Advertisment

പഴിചാരുന്ന ഇടതുപക്ഷവും മിഴി തുറന്ന ജനാധിപത്യവും ! നല്ല രാഷ്ട്രീയം പറയുന്നവരെ ജനം തിരിച്ചറിയുന്നുണ്ടെന്ന യാഥാർത്ഥ്യം ഓരോ രാഷ്ട്രീയ പ്രവർ‍ത്തകനും തിരിച്ചറിയേണ്ടത് അനിവാര്യം

author-image
സത്യം ഡെസ്ക്
New Update
ldf udf flag-2

ഹതാപം പറയരുതെന്ന് നിർദേശിച്ചു വികസനം ചർച്ച ചെയ്യാൻ ക്ഷണിച്ചു "മൂന്നാം തവണയാണ്, ഒരവസരം"മെന്ന് കെഞ്ചിയ സഹതാപ പ്രകടനം ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ 'ഹേയ് അതാണ്‌ വികസനം' എന്ന് പറയുന്ന അപഹാസ്യ സമീപനത്തിന്റെ പേരാണ് ഇടതുപക്ഷം എന്നാണ് കുറച്ചു കാലമായി അവർ പ്രകടിപ്പിച്ചുക്കൊണ്ടിരിക്കുന്നത്. 

Advertisment

എല്ലാം ശരിയാക്കാൻ വന്ന ഞങ്ങളേക്കാൾ വലിയ ശരിക്കാരില്ലെന്ന ദുർവാശി സമീപനത്തിനെതിരെയാണ് ജനം തൃക്കാക്കരയിലും പുതുപ്പള്ളിയിലും വോട്ട് കുത്തിയത്. അഭിപ്രായം പറയുന്നവരെല്ലാം കുറ്റക്കാരാണ്. ജയസൂര്യ എന്ന കലാകാരൻ നടത്തിയ അഭിപ്രായ പ്രകടനത്തോട് പോലും കാണിച്ച അസഹിഷ്ണുതാ മനോഭാവം ഇടതുപക്ഷത്തിന്റെ തുടർഭരണ ദുശീലങ്ങളിലൊന്ന് മാത്രമാണ്.

അംഗീകരിക്കുക എന്ന വസ്തുതയെ ഏഴയലത്തുപോലും അടുപ്പിക്കാത്തതാണ്‌  ഇടതുപക്ഷ തുടർഭരണത്തിന്റെ പുതിയ ദുശീലങ്ങളിലെ ചിലത്. സൽഗുണങ്ങളെ പാടേ അകറ്റി നിറുത്തി അഹങ്കാരത്തിന്റെ ചുവപ്പ് പരവതാനിയിലൂടെ മാത്രം സഞ്ചരിക്കുന്ന പിണറായിക്കാലത്തെ കമ്മ്യുണിസ്റ്റാശയം യഥാർത്ഥ നിസ്വാർത്ഥ കമ്മ്യുണിസത്തിന്റെ ആയുസ്സ് കുറക്കുന്നു. 

അഥവാ, സഹിക്കാത്തത് സംഭവിച്ചാലുടൻ യാഥാർഥ്യങ്ങളെ ഉൾക്കൊള്ളുന്നതിന് പകരം പഴിചാരലുകളിലൂടെ മാത്രം ന്യായീകരിക്കുന്ന പുതിയ കമ്മ്യുണിസം അപകടം തന്നെയാണ്.

  

ജനാധിപത്യ വിശ്വാസികൾ അവരുടെ മിഴികൾ പാതിയടച്ചുപോയതിന്റെ ദുരനുഭവമാണ് ഇടതുപക്ഷത്തിന്റെ കേരളത്തിലെ തുടർഭരണം. ജനങ്ങൾ അത്രയധികം പൊറുതി മുട്ടിയിരിക്കുന്നു. കിട്ടിയ അവസരങ്ങളിലെല്ലാം പൊതുജനം പാതിയടഞ്ഞ മിഴികൾ മുഴുവനും തുറന്ന് അവരുടെ തെറ്റിന് പകരം വീട്ടുന്നു.

