Advertisment

വിളക്ക് മാത്രമല്ല പൂവ്, ചന്ദനം, പ്രസാദം എന്നിവയൊക്കെ സാധാരണയായി ക്ഷേത്രങ്ങളില്‍ പൂജാരിമാര്‍ നല്‍കുന്നത് ആരെയും തൊടാതെ തന്നെയാണ്. അത് പണ്ടെങ്ങോ എഴുതപ്പെട്ട ആചാരങ്ങളുടെ ഭാഗം മാത്രമാണ്. അത് ശരിയോ തെറ്റോ എന്നതവിടെ നില്‍ക്കട്ടെ. ഇതൊക്കെ അറിയാത്ത ആളാണോ ദേവസ്വം മന്ത്രി. യഥാര്‍ഥത്തില്‍ മന്ത്രിയെ ആക്ഷേപിച്ചത് ആ പൂജാരിയല്ല സിപിഎം ആണ്. 23 വര്‍ഷം എംഎല്‍എ ആയിരുന്ന രാധാകൃഷ്ണനെ ഈ ദുര്‍ബല വകുപ്പുകള്‍ നല്‍കി മൂലയ്ക്കിരുത്തിയത് അധിക്ഷേപമല്ലേ - പ്രതികരണത്തില്‍ മോജു മോഹന്‍

author-image
സത്യം ഡെസ്ക്
New Update
k radhakrishnan

കെ. രാധാകൃഷ്ണന് നേരെ ജാതി അതിക്ഷേപം നടന്നു എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ജാതി, മതം എന്നിവയെ പരസ്യമായി എതിർക്കാറുണ്ടെങ്കിലും അതിനെ പറ്റി സംസാരിക്കാൻ താപര്യമില്ലെങ്കിലും ഇത് കേട്ടപ്പോൾ വളരെ വിരോധാഭാസമായിട്ടാണ് തോന്നിയത്.

Advertisment

ഓർമ വെച്ച നാള് മുതൽ അമ്പലങ്ങളിൽ പോകുമ്പോൾ കാണുന്ന കാഴ്ചയാണ് പൂജ കർമങ്ങൾ ചെയ്യുന്ന പൂജാരിമാർ ആരെയും തൊടാതിരിക്കാൻ ശ്രദ്ധിക്കുന്നത്. വേണ്ടത്ര ജ്ഞാനം ഇല്ലാത്ത കാലത്ത് അത് ദൈവഹിതമാണെന്നൊക്കെ വിശ്വസിച്ചിരുന്നു. എന്നാൽ പിന്നീട് അതെല്ലാം പണ്ടെങ്ങോ എഴുതപ്പെട്ട ആചാരങ്ങളുടെ ഭാഗം മാത്രമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.

ഇവിടെ കെ രാധാകൃഷ്ണൻ എന്ന മന്ത്രിക്ക് മാത്രമല്ല കാലങ്ങളായി കേരളത്തിലെ ഹൈന്ദവ വിശ്വാസികൾ എല്ലാം നേരിടുന്ന ഒരു വിഷയമാണ് ഇത്. ഇത് നേരിടാൻ തയ്യാറായിട്ട് തന്നെയാണ് ഭൂരിഭാഗം വിശ്വാസികളും അമ്പലത്തിൽ പോകുന്നത്. ഇതേ അവസ്ഥ മറ്റുള്ളവർക്ക് ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുമ്പോഴും, കെ രാധാകൃഷ്ണന് നേരെയാകുമ്പോൾ അത് മന്ത്രി എന്ന പ്രിവിലേജ് കൊണ്ടാണോ ജാതി അധിക്ഷേപമായി തോന്നിയത് എന്ന് സംശയം ഉളവാക്കുന്നു.

വിളക്ക് മാത്രമല്ല, പൂവ്, ചന്ദനം, പ്രസാദം എന്നൊക്കെ സാധാരണ ക്ഷേത്രങ്ങളിൽ നിന്ന് പൂജാരിമാർ നൽകുന്നത് തൊടാതെ തന്നെയാണ്. അയ്യപ്പ ക്ഷേത്രങ്ങൾ പോലെ ചില ക്ഷേത്രങ്ങളിലാണ് അതല്ലാത്ത ആചാരം കണ്ടിട്ടുള്ളത്. മാത്രമല്ല പല ക്ഷേത്രങ്ങളിലും ചന്ദനം എറിഞ്ഞാന് നൽകാറുള്ളത് എന്നുള്ളത് കൊണ്ട് തന്നെ അത് വാങ്ങാറില്ല.

ഒരു മാസം മുൻപ് നടന്ന വിവാദം ഇപ്പോൾ മന്ത്രിക്ക് ഓർമ വരുന്നു, തന്ത്രിമാർക്കെതിരെ കേസ് എടുക്കുന്നു, വാർത്തകളിൽ നിറയുന്നു എന്നുള്ളത് വളരെ വിചിത്രമായി തോന്നുന്നു. താൻ ഉൾപ്പെടുന്ന കമ്മ്യൂണിസ്റ്റ് കാർക്ക് ജാതിയും മതവുമില്ലെന്നാണ് മന്ത്രിയുടെ വാദം. എന്നാൽ ഹിന്ദു മതത്തിലെ എസ് സി സംവരണം എന്ന ആനുകൂല്യം ഉപയോഗിച്ചാണ് കെ രാധാകൃഷ്ണൻ എന്ന ഇന്നത്തെ മന്ത്രി ആദ്യമായി എംഎൽഎ ആകുന്നത്, ആദ്യമായി മന്ത്രിയാകുന്നത്, കേരള നിയമസഭയുടെ സ്പീക്കർ ആകുന്നത്, ദേവസ്വം വകുപ്പ് മന്ത്രിയാകുന്നത്. ഇക്കാലമത്രയും മന്ത്രിയായി തുടർന്നത്. അപ്പോഴൊന്നും ഇല്ലാത്ത മത ചിന്തയാണ് പെട്ടെന്ന് ഉണർന്നത്.

