Advertisment

എസ്.വി പ്രദീപിന്‍റെ മരണത്തിനു കാരണമായ അപകടം ഉണ്ടായിട്ട് 24 മണിക്കൂര്‍ പിന്നിടുകയാണ്. ക്യാമറകള്‍ കണ്‍തുറന്നിരിക്കുന്ന തലസ്ഥാന നഗരിയിലെ നാലുവരി പാതയില്‍ പട്ടാപ്പകല്‍ അരങ്ങേറിയ 'കൊലപാത'കത്തിലെ വാഹനം കണ്ടെത്താനെടുത്തത് 20 മണിക്കൂര്‍ ! ദുരൂഹത ഇനിയും ബാക്കി ! ഇത് മാധ്യമലോകത്തോടുള്ള വെല്ലുവിളിതന്നെ ?

New Update

publive-image

Advertisment

അന്ന് ബഷീര്‍... ഇന്ന് പ്രദീപ്. തലസ്ഥാനത്ത് കുരുതികൊടുക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം കൂടുകയാണ്. എന്നിട്ടും മാധ്യമലോകത്തുനിന്നുണ്ടാകുന്ന കുറ്റകരമായ നിശബ്ദത അതിശയിപ്പിക്കുന്നതാണ്.

എസ്.വി പ്രദീപ് എന്ന ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകന്‍ തലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നില്‍ വച്ച് പട്ടാപ്പകല്‍ കൊലചെയ്യപ്പെട്ടിട്ട് 24 മണിക്കൂര്‍ പിന്നിടുകയാണ്. നൂറുകണക്കിന് സിസിടിവി ക്യാമറകള്‍ കണ്‍തുറന്നിരിക്കുന്ന ഈ റോഡില്‍ സൂര്യന്‍റെ ഉച്ചവെയില്‍ മായും മുന്‍പ് നടന്ന അപകടത്തില്‍ പ്രദീപിനെ ഇടിച്ചിട്ട് ദേഹത്തുകൂടി ചക്രങ്ങള്‍ ഓടിച്ചുകയറ്റി പാഞ്ഞുപോയ വാഹനം ഏതെന്ന് കണ്ടെത്താന്‍ കഴിഞ്ഞതുതന്നെ നേരത്തോട് നേരം കഴിഞ്ഞാണ്.

എന്നിട്ടും ഇതിലെ ദുരൂഹത കണ്ടെത്താന്‍ കഴിയാതെ പോയത് അനാസ്ഥ തന്നെയാണ്. ലോറിയും ഡ്രൈവര്‍ ജോയിയെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സ്വാഭാവികമായുണ്ടായ ഒരപകടമായിരുന്നെങ്കില്‍ ഡ്രൈവര്‍ എന്തുകൊണ്ട് ഇക്കാര്യം പോലീസിനെ അറിയിക്കാന്‍ ഇത്രയും വൈകി എന്നത് സംശയിക്കത്തക്ക കാരണമാണ്.

അപകടം ഉണ്ടായാല്‍ സാധാരണഗതിയില്‍ അപകടകാരണമായ വാഹനങ്ങള്‍ സംഭവസ്ഥലത്തുതന്നെ നിര്‍ത്തിയിടുകയാണ് പതിവ്. പ്രതേകിച്ചും മരണം സംഭവിച്ച സാഹചര്യങ്ങളില്‍. ചില സന്ദര്‍ഭങ്ങളില്‍ പെട്ടെന്നുണ്ടാകുന്ന ഭയമോ ആശങ്കയോ കാരണം ഡ്രൈവര്‍മാര്‍ സംഭവസ്ഥലത്തുനിന്ന് കടന്നുകളയാറുണ്ട്.

