Advertisment

ഇത് കേരളം കാത്തിരുന്ന വിജയം. കണ്ണിന് മുന്നിൽ നടന്ന യഥാർഥ സംഭവങ്ങൾ കേവലം അസത്യങ്ങളും കെട്ടിച്ചമച്ചതും ആണന്ന് അങ്ങേയറ്റം മ്ലേച്ഛമായ ഭാഷയിൽ അപഹസിച്ച്, എക്കാലവും ജനങ്ങളെ വിഡ്ഢികൾ ആക്കിക്കൊണ്ടിരുന്ന സിപിഎമ്മിന് ജനങ്ങൾ കൊടുത്ത കനത്ത തിരിച്ചടിയാണ് ചാണ്ടി ഉമ്മന്റെ കന്നി അങ്ക വിജയം

author-image
അഗ്നിഹോത്രി
New Update
chandy oommen vd satheesan oommen chandy

കോൺഗ്രസ്സ് ഉണർന്ന് സടകുടഞ്ഞ്  എഴുന്നേറ്റു. ആലസ്യം വെടിഞ്ഞ് പോർക്കളത്തിൽ ശത്രുവിനോട് യാതൊരു ദയാദാക്ഷിണ്യവും കാണിയ്ക്കാതെ പോരാടി. പുതുപ്പള്ളി നിയോജക മണ്ഡലം, കോൺഗ്രസ്സ് പാർട്ടിയെ സംബന്ധിച്ചിടത്തോളം പ്രീമിയം മണ്ഡലമാണ്, പ്രീമിയം വോട്ടുകളാണ്.

Advertisment

ഭരണവിരുദ്ധ വോട്ടുകൾ

അരനൂറ്റാണ്ടിലേറെ പ്രിയപ്പെട്ട അവരുടെ കുഞ്ഞൂഞ്ഞിന്റെ സ്നേഹവും കരുതലും തൊട്ടറിഞ്ഞ, കുഞ്ഞൂഞ്ഞിന്റെ പാദസ്പർശമേറ്റ രാഷ്ട്രീയ ഭൂമിക ആയിരുന്നുവല്ലോ പുതുപ്പള്ളി നിയോജക മണ്ഡലം. അതങ്ങനെ ചുമ്മാ വിട്ടുകളയാൻ അവർ തയ്യാറല്ല. എന്തിന് വിട്ടു കൊടുക്കണം എന്ന് അവർ ചോദിക്കുന്നു.

ഇടത്പക്ഷ സ്ഥാനാർത്ഥി ജയിച്ചാൽ സർക്കാരിന്റെ പ്രവർത്തനങ്ങളെ ജനങ്ങൾ അംഗീകരിച്ചു എന്ന് പറയും. പുത്തൻ പുതുപ്പള്ളി എന്ന് പറഞ്ഞ് വോട്ടർമാരുടെ കണ്ണിൽ പൊടിയിട്ട് ജയിച്ച്, മണ്ഡലം തട്ടിയെടുത്ത്, അഹങ്കരിച്ച്, മൂട്ടിലെ പൊടിയും തട്ടി പോകും.

പോയവഴി പുല്ലു പോലും കിളിർക്കില്ല എന്ന് നന്നായി അറിയാവുന്ന ജനങ്ങൾ അടിമുടി അഴിമതിയിലും സ്വജനപക്ഷപാതത്തിലും വളർന്ന് പന്തലിച്ച സിപിഎമ്മിനിട്ട്  സമ്മതിദാനമെന്ന ജനാധിപത്യ ചൂരല് കൊണ്ട് നല്ല പ്രഹരമാണ് കൊടുത്തത്.

