Advertisment

ചോദിച്ചത് തുഷാറിന് രാജ്യസഭയും സഹമന്ത്രിസ്ഥാനവും. കണ്ണന്താനത്തെ മന്ത്രിയാക്കിയപ്പോള്‍ ബിജെപി ബന്ധവും ഉപേക്ഷിക്കുന്നു. ഇനി ഇടത് മുന്നണിയ്ക്കൊപ്പം. വെള്ളാപ്പള്ളിയുടെ യുഡിഎഫ് സഹകരണത്തിന് തടസം ചെന്നിത്തലയും സുകുമാരന്‍ നായരും !

New Update

കൊല്ലം:  ബിഡിജെഎസ് ബിജെപി ബന്ധം ഉപേക്ഷിച്ച് എന്‍ ഡി എ വിടാനൊരുങ്ങുന്നു. എസ് എന്‍ ഡി പിയുടെ രാഷ്ട്രീയ സംഘടനയായ ബി ഡി ജെ എസ് ഇടതുപക്ഷവുമായി അടുക്കുന്നതായാണ് സൂചന. ബി ഡി ജെ എസിനെ ഒപ്പം കൂട്ടാന്‍ യു ഡി എഫ് ശക്തമായി രംഗത്തുണ്ടെങ്കിലും വെള്ളാപ്പള്ളി നടേശനും രമേശ്‌ ചെന്നിത്തലയും തമ്മിലുള്ള അഭിപ്രായ ഭിന്നത മൂലം ഈ സാധ്യത അടയുകയാണ്.

Advertisment

മാത്രമല്ല എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയ്ക്ക് അപ്രമാദിത്വമുള്ള മുന്നണിയില്‍ തങ്ങളുടെ ഭാവി സുരക്ഷിതമല്ലെന്ന നിലപാടിലാണ് വെള്ളാപ്പള്ളിയും കൂട്ടരും.

publive-image

ബിഡിജെഎസ് എന്‍ഡിഎയുടെ ഭാഗമായപ്പോള്‍ മുന്നോട്ടുവച്ച ഓഫറുകള്‍ ഭരണത്തിലേറി 3 വര്‍ഷമായിട്ടും പാലിക്കപ്പെട്ടില്ലെന്നതാണ് ബിഡിജെഎസിന്റെ പരാതി. എന്നാല്‍ സംഘടനയ്ക്ക് അനുവദിക്കാമെന്ന് പറഞ്ഞിരുന്ന പൊതുമേഖലാ സ്ഥാപന മേധാവിത്വങ്ങള്‍ അനുവദിയ്ക്കുന്നതിന് ബി ജെ പി ഒരുക്കമായിരുന്നെങ്കിലും തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് രാജ്യസഭാംഗത്വവും കേന്ദ്ര സഹമന്ത്രി സ്ഥാനവും ചോദിച്ചതാണ് ധാരണ തെറ്റാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ തുഷാറിന്റെ മന്ത്രിസഭാ പദവി സംബന്ധിച്ച ഉപാധി പരസ്യ ചര്‍ച്ചയാക്കാന്‍ ബിഡിജെഎസോ എസ്എന്‍ഡിപിയോ തയാറായിരുന്നില്ല. അങ്ങനൊരാവശ്യം പരസ്യ ചര്‍ച്ചയാക്കരുതെന്ന ആവശ്യം വെള്ളാപ്പള്ളിയും ബി ജെ പി നേതാക്കളോട് തുടക്കത്തിലെ ഉന്നയിച്ചിരുന്നു.

തുടക്കത്തില്‍ തുഷാറിന്റെ മന്ത്രി സ്ഥാനത്ത് അനുഭാവ പൂര്‍വ്വം പ്രതികരിച്ച ബി ജെ പിയും അമിത് ഷായും എന്നാല്‍ പിന്നീട് അതിന് തയാറായില്ല. അതിനിടെ കേരളത്തില്‍ നിന്നും അല്‍ഫോണ്‍സ് കണ്ണന്താനം മന്ത്രിസഭയിലെത്തിയതോടെ ആ പ്രതീക്ഷ ആസ്ഥാനത്തായെന്ന ചിന്തയാണ് എന്‍ഡിഎ മുന്നണി ബന്ധം അവസാനിപ്പിക്കാന്‍ വെള്ളാപ്പള്ളിയെ പ്രേരിപ്പിക്കുന്ന ഘടകം.

