒരുദാത്തമായ നോവലിനു പിറവി കൊടുക്കാൻ കഴിയുമായിരുന്നു.

എന്തേ അന്നതു ചെയ്തില്ല എന്ന് ഇപ്പോൾ ചോദിക്കാൻ പറ്റില്ലല്ലോ. നെടുവീർപ്പിടാനല്ലേ പറ്റൂ.

സിനിമയിലേക്കു തിരിച്ചു വരാം. കഥ പകർന്നു നൽകിയ ഊർജ്ജമാവണം, രവീന്ദ്രൻ മാസ്റ്ററേയും, ആനന്ദക്കുട്ടനേയും, കൈതപ്രത്തേയും അവരുടെ ഒളി-പൊളി- ഒടി വിദ്യകളെയെല്ലാം ഒത്തൊരുമിച്ച്പുറത്തെടുക്കാൻ സഹായിച്ചത്!

ഭാരതപ്പുഴയുടെ മണൽപ്പരപ്പിൽ എത്രയോ സിനിമാക്കാർ അവരുടെ ട്രാക്ക് ആൻഡ് ട്രോളി ഇട്ടിരിക്കുന്നു. പക്ഷേ കമലദളത്തിലെ പകലുകളേയും, രാവുകളേയും, വിശിഷ്യ കൈതപ്രം - രവീന്ദ്രൻ - ആനന്ദക്കുട്ടൻ ത്രയങ്ങളേയും, സൂര്യൻ -ചന്ദ്രൻ - നിള എന്നീ മൂന്നു മഹാത്രയങ്ങൾ ചേർന്നു സദാ സംരക്ഷിച്ചിരിക്കുന്നു, അനുഗ്രഹിച്ചിരിക്കുന്നു!

ആ അപൂർവ്വ ഭാഗ്യത്തിന്റെ കൈപ്പട ഫ്രെയിമുകളിലു ടനീളമുണ്ട്. നൃത്തംചെയ്തു കൊണ്ടിരിക്കേ, ലാൽ-മോനിഷമാരുടെ നിഴലുകളൊന്നാകുന്ന ഒരു രംഗമുണ്ട്. ക്ലാസിക്!!

ഈ വഴികളിലൂടൊക്കെ പകർന്നുകിട്ടിയ ധൈര്യം കൊണ്ടാവണം മേക്കിങിൽ കുറെ പരീക്ഷണങ്ങൾ സിബി മലയിൽ നടത്തിയിട്ടുണ്ട്...

നെടുമുടി വേണുവിന്റെ കഥാപാത്രത്തിൻറെ സെമി - വില്ലൻ സ്വഭാവവും, അമ്മ വേഷം ചെയ്യാൻ പൊന്നമ്മ ചേച്ചിക്ക് പകരം ശാന്താദേവിയുടെ തെരഞ്ഞെടുപ്പും, എല്ലാത്തിനുമുപരി മുഴുനീള നൃത്ത കഥാപാത്രവും. അതെ, മോഹൻലാലിനു പറഞ്ഞുവെച്ച റോൾ പോലെ ഒന്ന്. 'ആനന്ദനടനം ആടിനാൻ' എന്നുള്ള പാട്ടിനിടയ്ക്ക് പലവിധ നർത്തനരൂപങ്ങൾ വരുമ്പോഴും

he was completely at ease എന്നു പറയുന്നത് പ്രശംസയേ ആകുന്നില്ല; അദ്ദേഹത്തെ സംബന്ധിച്ച് വളരെ സ്വാഭാവികമാണല്ലോ അത്.!

ലാലാട്ടം

സത്യൻ അന്തിക്കാട് പറഞ്ഞൊരു കാര്യമുണ്ട്: മോഹൻലാൽ നുറുങ്ങു കവിതകൾ എഴുതിയിട്ട്, അതിന് 'ലാലാശാൻ ലാലത്തോൾ, ലാലിട്ട' അങ്ങനെയെല്ലാം പേരിടും എന്ന്. ഹാസ്യാനുകരണത്തിന്റെ കുസൃതി! പക്ഷേ ആക്ഷൻ പറയുമ്പോൾ അതെല്ലാമെങ്ങോ പോയ് മറയുന്നു..

"യതോ ഹസ്ത

സ്തതോ ദൃഷ്ടി

യതോ ദൃഷ്ടി

സ്തതോ മന: ഹ

യതോ മന

സ്തതോ ഭാവോ

യതോ ഭാവോ

സ്തതോ രസഹ "

എന്ന് നന്ദികേശൻ.

അതിൻറെ അക്ഷരാർത്ഥത്തിലുള്ള അപൂർവ്വ സാക്ഷാത്കാരം! 'പാദമുദ്ര'യിൽ കാവടിയാട്ടമാണ് നമ്മൾ കണ്ടതെങ്കിൽ ഇവിടെയത് പകർന്നാട്ടവും നിറഞ്ഞാട്ടവുമാണ്. 'ആനന്ദനടനം ആടിനാൻ' എന്നുള്ള ഗാനം ലാലിൻറെ കരിയറിലെ സിഗ്നേച്ചർ ആകുന്നതും അതുകൊണ്ടുതന്നെ.