എന്നാല്‍ അവര്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ് പതിവ്. ഇതിനെല്ലാം ഘടകവിരുദ്ധമായാണ് കാരയ്ക്കാമണ്ഡപം അപകടത്തില്‍ സംഭവിച്ചത്. ഡ്രൈവര്‍ ആവശ്യത്തിലധികം സമയമെടുത്ത് നിയമോപദേശമൊക്കെ തേടിയാണ് പോലീസിനു മുമ്പില്‍ എത്തിയത്. ഇത് തികച്ചും ദുരൂഹമാണ്.

ഈ അപകടത്തിന്‍റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ തെളിഞ്ഞിട്ടുണ്ട്. ടിപ്പര്‍ ലോറിയാണ് ഇടിച്ചതെന്നു കണ്ടെത്തിയിരുന്നു. എന്നിട്ടും നേരത്തോട് നേരം കഴിഞ്ഞാണ് ഏതാണ് ആ വാഹനം എന്ന് കണ്ടെത്താന്‍ കഴിഞ്ഞത്. സംഭവത്തിലെ ദുരൂഹത എന്നിട്ടും ബാക്കിയാണ്.

കരമന - കളിയിക്കാവിള നാലുവരിപ്പാതയില്‍ കാരയ്ക്കാമണ്ഡപം ജംഗ്ഷനു സമീപം വച്ചാണ് അപകടം. സംഭവ സ്ഥലത്തിന് മുന്‍പും പിന്‍പും പല സ്ഥലങ്ങളിലും സിസിടിവി ക്യാമറകള്‍ ഉണ്ട്. അവയിലേതെങ്കിലും പരിശോധിച്ചാലും അപകട ദൃശ്യങ്ങളില്‍ കണ്ട വാഹനം കടന്നുപോയ വഴികളും വാഹനത്തിന്‍റെ നമ്പരും അറിയാനാകും.

നഗരത്തിലെ 233 ക്യാമറകളില്‍ പ്രവര്‍ത്തിക്കുന്നത് 35 എണ്ണം മാത്രമാണെന്നാണ് അധികൃതര്‍ പറയുന്നത്. അത് അധികൃതരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥതന്നെയാണ്. എങ്കിലും മറ്റ് ക്യാമറകളോ സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങളെ കണ്ടെത്തുകയോ ചെയ്താല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അപകടം ഉണ്ടാക്കിയ വാഹനം കണ്ടെത്താന്‍ കഴിയുമായിരുന്നു.

അതിന് പിറ്റേദിവസം ഉച്ചവരെ സമയം എടുക്കേണ്ടിവന്നത് ന്യായീകരിക്കാനാകില്ല. ഇന്നലെ രാത്രിതന്നെ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിട്ടും അന്വേഷണം കാര്യമായി മുന്നോട്ട് പോകാത്തത് അംഗീകരിക്കാനാകില്ല.

ഫോര്‍ട്ട് അസിസ്റ്റന്‍റ് കമ്മീഷണര്‍ പ്രതാപചന്ദ്രന്‍ നായര്‍ക്കാണ് അന്വേഷണ ചുമതല. ഈ അന്വേഷണം പര്യാപ്തമാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ സംഭവം അന്വേഷിക്കണമെന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ മാനേജ്മെന്‍റ് കൂട്ടായ്മയായ 'കോം ഇന്ത്യ' ഇന്നലെ ആവശ്യപ്പെട്ടിരിക്കുന്നത് അംഗീകരിക്കപ്പെടേണ്ടതുതന്നെയാണ്.

മാതൃകാപരമായ അന്വേഷണവും കുറ്റവാളികള്‍ക്ക് തക്ക ശിക്ഷയും ഉടനുണ്ടാകണം. അല്ലാത്തപക്ഷം ഇത് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനെതിരെയുള്ള കടുത്ത വെല്ലുവിളിയും അതിനോട് ഭരണകൂടങ്ങള്‍ കാണിക്കുന്ന അനുഭാവ നടപടിയുമെന്ന് വ്യാഖ്യാനിക്കപ്പെടും. ഇത് സമൂഹത്തിനെതിരെയുള്ള വെല്ലുവിളികൂടിയാണ്.

 

editorial
Advertisment