puthuppally election campaign-6

ഉമ്മൻചാണ്ടിയോടുള്ള വൈകാരികമായ അടുപ്പത്തിന്റെ ഭാഗമായ സഹതാപതരംഗം ആണ് ചാണ്ടി ഉമ്മന്റെ വിജയകാരണം എന്ന് ആക്ഷേപം ഉയർന്നിരുന്നു. അരനൂറ്റാണ്ടിലേറെ, കൃത്യമായി പറഞ്ഞാൽ അമ്പത്തിമൂന്ന് വർഷം തുടർച്ചയായി ഒരു നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഒരാളെ തന്നെ ജനപ്രതിനിധി ആയി തിരഞ്ഞെടുക്കണം എങ്കിൽ ആ ജനപ്രതിനിധി കാര്യപ്രാപ്തി ഉള്ളവനും വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ആളും ആയിരുന്നിരിക്കണം. ആർക്ക് വേണമെങ്കിലും മുൻകൂർ അനുവാദമില്ലാതെ, ശുപാർശകൾ ഇല്ലാതെ ഏത് നട്ടപ്പാതിരയ്ക്കും സമീപിയ്ക്കാനും അവരുടെ ആവശ്യങ്ങൾക്ക് സമാധാനം ഉണ്ടാക്കി കൊടുക്കുന്നവനും ആയിരുന്നിരിയ്ക്കണം.

അദ്ദേഹത്തിന്റെ രക്തത്തിൽ പിറന്ന ചാണ്ടി ഉമ്മനും, ഉമ്മൻചാണ്ടിയുടെ ഗുണഗണങ്ങൾ ഉണ്ടാകും എന്ന ഉത്തമ ബോദ്ധ്യമാണ് ജനങ്ങൾ അവരുടെ ഇഷ്ടം ചാണ്ടി ഉമ്മന് വോട്ടായി നൽകിയത്.

ഇടത്പക്ഷ സർക്കാരിന്റെ വികസന നയങ്ങളെത്തന്നെ മുന്നിൽ നിർത്തി തിരഞ്ഞെടുപ്പിനെ വരവേറ്റത് പുതുപ്പള്ളിയിലെ വോട്ടർമാർ ആയിരുന്നു. അടുക്കളയിലേക്ക് പാചകവാതകക്കുഴലുകൾ എത്തിയ്ക്കുന്ന ഗെയിൽ പൈപ്പുകൾക്കെതിരെ സമരം നടത്തിയത് സിപിഎം ആയിരുന്നുവല്ലോ. അതേസമയം ഗെയിൽ പൈപ്പുകൾ സ്ഥാപിച്ചതിന് പിന്നിൽ സിപിഎം ആണെന്ന അവരുടെ അവകാശവാദത്തെ, ഇരട്ടത്താപ്പിനെ ജനങ്ങൾ തിരിച്ചറിയുന്നു. ഇതുപോലെ നൂറുകണക്കിന് ജനവിരുദ്ധ നയങ്ങൾ സർക്കാറും പാർട്ടിയും ചെയ്തത് ജനങ്ങൾ കണ്ടു.

സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾ ആസൂത്രിതമായി കൈക്കലാക്കി ബാങ്കിലെ നിക്ഷേപകരെ വഴിയാധാരമാക്കുന്നതും ജനങ്ങൾ ചർച്ച ചെയ്തു.

ധിക്കാരരാഷ്ട്രീയത്തിനും അക്രമരാഷ്ട്രീയത്തിനും എതിരെ

puthuppally election campaign-5

രാജ്യത്തെ സകല കാര്യങ്ങളും വിവേചനബുദ്ധിയോടെ നോക്കികാണുന്ന, ജനാധിപത്യത്തിൽ വിശ്വസിക്കുന്ന കേരളജനത പുതുപ്പള്ളിയിലെ അത്യുജ്ജ്വല വിജയം നെഞ്ചോട് ചേർത്തു പിടിച്ച് ആശ്വസിച്ചു.

സമാധാനത്തോടെയും പരസ്പര സൗഹൃദത്തൊടെയും കഴിഞ്ഞു പോന്ന കൊച്ചു കേരളത്തിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥ സംജാതമാക്കിയതിന് ജനങ്ങൾ അവരുടെ പരമാധികാരം പ്രയോഗിച്ചു.

ഉമ്മൻചാണ്ടിയുടെ നെഞ്ചിന് നേരേ എറിഞ്ഞ കരിങ്കല്ല് ഇപ്പോഴും കേരളജനതയുടെ, പുതുപ്പള്ളിയിലെ ജനങ്ങളുടെ മനസ്സിൽ മായാതെ കിടപ്പുണ്ട്. വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന തങ്ങളുടെ കുഞ്ഞൂഞ്ഞിനെ, ഒരു സ്ത്രീയെ മുന്നിൽ നിർത്തി ആക്ഷേപിച്ച് മാനംകെടുത്തിയതും അദ്ദേഹത്തിന്റെ പെൺമക്കളെയും ഭാര്യയെയും മകനെയും, മദ്യപൻമാർ പോലും പറയാത്ത തരത്തിൽ ഉള്ള വാക്കുകൾ കൊണ്ട് അധിക്ഷേപിച്ചതും വോട്ടർമാർ മറന്നില്ല.

