Advertisment

കോവിഡ് വാക്സിൻ നൽകിയ അമേരിക്കയിലെ ആദ്യ മലയാളി അസോസിയേഷനായി മാപ്പ്: അഭിനന്ദന പ്രവാഹവുമായി ഫിലാഡൽഫിയാ മലയാളികൾ

New Update

(റിപ്പോർട്ട്: രാജു ശങ്കരത്തിൽ, മാപ്പ് പി.ആർ.ഓ)

Advertisment

publive-image

ഫിലഡൽഫിയാ: ലോകത്തിന്റെ സർവ്വ നാശത്തിനും വഴിതെളിച്ച മഹാമാരിയായ കോവിഡിനെ ചെറുക്കാനുള്ള വാക്സിൻ കണ്ടുപിടിച്ചു അത് വിതരണത്തിന് എത്തി എന്ന വാർത്തയെ വളരെ സന്തോഷത്തോടെയാണ് മാനവരാശി എതിരേറ്റത്. എന്നാൽ പ്രായമായവരും ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുമായ പലർക്കും ഇതിനുവേണ്ടി ലിങ്ക് നോക്കുവാനോ , രജിസ്റ്റർ ചെയ്യുവാനോ , ദൂരെ സ്ഥലങ്ങളിൽ പോയി ക്യൂ നിൽക്കാനോ പോയ് വരാനോ കഴിയാത്ത അവസ്ഥയിൽ എന്തുചെയ്യണമെന്നറിയാതെ വിഷമത്തിലായിരുന്നപ്പോളാണ് ഒരു ദൈവദൂതന്റെ അരുളപ്പാടുപോലെ മാപ്പിൽ കോവിഡ് വാക്സിൻ കൊടുക്കുന്നു എന്ന വാർത്ത ഫിലാഡൽഫിയയിലെ ജനങ്ങൾ ശ്രവിച്ചത്. അങ്ങനെ മണിക്കൂറുകൾക്കകം അനുവദിച്ച രജിസ്ട്രേഷൻ ഫുള്ളായി.

publive-image

മാർച്ച് 27–ാം തീയതി ശനിയാഴ്ച രാവിലെ 9 മുതൽ 12 വരെ മാപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിസെൻററിൽ വച്ച് ആദ്യ ഫൈസർ വാക്സിനേഷൻ നൽകി. ഫിലാഡൽഫിയയിലും പരിസരപ്രദേശത്തുമുള്ള 65 വയസും അതിൽ കൂടുതലുമുള്ളവർക്കും ആരോഗ്യപ്രശ്നങ്ങളുള്ള 65 വയസ്സിന് താഴെയുള്ളവർക്കും ആയിരുന്നു വാക്സിൻ കൊടുത്തത്. രണ്ടാമത്തെ ഡോസ് ഏപ്രിൽ 17 ശനിയാഴ്ച നൽകും. അങ്ങനെ കോവിഡ് വാക്സിൻ നൽകുന്ന അമേരിക്കയിലെ ആദ്യ മലയാളി അസോസിയേഷനായി മാപ്പ് മാറി.

publive-image

മാപ്പ് പ്രസിഡന്റ് ശാലു പുന്നൂസ് , സെക്രട്ടറി ബിനു ജോസഫ്, ട്രഷറാർ ശ്രീജിത്ത് കോമത്ത് എന്നിവരുടെ ശക്തമായ നേതൃത്വത്തിൽ മാപ്പ് കമ്മറ്റിയുടെയും, മാപ്പ് കുടുംബാംഗങ്ങളുടെയും ഒത്തൊരുമയോടുകൂടിയുള്ള കൂട്ടായ പ്രവർത്തനങ്ങളുടെ വൻ വിജയമായിരുന്നു റൈറ്റ് എയ്‌ഡ്‌ ഫാർമസിയും മാപ്പുമായി കൈകോർത്ത് മാപ്പ് കെട്ടിട സമുച്ചയത്തിനുള്ളിൽ നടപ്പാക്കിയ ഫസ്റ്റ് ഡോസ് ഫൈസർ വാക്സിനേഷൻ ക്ലിനിക്.

publive-image

"മഹത്തായ കമ്മ്യൂണിറ്റി സേവനങ്ങളുടെ മാതൃകാ അസോസിയേഷൻ" എന്ന നിലയിൽ, ഈ കാമ്പെയ്ൻ ഒരു വലിയ വിജയമാക്കി മാറ്റിയതിന് റൈറ്റ് എയ്‌ഡ്‌ മേധാവികൾക്കും, അതിലെ ഫാർമസിസ്റ്റുകൾക്കും ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട അനു സ്കറിയായ്ക്കും, മറ്റ് സന്നദ്ധ പ്രവർത്തകർക്കും മാപ്പ് നന്ദി രേഖപ്പെടുത്തി.

publive-image

"പ്രായമായവരും ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുമായ ഞങ്ങൾക്ക്, ഞങ്ങളുടെ സ്വന്തം അയൽപക്കത്ത് ഇങ്ങനെയൊരു സൗകര്യം ഒരുക്കിത്തന്നതിന് മാപ്പിനോടും അതിലെ എല്ലാ പ്രവർത്തകരോടും തീർത്താൽ തീരാത്ത നന്ദിയും കടപ്പാടും എന്നും ഉണ്ടാവും" - അവിടെ വന്ന ഓരോരുത്തരും തിരികെ പോകുമ്പോൾ പ്രകടിപ്പിച്ച ഈ സന്തോഷ വചസ്സുകൾ കൂടുതൽ മികവാർന്ന പ്രവർത്തനങ്ങൾക്ക് ഞങ്ങളെ ശക്തരാക്കുന്നു എന്ന് മാപ്പ് നേതൃത്വം പറഞ്ഞു. ഇനിയും എന്നാണ് അടുത്ത ക്ലിനിക്ക് എന്ന് ചോദിച്ചുകൊണ്ട് നിരവധി ഫോൺ കോളുകളാണ് തങ്ങൾക്ക് ഓരോരുത്തർക്കും ദിനംപ്രതി വരുന്നത് എന്ന് മാപ്പ് പ്രസിഡന്റ് ശാലു പുന്നൂസ് , സെക്രട്ടറി ബിനു ജോസഫ്, ട്രഷറാർ ശ്രീജിത്ത് കോമത്ത് എന്നിവർ പറഞ്ഞു. അടുത്ത വാക്സിനേഷൻ ക്ലിനിക് നടപ്പാക്കുവാൻ ആലോചനയുള്ളതായും ഇവർ പറഞ്ഞു.

Advertisment