Advertisment

ആഗോള സമ്പദ്‌വ്യവസ്ഥയെയും ജനജീവിതത്തെയും പിടിച്ചുലച്ച യുക്രെയ്ൻ യുദ്ധം ആരംഭിച്ചിട്ട് ഇന്ന് ഒരു വർഷം; കൃത്യമായ ആളപായ കണക്കുകള്‍ വെളിപ്പെടുത്താതെ പുടിനും സെലന്‍സ്‌കിയും

New Update

റഷ്യ യുക്രെയ്‌നിൽ പൂർണ്ണമായ അധിനിവേശം ആരംഭിച്ച് ഒരു വർഷത്തിന് ശേഷം, സംഘർഷം ഭയാനകമായ നാശനഷ്ടങ്ങൾ തുടരുകയാണ്. മനുഷ്യജീവിതത്തിലെ യുദ്ധത്തിന്റെ വിലയും ആക്രമണത്തെ നേരിടാൻ ഉക്രെയ്‌നെ സഹായിക്കുന്നതിന് യുഎസും അതിന്റെ പങ്കാളികളും നടത്തിയ അമ്പരപ്പിക്കുന്ന സാമ്പത്തിക പ്രതിബദ്ധതയുൾപ്പെടെ നാശത്തിന്റെ തോത് കാണിക്കുന്ന ചില സംഖ്യകൾ ചുവടെയുണ്ട്.

Advertisment

publive-image

രണ്ടാം ലോകയുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ യുദ്ധത്തിലും ഇരുപക്ഷത്തിനും ആൾനാശമുൾപ്പെടെ കനത്ത നഷ്ടമാണുണ്ടായത്. ജയിച്ചവനും തോറ്റവനും ഒരുപോലെ തോൽക്കുന്ന, തോരാക്കണ്ണീർ മാത്രം ബാക്കിയാകുന്ന ബുദ്ധിശൂന്യ നീക്കമാണ് ഓരോ യുദ്ധവുമെന്നു യുക്രെയ്ന്‍ യുദ്ധവും ലോകത്തോട് പറയുന്നു. മരണത്തിന്റെ, അനാഥത്വത്തിന്റെ, പലായനത്തിന്റെ, കൂട്ടനിലവിളികളുടെ കണ്ണീർ ചിത്രമല്ലാതെ മറ്റൊന്നുമല്ല യുദ്ധമെന്നു വീണ്ടും നമ്മെ പഠിപ്പിച്ച ഒരു വർഷം.

യുദ്ധത്തിൽ ഇതുവരെ 7200 യുക്രെയ്ൻ പൗരന്മാർ കൊല്ലപ്പെട്ടുവെന്നും ഇതിൽ നാനൂറിലധികം പേർ കുട്ടികളാണെന്നും ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകൾ പറയുന്നു. എന്നാൽ യുക്രെയ്ൻ സർക്കാരിന്റെ കണക്കുകൾ പ്രകാരം 16,000 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഇരുപക്ഷത്തുമായി പരുക്കേറ്റതും കൊല്ലപ്പെട്ടവരുമായ സൈനികരുടെ എണ്ണം 3 ലക്ഷം വരുമെന്നാണ് കണക്ക്. 2 ലക്ഷത്തോളം റഷ്യൻ സൈനികർക്കു പരുക്കേറ്റപ്പോൾ 60,000 സൈനികർ കൊല്ലപെട്ടുവെന്നാണ് ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയം നൽകുന്ന കണക്ക്. പാശ്ചാത്യ രാജ്യങ്ങൾ നൽകുന്ന കണക്കുകൾ അനുസരിച്ചു 1 ലക്ഷത്തോളം യുക്രെയ്ൻ സൈനികർക്കു ജീവൻ നഷ്ടമായിട്ടുണ്ട്. കണക്കുകളിൽ ആർക്കും ഒരു കൃത്യതയോ വ്യക്തതയോ ഇല്ല, അതാണ് യുദ്ധത്തിന്റെ സ്വഭാവം.

ഇതിനകം 1.40 കോടി ആളുകൾ പലായനം ചെയ്‌തു. ഇതിൽ പകുതിപ്പേരും അയൽ രാജ്യങ്ങളിൽ അഭയാർഥികളായി. ബാക്കിയുള്ളവർ നാട്ടിലേക്കു മടങ്ങിയെങ്കിലും കിടപ്പാടം പോലും നഷ്ടപ്പെട്ടു. ആഭ്യന്തര അഭയാർഥികളായി ദുരിത ജീവിതത്തിലാണവർ. കഴിഞ്ഞ ഡിസംബർ വരെയുള്ള കണക്കുകൾ അനുസരിച്ച് യുദ്ധത്തിൽ തകർന്ന യുക്രെയ്ന്റെ അടിസ്ഥാന സൗകര്യങ്ങളുടെ മാത്രം നഷ്ടം ഏകദേശം 138 ബില്യൻ ഡോളർ വരും. റഷ്യയ്ക്ക് വാണിജ്യ വ്യവസായ രംഗത്തുൾപ്പെടെ നഷ്ടം 82 ബില്യൻ‌ ഡോളർ ആണ്.

ഇതെല്ലാം നഷ്ടങ്ങളുടെ ഏകദേശ കണക്കുകൾ മാത്രം. പരോക്ഷമായുണ്ടായ നഷ്ടങ്ങളുടെ കണക്കുകൾ വേറെ. യുദ്ധം തുടങ്ങുമ്പോൾ പരിമിതമായ ആയുധങ്ങൾ മാത്രം ഉണ്ടായിരുന്ന യുക്രെയ്നിപ്പോൾ അത്യന്താധുനിക ആയുധങ്ങളുടെ വൻ ശേഖരമുണ്ട്. അമേരിക്ക ഉൾപ്പെടുന്ന നാറ്റോ സഖ്യത്തിന്റെയും യൂറോപ്യൻ യൂണിയന്റെയും അകമഴിഞ്ഞുള്ള ആയുധ സഹായമാണ് ഒരു വർഷമായി യുദ്ധം ചെയ്യാൻ യുക്രെയ്നെ പ്രാപ്തമാക്കിയതെന്നാണ് റിപ്പോർട്ട്. പങ്കെടുത്തവർക്കു മാത്രമല്ല, ലോകത്തിനാകെ തിരിച്ചടികൾ മാത്രം നൽകിയ ഈ യുദ്ധത്തിന്റെ ഗതി എങ്ങോട്ടാണെന്നാണ് ഇനി അറിയേണ്ടത്.

Advertisment