ഉമ്മൻചാണ്ടിയുടെ മരണാനന്തരവും അദ്ദേഹത്തെയും കുടുംബത്തെയും വെറുതെ വിടാതിരുന്ന വിടുവായൻമാരെ മണ്ഡലത്തിന് പുറത്തേയ്ക്ക് ആട്ടിപ്പായിച്ചു അവരുടെ വിരൽത്തുമ്പുകൾ. കേവലം ഒരു വിരൽത്തുമ്പിൽ പൊലിഞ്ഞുപോകാവുന്നതേയുള്ളൂ ധിക്കാര രാഷ്ട്രീയം എന്ന ഒരോർമ്മപ്പെടുത്തലുമായി ചാണ്ടി ഉമ്മന്റെ കന്നി അങ്ക വിജയം.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇടത് കൈയ്യിലെ ചുണ്ടുവിരലിൽ പുരട്ടിയ കരിനീല മഷിയിൽ നിന്ന് ആവാഹിച്ചെടുത്ത ജനാധിപത്യ അധികാരം ചുണ്ടുവിരൽ തുമ്പിൽ ഏകോപിപ്പിച്ച് കൊണ്ട് ഇടത്പക്ഷ ധിക്കാര രാഷ്ട്രീയത്തെ പുതുപ്പള്ളിയിൽ കുത്തി മലർത്തി. അത്രമാത്രം ജനങ്ങൾ ഇടത്പക്ഷ ഭരണത്തെ വെറുത്തു.

puthuppally election campaign

സാധാരണക്കാരന്റെ അടുക്കളയിലും കിടപ്പ്മുറിയിലും ആകെയുള്ള ഇത്തിരിപ്പോന്ന സ്ഥലത്തും "കെ റെയിലി"ന്റെ മഞ്ഞക്കുറ്റികൾ കൂകിപ്പാഞ്ഞ് എത്തിയപ്പോൾ, അതിനെ പ്രതിരോധിയ്ക്കാൻ ഇറങ്ങിയ പാവപ്പെട്ട ജനങ്ങളെ, കിങ്കരൻമാരുടെ ബൂട്ടിട്ട കാല് കൊണ്ട് പുറത്ത് ആഞ്ഞ് ചവിട്ടി തെറിപ്പിച്ചതും സ്ത്രീകളെയും കുട്ടികളെയും വലിച്ചെറിഞ്ഞതും വോട്ടർമാർ പോളിംഗ് ബൂത്തിൽ എത്തിയപ്പോൾ മറന്നില്ല.

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങളിലെ അകമ്പടിക്കാർ, മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച് പ്രതിഷേധിയ്ക്കുന്ന ജനങ്ങളുടെ നേർക്ക് വാഹനത്തിന്റെ വാതിൽ തുറന്നു പിടിച്ച് വലിയ ചൂരല് കൊണ്ട് അടിയ്ക്കുന്നതും ആ വാഹനങ്ങൾ കൊണ്ട് പ്രതിഷേധക്കാരെ ഇടിച്ചിടാൻ ശ്രമിച്ചതും വോട്ടർമാർ പോളിംഗ് ബൂത്തിൽ എത്തിയപ്പോൾ ഓർമ്മിച്ചിട്ടുണ്ടാകും.

ഇന്ത്യയെപ്പോലുള്ള ജനാധിപത്യ രാജ്യത്തെ, ഒരു കൊച്ചു സംസ്ഥാനത്ത് കമ്യൂണിസ്റ്റ് ഏകാധിപത്യത്തിന് സാദ്ധ്യത തിരയുന്ന മണ്ടത്തരത്തെ ജനം ഒറ്റക്കെട്ടായി നേരിടും എന്ന് മനസ്സിലാക്കേണ്ടവർക്ക് മനസ്സിലാക്കി കൊടുത്തു പുതുപ്പള്ളിക്കാർ.