തൃക്കാക്കരയിലും പുതുപ്പള്ളിയിലും യുഡിഎഫ് നേടിയ ഉന്നത വിജയങ്ങൾ പറഞ്ഞു തരുന്ന സത്യങ്ങൾ അതാണ്‌. അഴിമതിയാരോപണങ്ങൾ നിരന്തരം സർക്കാരിനും മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ വരുമ്പോൾ കള്ളക്കേസും അനാവശ്യ ആരോപണങ്ങളുമായി പ്രതിരോധിക്കുന്ന ശീലം തുടർക്കഥയാവുന്ന കേരളാ രാഷ്ട്രീയത്തിൽ നിന്ന് പുതുതലമുറക്ക് എന്ത് മാതൃകയാക്കാനാണ് സാധിക്കുക? 

നിലനിൽപ്പിന്റെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയ മുന്നേറ്റങ്ങളും നീക്കങ്ങളും സൃഷ്ടിക്കുന്ന സംസ്കാരം വരും തലമുറയുടെ നന്മയുള്ള രാഷ്ട്രീയ ബോധത്തെ ഇല്ലാതാക്കും.ഏതൊരു വ്യക്തിയെയും തേജോവധം ചെയ്യുന്ന പുതിയ രാഷ്ട്രീയ ശൈലിയാണ് അവസാന പത്തു വർഷങ്ങൾക്കുള്ളിൽ കേരളാ രാഷ്ട്രീയത്തിൽ പ്രകടമാവുന്നത്. 

അതിന്റെ ഏറ്റവും വലിയ തെളിവാണ് സോളാർ കേസിൽ സി ബി ഐ നൽകിയ റിപ്പോർട്ടിൽ പരാമർശിച്ച കെ ബി ഗണേഷ്‌കുമാർ ഉമ്മൻ‌ചാണ്ടിയുടെ പേര് കൂട്ടിച്ചേർത്ത സംഭവവികാസങ്ങൾ. പ്രതിപക്ഷ ബഹുമാനത്തിന്റെ യാതൊരുവിധ സംസ്കാരവും പ്രകടിപ്പിക്കാത്ത പുതിയ രാഷ്ട്രീയ ശൈലി ഈ നാടിന് എത്ര അപകടകരമാണ് എന്ന് ആരും ചിന്തിക്കുന്നില്ല. 

ഏറ്റവും അവസാനം നേരിട്ട പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ തന്നെ രാഷ്ട്രീയ വിജയം മാത്രം ലക്ഷീകരിച്ചപ്പോൾ ഒരു കുടുംബത്തെ ഒന്നടങ്കം ആക്ഷേപിക്കുന്ന യാഥാർഥ്യം കേരളം കണ്ടതാണ്. 

സ്ഥാനാർത്ഥിയുടെ മരണപ്പെട്ട പിതാവിനെ ജീവിച്ചിരുന്ന കാലത്ത് ആക്ഷേപിച്ചത് പോലെ അദ്ദേഹത്തെ വീണ്ടും അധിക്ഷേപിക്കുന്ന മോശം രാഷ്ട്രീയ സംസ്കാരവും അതിലുപരി പിതാവിനെ പോലെ അനുകരിച്ചു വോട്ട് തട്ടാനുള്ള സഹതാപം സ്ഥാനാർഥി അഭിനയിച്ചു ഫലിപ്പിക്കുന്നു എന്ന അടിസ്ഥാനരഹിത ആരോപണവും സ്ഥാനാർഥിയുടെ സഹോദരിയുടെ ജോലിയെപ്പോലും വളച്ചൊടിച്ചു സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചത് വരും തലമുറ എങ്ങനെ വായിക്കുന്നു എന്നത് പ്രധാനം തന്നെയാണ്. 

നിലംതൊടാതെ തോറ്റാൽ പിന്നെ ജയിച്ചവരുടെ മേൽ വർഗ്ഗീയ വോട്ടിന്റെ സഹായം ലഭിക്കുന്ന മറ്റൊരു ആഭാസ രീതിയും പുതിയ രാഷ്ട്രീയ "സംസ്കാരത്തിന്റെ" മുറവിളികളാണ്. ഭരണകൂട പോരായ്മയെ ജനം കിട്ടുന്ന അവസരത്തിൽ വിലയിരുത്തുമ്പോൾ തിരുത്താതെ ഏമാൻ രാഷ്ട്രീയം തുടരുന്ന രാഷ്ട്രീയ സമീപനത്തെ ജനം തിരുത്തിക്കുക തന്നെ ചെയ്യുമെന്നതാണ് തൃക്കാക്കരയും പുതുപ്പള്ളിയും കാണിച്ചു നൽകിയ മാതൃക.