യഥാർത്ഥത്തിൽ കെ രാധാകൃഷ്ണനെ അതിക്ഷേപിച്ചത് സിപിഎം ആണ്. ഇത്ര സീനിയർ ആയ ഒരു വ്യക്തിക്ക് കേരളത്തിലെ രണ്ട് ദുർബല വകുപ്പുകൾ നൽകി ഇരുത്തിയിടത്താണ് ആദ്യ അധിക്ഷേപം തുടങ്ങിയത്. ദേവസ്വം വകുപ്പ് ക്ഷേത്രങ്ങളെയും വിശ്വാസികളെയും സംബന്ധിച്ചുള്ളതാണെന്നും, ആചാര സംരക്ഷണം ആ വകുപ്പിന്റെ ചുമതലയാണെന്നും അറിഞ്ഞു കൊണ്ട് തന്നെയാണ് കെ രാധാകൃഷ്ണൻ ആ ചുമതല ഏറ്റെടുക്കുന്നത്.

സ്വഭാവികമായിട്ടും പൂജാരിമാർ ഡ്യൂട്ടി സമയത്ത് മറ്റു ആളുകളെ തൊടാറില്ല എന്നത് കാലങ്ങളായി ഈ നാട്ടിൽ നിലനിൽക്കുന്ന ഒരു ആചാരമാണ്. അത് തെറ്റോ ശരിയോ എന്നുള്ളതൊക്കെ അവിടെ നിക്കട്ടെ. പക്ഷെ ഇതൊക്കെ അറിയാത്ത, അല്ലെങ്കിൽ അംഗീകരിക്കാത്ത ഒരാളെങ്ങനെ ദേവസ്വം എന്നൊരു വകുപ്പ് ഭരിക്കും ?

എന്റെ അറിവിൽ 90% ത്തിൽ അധികം നമ്പൂതിരി വിഭാഗത്തിൽ പെട്ടവരും ഈഎംഎസിന്‍റെ പാത പിന്തുടർന്ന കമ്മ്യൂണിസ്റ്റുകാരനാണ്. അതിൽ ഭൂരിഭാഗവും പ്രാരാബ്ദക്കാരുമാണ്. അത്താഴ പട്ടിണിയില്ല എങ്കിലും അതിലും മോശമായ അവസ്ഥയിലുള്ളവരും ഇന്ന് നമുക്കിടയിലുണ്ട്. കേരളത്തിലെ മുഴുവൻ വിശ്വാസികളും അനുഷ്ഠിക്കുന്ന ഒരു ആചാരം ദേവവസം മന്ത്രിക്ക് അധിക്ഷേപമായി തോന്നുകയും കേസ് എടുക്കുകയും ഒക്കെ ചെയ്യുന്നത് വളരെ വിചിത്രമായി തോന്നുന്നു.

ആദ്യം നമുക്കിടയിൽ നിന്ന് ഇത്തരം ദുരചാരങ്ങൾ എടുത്ത് മാറ്റപ്പെടട്ടെ, എന്നിട്ട് എനിക്കും നിനക്കും മന്ത്രിക്കും എല്ലാം ഒരേ ആചാരങ്ങൾ അനുഷ്ഠിക്കാനുള്ള അവസരം വരട്ടെ, എന്നിട്ടാണ് മന്ത്രിക്ക് നേരെ ഇത്തരത്തിൽ ഒരു ദുരനുഭവം ഉണ്ടായതെങ്കിൽ ആ പറയുന്നത് ന്യായം. ഒരേ സമയം, ആചാരങ്ങൾക്കെതിരെയും ആചാര സംരക്ഷകർക്കൊപ്പവും നിന്ന് വിശ്വാസികളെ വഞ്ചിക്കുന്ന നയങ്ങളോട് യോജിപ്പില്ല.

ഇവിടെ നടന്നത് ജാതി അതിക്ഷേപമായി തോന്നുന്നില്ല, ക്ഷേത്രത്തിലെ ഒരു ആചാരം അവിടെ പാലിച്ചു, മാത്രമല്ല ഇത്ര കാലം കഴിഞ്ഞ് ഇപ്പോൾ ഇത് വിവാദമായതിന് പിന്നിലും മറ്റെന്തോ മറക്കാനുള്ള ശ്രമമാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചാലും കുറ്റം പറയാൻ കഴിയില്ല.

NB: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമൂഹത്തിൽ നിന്ന് തുടച്ചു നീക്കപ്പെടേണ്ടത് തന്നെയാണ്, പക്ഷെ അത് ഏകപക്ഷീയമാവരുത്.

Advertisment