ജനങ്ങളുടെ സമാധാനവും സന്തോഷവും നഷ്ടപ്പെട്ടെന്ന് അവർ തുറന്നു പറയുന്നു. പുറത്തിറങ്ങിയാൽ സുരക്ഷിതരായി തിരിച്ചു വരുന്നത് ഭാഗ്യം കൊണ്ടാണ് എന്ന് ജനങ്ങൾ തമ്മിൽ തമ്മിൽ പറയുമ്പോൾ തകർന്നടിഞ്ഞ ക്രമസമാധാന പാലനം കാര്യക്ഷമമല്ല എന്നതിന് അടിവരയിടുന്നതായിരുന്നു പുതുപ്പള്ളിയിലെ ജനവിധി. പോലീസുകാര് പോലും സാമൂഹ്യവിരുദ്ധരുടെ അക്രമത്തിന് വിധേയമാകുമ്പോൾ സാധാരണക്കാരായ പൗരൻമാരുടെ കാര്യം എന്താകുമെന്ന്  ഓർത്ത് ജനം ഭയപ്പെടുന്നു.

ഭരണ ദുഷ്പ്രഭുക്കൾക്കെതിരെ

puthuppally election campaign vd

ജനവിരുദ്ധ ഭരണത്തിന് എതിരായ വിധി, തൃക്കാക്കരയിൽ നിന്ന് ആരംഭിച്ച്, പുതുപ്പളള്ളിയിലൂടെ ആവർത്തിച്ച് കേരളം ഒട്ടാകെ ആഞ്ഞടിച്ച് ഭരണദുഷ്പ്രഭുക്കളെ അധികാരഭ്രഷ്ടരാക്കുമെന്ന് ജനം ഒറ്റക്കെട്ടായി നിശ്ചയിച്ചുകഴിഞ്ഞു. ഇനി വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിന് ജനം കാത്തിരിയ്ക്കുകയാണ്.

ഒടുവിൽ, പുതുപ്പള്ളിയിലെ പാവപ്പെട്ട സതിയമ്മയുടെ ജോലി തെറിപ്പിച്ചതും അവർക്കെതിരെ കേസ് കൊടുത്തതും സർക്കാരിന്റെ സാധാരണക്കാരനോടുള്ള മനോഭാവവും അസഹിഷ്ണുതയും എന്താണന്ന് പിന്നെയും വ്യക്തമാക്കി. ജനങ്ങൾക്ക് സഹിയ്ക്കാവുന്നതിനും അപ്പുറമായിരുന്ന ഈ പ്രതികാരനടപടിയും പുതുപ്പള്ളിയിലെ വോട്ടർമാർ ഓർത്തിട്ടുണ്ടാകും.

നെൽ കർഷകരെ ദുരിതത്തിലാക്കിയ, സംഭരിച്ച നെല്ലിന് വില കൊടുക്കാത്തതും, റബ്ബർ കർഷകർക്ക് റബ്ബറിന് കിലോയ്ക്ക് ഇരുനൂറ്റമ്പത് രൂപ നൽകുമെന്ന് പറഞ്ഞു പറ്റിച്ചതും, കേരകർഷകരെ അവഗണിയ്ക്കുന്നതും തുടങ്ങി കാർഷിക മേഖലയിലെ കർഷകന്റെ വിലാപങ്ങൾ അടങ്ങാത്തത് ജനങ്ങൾ കാണുന്നുണ്ടായിരുന്നു.

പെട്രോൾ സെസ്സും അത് ഉണ്ടാക്കിയ വിലക്കയറ്റത്തിന് മുകളിൽ വിലക്കയറ്റവും, കെഎസ്ആർടിസി ജീവനക്കാരുടെയും പെൻഷൻ കാരുടെയും ശമ്പളവും പെൻഷനും മാസങ്ങളായി മുടങ്ങിയതും, ക്ഷേമ പെൻഷനുകൾ മുടക്കിയതും, വൈദ്യുതി നിരക്ക് വർദ്ധനവും എല്ലാം ജനങ്ങൾ കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും സഹിയ്ക്കുകയായിരുന്നു.