മോഹിനിയാട്ടം, ഫോക്ക്, കഥക്ക് ... എല്ലാമൊരു നദി പോലെ ആ മഹാമേരുവിൽ നിന്നുത്ഭവിച്ച് അനായാസമായൊ ഴുകുന്നു, അവിരാമം! മിനിട്ടുകൾ മാത്രം നീളുന്ന ഒരവവതരണമല്ലേ എന്നു വിമർശകർ ചോദിച്ചേക്കാം. അവർക്കുള്ള മറുപടി, രഞ്ജിത്ത് എഴുതി വച്ചിട്ടുണ്ട്, 'എന്തിനാ നിങ്ങളെയും ഗുരുവായൂരപ്പനെയും ഒക്കെ ഒരു തവണ കണ്ടാൽ പോരേ?!'

അങ്ങിനെ കണ്ടുകണ്ടാവണം 'കട്ട്' പറയാൻ മറന്നുപോയി, ക്യാമറ അഭൗമമായ ആ കണ്ണുകളിലേക്ക് ഒട്ടു നേരം ഫോക്കസ് ചെയ്തത്; മദഗജമുഖനേ' എന്ന പാട്ടോടെ തുടങ്ങുന്ന നൃത്തപരിശീലന സീനിൽ.

ആ മറവി കാലം കാത്തു വെച്ച ഒരനുഗ്രഹമാകുന്നു! പൂരപ്രേമികൾ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വർണ്ണിക്കുന്നത് പോലെ, പറയാനേറെയുണ്ട്. ഇങ്ങനെയൊരാൾ നമ്മുടെ ജീവിതത്തിലുണ്ടായിരുന്നെങ്കിൽ എന്നാശിച്ചുപോകുന്ന നിമിഷങ്ങൾ.

കാമുകനായിട്ടോ, ഗുരുവായിട്ടോ രക്ഷിതാവായിട്ടോ !

മോനിഷയും മുരളിയും ഒടുവിൽ ആശാനും എല്ലാവരും തങ്ങളുടെ ഉപവേഷങ്ങൾ ഭംഗിയായി ആടിയിരിക്കുന്നു. മാളവികയെ ഒരു നെടുവീർപ്പോടെയേ ഓർക്കാൻ കഴിയുന്നുള്ളൂ. ആ പക്ഷി അതിനുശേഷം ചിറകടിച്ചു പറന്നു പോയല്ലോ, നമ്മിൽനിന്നകന്നു പോയല്ലോ.

കാൽനൂറ്റാണ്ടിനപ്പുറം, വീണ്ടുമാത്തീരേത്തേക്കു ചെന്നടുക്കുമ്പോൾ, ഓർമ്മകളും വേദനകളും മാത്രമല്ല, ചില സന്ദേഹങ്ങളും നമ്മെ പിടികൂടുന്നുണ്ട്. സുമയോടൊപ്പമുള്ള നന്ദഗോപൻറെ ഫ്ലാഷ് ബാക്ക് സീനുകളിൽ, എട്ടുവർഷം മുമ്പ് അദ്ദേഹത്തിനുളളിലുണ്ടായിരിക്കുമായിരുന്ന ഊർജ്ജസ്വലതയൊക്കെ തിരഞ്ഞ് നമ്മൾ നിരാശരാകും.

സ്വപ്നപൂരണത്തിൻറെ പടിവാതിൽക്കൽ വെച്ചുള്ള നന്ദഗോപൻറെ മരണത്തിൻറെ വീർപ്പുമുട്ടലിലുരുകിയാണ് അന്നാ എട്ടാം ക്ലാസ്സുകാരൻകുട്ടി തീയേറ്റർ വിട്ടു പുറത്തിറങ്ങിയതെങ്കിൽ, പുതിയകാലത്ത് പുതിയ നെടുവീർപ്പുകൾ കൂട്ടിനുണ്ട്.

എത്രയോ സംഗീതജ്ഞന്മാർ - സാഹിത്യകാരന്മാർ പിറന്ന് അനശ്വര നടനമാടി മൺമറഞ്ഞുപോയ മണ്ണാണ് നമ്മുടെ.എന്തുകൊണ്ട് അവരെയൊക്കെ പറ്റി ഒരു ബയോപിക് നമുക്കുണ്ടാക്കാൻ പറ്റുന്നില്ല?

എഴുത്തച്ഛൻ, നമ്പ്യാർ, തകഴി, ബഷീർ, ചെമ്പൈ അങ്ങനെ സൂര്യനും, ചന്ദ്രനും നക്ഷത്രങ്ങളും ആയി എത്രയോപേർ. കലയല്ല കാശാണ് അനശ്വരം എന്നു തോന്നുന്നെങ്കിൽ പിന്നെന്തു പറയാനാണ്. വരൂ, നെടുവീർപ്പുകളുടെ ലോകത്തേക്ക് നമുക്കു മടങ്ങിപ്പോകാം.

 

 

article
Advertisment