Advertisment

വിഷുവിനെ വരവേൽക്കാനായി നാടും നാട്ടാരും കുട്ടികളും: നാളെ കേരളത്തിൽ വിഷു

author-image
സത്യം ഡെസ്ക്
New Update
vishu

വേനലിനെ തരണം ചെയ്തുകൊണ്ട് കേരളത്തിലെ കാർഷികോത്സവത്തിനെ വരവേൽക്കാൻ ഒരുങ്ങി കേരളം.മലയാളികളുടെ കാർഷികോത്സവമായി മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. വിഷുക്കണി വെച്ചു പടക്കങ്ങൾ പൊട്ടിച്ചും വിഷുദിനം മലയാളികളുടെ ആഘോഷ ദിനം തന്നെയാണ്.

Advertisment

അടുത്ത ഒരു കൊല്ലത്തെ ഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ വിഷു ഫലത്തിലൂടെ ചിന്തിക്കുന്നു. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. വിഷുവിന്റെ ഒരു പ്രധാന ഭാഗമാണ് വിഷുക്കണി. വീടുകളിലും അമ്പലങ്ങളിലും വിഷുക്കണി ഒരുക്കി പുലർച്ചെ വിഷുക്കണി ദർശനം നടത്തി വരുന്നു.

ഈ വർഷം ഗുരുവായൂർ ക്ഷേത്രത്തിൽ പുലർച്ചെ 2.42 മുതൽ 3.42 വരെയും ശബരിമലയിൽ പുലർച്ചെ നാലുമണി മുതൽ ഏഴു മണിവരെയും വിഷുക്കണി ദർശനം ഉണ്ടാകും. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ, മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ്‌ പുലർച്ചെ വിഷുക്കണി കാണുക.ചിലയിടങ്ങളിൽ കുറിക്കൂട്ടും, ഗ്രന്ഥവും, വെള്ളിപ്പണം, ചക്ക, മാങ്ങ മുതലായവയും കണിക്ക് വെയ്ക്കാറുണ്ട്‌.

കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും,പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ്‌ പറയുന്നു.ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി പുറകിൽ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ്‌ കണികാണിക്കുന്നത്‌. കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്.മുഴുവനും സമ്പൽ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം നൽകുന്നത്.

പ്രായമായവർ പ്രായത്തിൽ കുറവുള്ളവർക്കാണ് സാധാരണ കൈനീട്ടം നൽകുന്നത് എങ്കിലും ചില സ്ഥലങ്ങളിൽ പ്രായം കുറഞ്ഞവർ മുതിർന്നവർക്കും കൈനീട്ടം നൽകാറുണ്ട്.

വിഷു വിഭവങ്ങളിൽ ചക്ക എരിശ്ശേരി, ചക്ക വറുത്തത് തുടങ്ങിയ വിഭവങ്ങൾ ഉണ്ടായിരിക്കും. എരിശ്ശേരിയിൽ ചക്കയുടെ എല്ലാ ഭാഗങ്ങളും ചേർത്തിരിക്കും. ഒരു മുഴുവൻ ചക്കച്ചുള, തൊലിയോട് കൂടിയ ചക്കക്കുരു, ചക്കയുടെ കൂഞ്ഞ് വിഷു പുറത്തേ മുള്ള് എന്നിവയും എരിശ്ശേരിയിൽ ചേർത്തിരിക്കും.

വള്ളുവനാട് പ്രദേശങ്ങളിൽ വിഷു ദിവസം കഞ്ഞി സദ്യയായിരിക്കും പ്രധാനം. വാഴപ്പോള വൃത്താകൃതിയിൽ ചുരുട്ടി അതിൽ വാഴയില വച്ച് പഴുത്ത പ്ലാവിലകൊണ്ടാണ് തേങ്ങ ചിരകിയിട്ട് കഞ്ഞി കുടിക്കുന്നത്. ഇതിനു കൂടെ കഴിക്കാൻ ചക്ക എരിശ്ശേരിയും ചക്ക വറുത്തതും ഉണ്ടായിരിക്കും.

കേരളത്തിലെ ചില ഭാഗങ്ങളിൽ ഓണസദ്യയുടേതു പോലെയുള്ള വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും.വിഷുവിനോട് അനുബന്ധിച്ച് അനവധി ആചാരങ്ങൾ കൃഷിയേ സംബന്ധിച്ച് നിലനിൽക്കുന്നു. ചാലിടീൽ കർമ്മം, കൈക്കോട്ടുചാൽ, വിഷുക്കരിക്കൽ, വിഷുവേല, വിഷുവെടുക്കൽ, പത്താമുദയം എന്നിവ വിഷുവിനോട് അനുബന്ധിച്ച് നടക്കുന്ന ആചാരങ്ങളാണ്.വിഷുഫലം പറയുന്ന രീതി പണ്ടുകാലത്ത് സാർവത്രികമായിരുന്നു.

പണിക്കർ (കണിയാൻ) വീടുകളിൽ വന്ന് വിഷുഫലം ഗണിച്ച് പറയുന്നരീതിയാണിത്. ആ വർഷത്തെ മഴയുടെ ഏറ്റക്കുറച്ചിലനുസരിച്ചുള്ള കണക്കാണത്. എത്ര പറ മഴ കിട്ടും, മഴ ഇടിമിന്നലോടു കൂടിയാവുമോ, കാറ്റുണ്ടാവുമോ എന്നൊക്കെ വായിച്ച് കേൾപ്പിക്കും.

വിഷു സംക്രാന്തി നാളിലാണ്‌ പണിക്കർ വരുന്നത്. അവർക്ക് ഇതിനായി ലഭിക്കുന്ന പ്രതിഫലത്തെ "യാവന" എന്നാണ് പറയുക.വിഷു ഫലം സൂര്യൻ മേട രാശിയിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു വർഷത്തെ ഗ്രഹങ്ങളുടെ ഗതിവിഗതികൾ അടിസ്ഥാനമാക്കി വിഷുഫലം പ്രവചിക്കുന്ന രീതി പുരാതന കാലം മുതൽ നില നിൽക്കുന്നു.

-രാഹുൽ രാമചന്ദ്രൻ തച്ചമ്പാറ 

Advertisment