ഇ. ചന്ദ്രശേഖരൻ നായർ എന്ന സിപിഐ യുടെ ജനകീയ മുഖമായിരുന്ന ഭക്ഷ്യ വകുപ്പ് മന്ത്രി കൊണ്ടുവന്ന മാവേലി സ്റ്റോറുകൾ  സാധാരണക്കാരന്റെ അടുക്കളയെ ഭക്ഷണസമൃദ്ധം ആക്കിയിരുന്നു. എന്നാൽ ഇത്തവണത്തെ ഓണത്തിന് മാസങ്ങൾക്ക് മുമ്പേ സപ്ലെകോയുടെ ഷെൽഫുകൾ ഒഴിച്ചിട്ടത് ആരെയൊക്കെയോ സഹായിയ്ക്കാൻ ആയിരുന്നു എന്ന് ചിന്തിയ്ക്കാൻ വോട്ടർമാരുടെ ബുദ്ധി കുറഞ്ഞിരുന്നില്ല.

റേഷൻ കടയിൽ വരുത്തിയ ഭരണപരിഷ്ക്കാരങ്ങൾ "റേഷൻകടമുതലാളി" എന്ന "പാവം ബൂർഷ്വാ" മാരുടെ അടിത്തറയിളക്കി. റേഷൻ വിതരണം കുറ്റമറ്റതാക്കാൻ കൊണ്ടുവന്ന ഇ പോസ് ഉപകരണത്തിനിട്ടും സെർവറിനും "പണികൊടുത്തത്" പാവപ്പെട്ടവന്റെ, സാധാരണക്കാരന്റെ അരച്ചാൺ വയറിനിട്ടായിരുന്നു. റേഷൻ കിട്ടാതെ നിസ്സഹായനായി മടങ്ങുന്നവരുടെ ദയനീയ മുഖം പോളിംഗ് ബൂത്തിലെ ഇ വി എം മെഷീനിൽ തെളിഞ്ഞു വരാതിരിയ്ക്കുമോ.?

കോൺഗ്രസ്സ് പാർട്ടിയുടെ അസുയാവഹമായ തിരിച്ചു വരവ്

puthuppally election campaign-4

ഉമ്മൻചാണ്ടിയുടെ ആകസ്മികമായ നിര്യാണവും അതുണ്ടാക്കിയ വേദനയും മാറുന്നതിന് മുൻപേ പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പ്,  കോൺഗ്രസ്സ് നേതൃത്വത്തിനും യുഡിഎഫ് നും മുന്നിൽ വലിയ വെല്ലുവിളി ആയിരുന്നു. സ്ഥാനാർത്ഥിയുടെ കാര്യത്തിൽ രണ്ടാമത് ആലോചിയ്ക്കാൻ ഒന്നും ഇല്ലായിരുന്നു. പുതുപ്പള്ളിയിലെ ജനങ്ങൾ ആഗ്രഹിച്ചതും ഉമ്മൻചാണ്ടിയുടെ മകനെ തന്നെയായിരുന്നു.

തിരഞ്ഞെടുപ്പ് കുറ്റമറ്റതായി ഏകോപിപ്പിയ്ക്കാൻ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഉൾപ്പെടെയുള്ള യുഡിഎഫ് നേതൃത്വത്തിന് കഴിഞ്ഞത് യുഡിഎഫ് സ്ഥാനാർത്ഥിയുടെ പുതുപ്പള്ളിയിലെ അഭിമാനകരമായ വിജയത്തിന് കാരണമായി. കോൺഗ്രസ്സ് നിവർന്ന് നിന്നപ്പോൾ പ്രവർത്തകരും യുഡിഎഫും, അണികളും ഊർജ്ജ്വസ്വലരായി.

പലപ്പോഴും, പലപലകാരണങ്ങളാൽ കോൺഗ്രസ്സ് പാർട്ടിയിൽ നിന്നും അകന്നു പോയവർ തിരഞ്ഞെടുപ്പ് യുദ്ധത്തിൽ പങ്കാളികളാകാൻ സർവ്വസന്നാഹങ്ങളോടെ വർദ്ധിതവീര്യത്തോടെ തിരിച്ചു വരുന്ന ആഹ്ലാദപരമായ കാഴ്ചയാണ് കോൺഗ്രസ്സ് നേതൃത്വം കണ്ടത്.

കോൺഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇത്രയും കൃത്യമായ പ്രവർത്തനം മുമ്പ് ഉണ്ടായിട്ടില്ല. ഭൂരിപക്ഷം അമ്പതിനായിരത്തിൽ എത്തിയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പാർട്ടി പ്രവർത്തിച്ചത്. ബൂത്ത് അദ്ധ്യക്ഷൻ മുതൽ കെപിസിസി അധ്യക്ഷൻ വരെ ഒരേമനസ്സോടെ പ്രവർത്തിച്ചു. സംസ്ഥാന ഭാരവാഹികൾ, ജില്ലാ ഭാരവാഹികൾ, മഹിളാ കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ്, കെഎസ്‌യു, ഐഎൻടിയുസി തുടങ്ങിയ പോഷകസംഘടനകളിലെ നേതാക്കൾ തുടങ്ങി എല്ലാ വിഭാഗങ്ങളും ഒന്നിച്ചു.

കൂടാതെ,ഘടകകക്ഷി നേതാക്കളും പ്രവർത്തകരും പുതുപ്പള്ളിയിലേയ്ക്ക് ഒഴുകി. വീടുവീടാന്തരം കോൺഗ്രസ്സ് പ്രവർത്തകരോടൊപ്പം കയറി. ഒരിയ്ക്കലല്ല, പലതവണ. കോൺഗ്രസ്സ് അക്ഷരാർത്ഥത്തിൽ പുതുപ്പള്ളിയിലേയ്ക്ക് ഒഴുകി എത്തുകയായിരുന്നു.

വീട്ടുമുറ്റത്തെ കോൺഗ്രസ്സ് സമ്മേളനങ്ങൾ

kudumba sangamam-2

മണ്ഡലത്തിലെ വീടുകളുടെ മുറ്റം അനേക തവണ കോൺഗ്രസ്സിന്റെ സമ്മേളന വേദിയായി. കോൺഗ്രസ്സിന്റെ, ഘടകകക്ഷികളുടെ, നേതാക്കളെ പ്രവർത്തകർ അടുത്ത് കണ്ടു, അടുത്തറിഞ്ഞു. ആവേശഭരിതരായ കോൺഗ്രസ്സ് പ്രവർത്തകരും അനുഭാവികളും ഹൗസ് മീറ്റിംഗുകളിൽ നിറഞ്ഞു. ഹൗസ് മീറ്റിംഗുകളിലെ യുവതികളും കുടുംബിനികളും അമ്മമാരും ഉൾപ്പെടെയുള്ള വമ്പിച്ച വനിതാ പ്രാതിനിധ്യം, അടുക്കളയിലെയും ഊണുമുറിയിലെയും ഇല്ലായ്മകളുടെയും ഞെരുക്കങ്ങളുടെയും വെട്ടിച്ചുരുക്കലുകളുടെയും ബഹിർസ്ഫുരണങ്ങളായി.

ഇല്ലായ്മകളിലും വല്ലായ്മകളിലും മക്കളെ കഷ്ടപ്പെട്ട് പഠിപ്പിച്ച കേരളത്തിലെ ഓരോ മാതാപിതാക്കളെയും വേദനിപ്പിച്ചു, സർക്കാരിന്റെ ഇഷ്ടജനങ്ങളുടെ മാത്രം ജോലിയിലേയ്ക്കുള്ള പിൻവാതിലിലൂടെയുള്ള നിയമനം.

ഉറക്കമിളച്ച് പഠിച്ച് നേടിയ ബിരുദവും ബിരുദാനന്തര ബിരുദവും, സാങ്കേതിക വിദ്യയും, വ്യാജബിരുദത്തിനും വ്യാജ  ഡോക്ടറേറ്റുകൾക്കും മുന്നിൽ അപ്രസക്തമാകുന്ന ദയനീയ കാഴ്ച കേരളം കണ്ടു. ആരോട് പരാതിപ്പെടണം, ആരാണ് സഹായിയ്ക്കാൻ ഉണ്ടാകുന്നത് എന്നറിയാതെ ഉദ്യോഗാർഥികൾ നട്ടം തിരിഞ്ഞു.

കാർഷിക മേഖലയിലെ ദുരിതങ്ങൾക്കെതിരെ

karshika mekhala

കേരളത്തിലെ കാർഷിക മേഖലയിലെ കർഷകന്റെ വിലാപങ്ങൾ കേൾക്കാതെ ഡൽഹിയിലെ കർഷകസമരത്തിലേയ്ക്ക് ട്രാക്ടർ ഓടിച്ച് കയറ്റി കർഷക സമരത്തെ ആളിക്കത്തിച്ചത് ജനങ്ങൾ അത്രവേഗം മറക്കില്ല.

