Advertisment

സർക്കാർ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന സിൽവർ ലൈൻ കോൾഡ്സ്റ്റോറേജിലായെന്ന് റോജി എം. ജോണിന്റെ പരിഹാസം; അതിരടയാളം നിശ്ചയിച്ച ഭൂമിയിൽ മഞ്ഞക്കുറ്റികൾ എൽഡിഎഫ് സർക്കാരിന്റെ പിടിപ്പുകേടിന്റെ സ്മാരകമായി നിൽക്കുന്നു; കേരളത്തെ ശ്രീലങ്കയാക്കി മാറ്റുന്ന സിൽവർ ലൈൻപദ്ധതി വേണ്ടന്ന് വെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ്; അഡീഷണൽ ചീഫ് സെക്രട്ടറി കത്തെഴുതിയാൽ ദേശസാൽകൃത ബാങ്കുകൾ ലോൺ നൽകുമോയെന്ന് സതീശന്റെ ചോദ്യം; നാടിന്റെ വികസനത്തിനെതിരായ പ്രക്ഷോഭത്തിന് മുന്നിൽ സർക്കാർ വഴങ്ങില്ല, സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നു വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ വികസനത്തിനെതിരായ പ്രക്ഷോഭത്തിന് മുന്നിൽ സർക്കാർ വഴങ്ങില്ലന്നും മുഖ്യമന്ത്രി നിയമ സഭയെ അറിയിച്ചു. പദ്ധതിക്ക് എതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്ക് എതിരെ എടുത്ത കേസുകൾ പിൻവലിക്കില്ലെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി പറഞ്ഞു.

Advertisment

publive-image


കേരളത്തെ ശ്രീലങ്കയാക്കി മാറ്റുന്ന സിൽവർ ലൈൻപദ്ധതി വേണ്ടന്ന് വെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപെട്ടു. പദ്ധതി കടന്നു പോകുന്ന സ്ഥലങ്ങളിലെ ആളുകൾ വല്ലാത്ത ദുരിതത്തിലാണ് . പദ്ധതിയെക്കുറിച്ച അനിശ്ചിതത്വം മാത്രമാണ് യുഡിഎഫ് ഉന്നയിച്ചിരുന്നത്. പദ്ധതിക്ക് എതിരായ സമരം വിജയിച്ചത് നാടിന്റെ വിജയമാണ്.


ധാർഷ്ട്യമല്ല വിനയമാണ് വിജയിച്ചത്. ഇന്നത്തെ മുഖ്യമന്ത്രിയുടെ വാക്കുകൾ നിന്നും ഒരുകാലത്തും പദ്ധതി വരാൻ പോകുന്നില്ല എന്ന് വ്യക്തമായിരിക്കുകയാണ്. വലിയ പാരിസ്ഥിതിക ദുരന്തം ഉണ്ടാക്കുന്ന പദ്ധതിയാണിത്.1221 ഹെക്ടർ ഭൂമിയിലും ഒരു ക്രയവിക്രയവും നടക്കുന്നില്ല. അഡീഷണൽ ചീഫ് സെക്രട്ടറി കത്തെഴുതിയാൽ ദേശസാൽകൃത ബാങ്കുകൾ ലോൺ നൽകുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

പ്രതിപക്ഷത്തിൻറെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലന്ന് വ്യക്തമാക്കാനാണ് ആവർത്തിച്ചു ശ്രമിച്ചത്. പദ്ധതി നാടിന് വികസന

കുതിപ്പ് ഉണ്ടാക്കും. പദ്ധതി ഒരിക്കലും മരവിപ്പിച്ചിട്ടില്ല.കേന്ദ്രത്തിന്റെ അനുമതിക്ക് കാത്തിരിക്കുന്നു. ഇതിന് സമാന്തരമായി സമഗ്ര പരിസ്ഥിതി ആഘാത പഠനം ഉൾപടെ വിവിധ പഠനങ്ങൾ നടന്ന് വരുന്നു .

റവന്യു ഉദ്യോഗസ്ഥരെ പിൻവലിച്ചത് മറ്റു പദ്ധതികളുടെ ജോലികളിൽ വിന്യസിക്കുന്നതിന് വേണ്ടിയാണ്.

ഉദ്യോഗസ്ഥരെ പിൻവലിച്ചത് പദ്ധതി മരവിപ്പിച്ചു എന്ന പ്രചാരണത്തിന് ഉപയോഗിക്കുന്നത് തെറ്റിദ്ധാരണാ ജനകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂമി പണയം വെച്ച് വായ്പ എടുക്കുന്നതിന് തടസ്സമില്ല.അതിർത്തി നിശ്ചയിച്ച ഭൂമി ക്രയവിക്രയം ചെയ്യുന്നതിനും നിയമപരമായി തടസ്സമില്ലന്നും മുഖ്യമന്ത്രി വാദിച്ചു.