അതേസമയം, എസ് എന്‍ ഡി പിയും സി പി എമ്മും തമ്മിലുള്ള നിലവിലെ ബന്ധം ഊഷ്മളവുമാണ്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രണ്ടു തവണ സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ വെള്ളാപ്പള്ളി നടേശന്‍ സി പി എമ്മും എസ് എന്‍ ഡി പിയുമായി ഉണ്ടായിരുന്ന ഭിന്നതകള്‍ പറഞ്ഞു തീര്‍ത്തിരുന്നു.

അതേസമയം, ഇടത് മുന്നണി പ്രവേശനം സംബന്ധിച്ച് ഇരുവരും കാര്യമായ ചര്‍ച്ച നടത്തിയിട്ടില്ല. എങ്കിലും അതിനുള്ള സാഹചര്യം ഇവര്‍ക്കിടയിലുണ്ടെന്നതാണ് പ്രധാനം. സിപിഐ സിപിഎമ്മുമായി കൊമ്പുകോര്‍ത്തു നില്‍ക്കുന്ന സാഹചര്യത്തില്‍ എസ് എന്‍ ഡി പിയെ മുന്നണിയിലെത്തിക്കുന്നത് ഏറെ പ്രയോജനം ചെയ്യുമെന്ന കാഴ്ചപ്പാടാണ് സി പി എമ്മിനുള്ളത്.

സി പി ഐയുടെ അടിത്തറ തന്നെ ഈഴവ സമുദായത്തിന്റെ പിന്തുണയാണ്. സി പി എം ലക്‌ഷ്യം വയ്ക്കുന്നതും അത് തന്നെയാണ്.

അതേസമയം, ബി ഡി ജെ എസിനെ യു ഡി എഫിലെത്തിക്കാനുള്ള നീക്കവും തകൃതിയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വെള്ളാപ്പള്ളി നടേശനും അടുത്ത സുഹൃത്തുക്കളാണ്. ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമായും വെള്ളാപ്പള്ളിയ്ക്ക് അടുത്ത സൌഹൃദമാണുള്ളത്. എന്നാലും ഉമ്മന്‍ചാണ്ടി യു ഡി എഫ് നേതൃത്വത്തിലല്ലാത്ത സാഹചര്യത്തില്‍ വെള്ളാപ്പള്ളിയ്ക്ക് യു ഡി എഫിനോട് അതൃപ്തിയുണ്ട്.

അതില്‍ പ്രധാന തടസങ്ങള്‍ രമേശ്‌ ചെന്നിത്തലയും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമാണ്. ഇരുവരും വെള്ളാപ്പള്ളിയുടെ ബദ്ധശത്രുക്കളാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലുമായും വെള്ളാപ്പള്ളി പരസ്യമായ ഭിന്നതയിലാണ്.

എന്നാല്‍ ഉമ്മന്‍ചാണ്ടി ഇടപെട്ടാല്‍ വെള്ളാപ്പള്ളിയെ യു ഡി എഫിലെത്തിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്. അതിനുള്ള നീക്കങ്ങള്‍ ഉമ്മന്‍ചാണ്ടിയും ആരംഭിച്ചിട്ടുണ്ട്. പക്ഷേ വെള്ളാപ്പള്ളിയും സി പി എമ്മുമായി മുന്‍‌കൂര്‍ ധാരണയുള്ളതായി സംശയിക്കപ്പെടുന്ന സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ നീക്കങ്ങള്‍ക്ക്‌ വലിയ പ്രതീക്ഷയില്ല.

bjp bdjs thushar vellappally vellappally nda
Advertisment