നെൽ കർഷകർ, റബ്ബർ കർഷകർ, നാളികേര കർഷകർ തുടങ്ങി കാർഷിക വരുമാനത്തെ ആശ്രയിച്ച് കുടുംബം പുലർത്തുന്ന കേരളത്തിലെ കർഷകരുടെ ദുരിതങ്ങൾ സർക്കാരിനെ ബാധിയ്ക്കുന്നില്ല.

കടമെടുത്ത് കടക്കെണിയിലായ നെൽകർഷകരെ സഹായിയ്ക്കാനെന്ന മട്ടിൽ, പിന്നെയും വഞ്ചിയ്ക്കാനായി ഒരു സംഘടന ഇക്കഴിഞ്ഞ ജൂലായ് മാസത്തിൽ സപ്ലൈകോയിലേയ്ക്ക് മാർച്ച് ചെയ്തു. നെല്ല് സംഭരണം കേരളാ ബാങ്കിനെ ഏൽപിയ്ക്കുക എന്നതായിരുന്നു മുദ്രാവാക്യം. നാഫെഡിന്റെ ഓഫീസിലേക്ക് കേരകർഷകരെ ഉദ്ധരിയ്ക്കാനായി വേറൊരു മാർച്ചും.

സെപ്റ്റംബർ പതിനാലിന് റബ്ബർ കർഷകരെ രക്ഷിക്കാൻ കേന്ദ്രസർക്കാർ റബ്ബറിന്റെ തറവില മുന്നൂറ് രൂപയാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മറ്റൊരു മാർച്ചും നടക്കും. സംസ്ഥാന സർക്കാരിന് കർഷകർക്ക് വേണ്ടി ചെയ്യാവുന്ന, ആശ്വാസം പകരുന്ന നടപടികൾ വേണമെങ്കിൽ എടുക്കാം. അത് സർക്കാരിനെ കൊണ്ട് ഈ സംഘടനകൾക്ക് ചെയ്യിയ്ക്കാൻ സാധിച്ചില്ലെങ്കിൽ സംഘടന കൊണ്ട് എന്ത് പ്രയോജനം.

സമൂഹ മാദ്ധ്യമങ്ങൾ ഒപ്പിയെടുക്കുന്ന നേർക്കാഴ്ചകൾക്ക് മുന്നിൽ ഇനി അധിക കാലം ന്യായീകരിച്ച് നിൽക്കാൻ സർക്കാരിനും പാർട്ടിക്കും കഴിയുമെന്ന് തോന്നുന്നില്ല. സമൂഹ മാദ്ധ്യമങ്ങൾ സർക്കാരിന്റെ സ്വൈര്യം കെടുത്തുന്നുണ്ട്. മാദ്ധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ ഒരു ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഷാജൻ സ്കറിയയെപ്പോലെ ജനങ്ങൾക്ക് വേണ്ടി പ്രതികരിച്ച മാദ്ധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തത് ജനങ്ങളുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കി. മാദ്ധ്യമ സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും വേണ്ടി സമരകോലാഹലങ്ങൾ ഉണ്ടാക്കിയതൊക്കെ മറ്റെല്ലാ സമരമുറകളെപ്പോലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കൂടെ നിർത്താനുള്ള അടവ് നയമായിരുന്നു എന്ന് വോട്ടർമാർ നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു.

കോൺഗ്രസ്സ് പാർട്ടിയെ ജനങ്ങൾ വിശ്വാസത്തിൽ എടുത്തു എന്നതിന് തെളിവായിരുന്നു തൃക്കാക്കരയ്ക്ക് പിന്നാലെ പുതുപ്പള്ളിയുടെ വിജയവും. ത്രിതല പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പ് മുതൽ നിയമസഭ, പാർലമെന്റ് തെരഞ്ഞെടുപ്പിൽ വരെ ജനങ്ങൾ എന്നും കോൺഗ്രസ്സിനോടും യുഡിഎഫിനോടും ആഭിമുഖ്യം പുലർത്തണമെങ്കിൽ കോൺഗ്രസ്സ് സജീവമായി രംഗത്തുണ്ടാവണം. ജനങ്ങൾ നിങ്ങളെ ഉറ്റുനോക്കുന്നുണ്ട്, സഹായത്തിനായി, സമാധാനജീവിതത്തിനായി.

Advertisment