സർക്കാർ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന സിൽവർ ലൈൻ പദ്ധതി കോൾഡ്സ്റ്റോറേജിലായെന്ന് അടിയന്തിര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് സംസാരിച്ച റോജി എം. ജോണിന്റെ പരിഹാസം. പദ്ധതിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് അരിയാഹാരം കഴിക്കുന്നവർക്ക് ബോധ്യമുണ്ട്. ഭൂവുടമകൾ വലിയ പ്രതിസന്ധിയിലാണ്.

അതിരടയാളം നിശ്ചയിച്ച ഭൂമിയിൽ മഞ്ഞക്കുറ്റികൾ എൽഡിഎഫ് സർക്കാരിന്റെ പിടിപ്പുകേടിന്റെയും ധാർഷ്ട്യത്തിന്റെയും സ്മാരകമായി നിൽക്കുന്നു. കല്ലിട്ട ഭൂമിയിൽ ഉടമകൾക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല.പദ്ധതി അനിശ്ചിതത്തിൽ ആയ സ്ഥിതിക്ക് ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം പിൻവലിക്കണം. സമരവുമായി ബന്ധപ്പെട്ട കേസുകളും പിൻവലിക്കണമെന്ന് റോജി എം ജോൺ ആവശ്യപ്പെട്ടു.

publive-image


സിൽവർ ലൈൻ പദ്ധതിയിൽ കേന്ദ്രം പ്രതികൂല സമീപനം സ്വീകരിക്കുന്നതിന് കാരണം പ്രതിപക്ഷ- ബി.ജെ.പി നിലപാടാണെന്ന ആരോപണമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്.കേന്ദ്രം പദ്ധതിക്ക് ആദ്യം വലിയ സഹകരണം നൽകി. പിന്നീട്‌ നിരവധി തടസങ്ങൾ പറഞ്ഞു . കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ ഇത്തരം പദ്ധതിക്കെതിരായ നിലപാട് പാർലമെൻറിൽ സ്വീകരിക്കുകയാണ്.


കേരളത്തിന്റെ വികസനത്തിന് എതിരായ സമീപനമാണ് സ്വീകരിക്കുന്നത്. പദ്ധതി നാടിനു വേണ്ട എന്ന് എംപിമാർ ഒറ്റക്കെട്ടായി നിന്ന് ലോക്സഭയിൽ പറയുമ്പോൾ ബിജെപി രാഷ്ട്രീയപരമായി ഇടപെടുന്നു. രണ്ട് ഗവൺമെന്റുകൾ തമ്മിലുള്ള സമീപനം അല്ല ഈ പദ്ധതിയുടെ കാര്യത്തിൽ കേന്ദ്രത്തിൽ നിന്ന് ഉണ്ടാകുന്നത്. പ്രധാനമന്ത്രിയെ കണ്ട് പദ്ധതി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി.

അപ്പോൾ ഒരക്ഷരം പദ്ധതിക്കെതിരെ പ്രധാനമന്ത്രി സംസാരിച്ചില്ല. പൂർണ്ണമായി നടപ്പിലാക്കാൻ പറ്റാത്ത പദ്ധതിയെന്ന് കേന്ദ്ര സർക്കാരും പറഞ്ഞിട്ടില്ല.പരിശോധനയിൽ ആണെന്നാണ് അറിയിച്ചത്. പദ്ധതിക്ക് എതിരായ നീക്കം വിജയിച്ചാൽ അതിൻെറ ദോഷം നാടിനാണെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി.

അതിരടയാള കല്ലുകൾ കൊണ്ട് ഒരു ദോഷവും സംഭവിക്കില്ല .സിൽവർ ലൈൻ നമുക്ക് വേണം, വന്ദേ ഭാരതും വേണം. എന്തു കൊണ്ട് അതിന് ഒരുമിച്ച് ആവശ്യപ്പെട്ടു കൂട്ടായെന്നും മുഖ്യമന്ത്രി ചോദിച്ചു. പദ്ധതി ഉപേക്ഷിക്കുക എന്നത് സർക്കാരിന് ചിന്തിക്കാൻ കഴിയാത്ത കാര്യമാണെന്നും ആവർത്തിച്ചു കൊണ്ടാണ് മുഖ്യമന്ത്രി മറുപടി അവസനിപ്പിച്ചത്.

Advertisment