    

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനമെത്തി ചാണ്ടി ഉമ്മൻ സ്ഥാനാർഥി ആണെന്നറിഞ്ഞപ്പോൾ പിന്നെ അമിതമായി പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ പഠിക്കേണ്ടി വന്നിട്ടില്ല. കാരണം, ഓട്ട മത്സരം ആമയും കുതിരയുമാണെന്നറിഞ്ഞിട്ടുപോലും മൂന്നാമങ്കത്തിനു 'ധീരത'കാട്ടിയ ആമയോട് അനുതാപവും അഭിനന്ദനവും അറിയിക്കാനാണ് തോന്നിയത്.

കുതിര വല്ലാത്ത തേരോട്ടത്തിലായിരുന്നു. ആമ തോട് പൊളിച്ചു പുറത്ത് ചാടുമെന്ന് പറഞ്ഞവരും വിചാരിച്ചവരും വീരവാദം മുഴക്കിയവരും തൽക്കാലത്തേക്ക് തോൽവിയുടെ അനന്തരം ആരേയും പഴിചാരാതെ സഹിഷ്ണുത പ്രകടിപ്പിക്കുക എന്നത് മാത്രമാണ് അഭികാമ്യം.

ചാണ്ടി ഉമ്മൻ ഒരു സഹതാപ തരംഗത്തിന്റെ വിജയ സൃഷ്ടിയല്ല, ജന ഹൃദയങ്ങളിലെ വെമ്പലുകളുടെ അനുതാപ തരംഗങ്ങളുടെ പരിഹാരകനാണ് ചാണ്ടി ഉമ്മൻ. അപ്പന്റെ വഴിയേ എന്നതിനൊപ്പം മകന്റെ ദീർഘവീക്ഷണത്തോടെയുള്ള സമീപനങ്ങൾക്കും വികസന മുന്നേറ്റത്തിനും ജനം കാത്തിരിക്കുന്നു എന്നുവേണം പറയാൻ.

ഏറെ ചിന്താ വൈഭവമുള്ള ചെറുപ്പക്കാരനാണ് ചാണ്ടി ഉമ്മൻ. നാളെകളിലെ പ്രകടനമാണ് അദ്ദേഹത്തിന്റെ പരീക്ഷ പേപ്പർ. അതിനുള്ള ഉത്തരം വരും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. നിലവിൽ മത്സരം ഉമ്മൻ‌ചാണ്ടിയോടായിരുന്നു എന്ന് തോൽവി ഏറ്റുവാങ്ങിയ ചില നേതാക്കൾ പറയുമ്പോഴും വെറും രണ്ട് വർഷംക്കൊണ്ട് ഉമ്മൻ‌ചാണ്ടിയുടെ ഭരണം മികച്ചതെന്നും ഭരണകൂടം പരാജയമാണെന്നുമാണോ ഇടതുപക്ഷ നേതൃത്വം പറയാതെ പറഞ്ഞുകൊണ്ടിരിക്കുന്നത് എന്നുകൂടി അതിയായി സംശയിക്കുന്നു.

ചാണ്ടി ഉമ്മാനോട് പറയാൻ ഒന്നേയുള്ളൂ, "നിന്നിൽ എന്താണ് എന്നതാണ് ലോകം നോക്കുക, അല്ലാതെ നീ എങ്ങനെയായിരുന്നു എന്നതല്ല. നിന്നിലുള്ളത് മികച്ചതാവുമ്പോൾ മാത്രമാണ് നീ എങ്ങനെയൊക്കെയുള്ളവനാണെന്നു ലോകം പഠിക്കുകയുള്ളു.. അതുകൊണ്ട് നിന്നിൽ ലോകം പഠിക്കുന്ന ഗുരുവിനെ സൃഷ്ടിക്കുക".

രാഷ്ട്രീയത്തിന്റെ നല്ല പാഠങ്ങൾ പഠിപ്പിക്കുന്ന ഗുരുവായി മാതൃക കാണിക്കാൻ അങ്ങയുടെ അപ്പയുടെ വഴിയേ താങ്കളും വഴി വെട്ടുക എന്നത് മാത്രമാണ് ഓരോ കേരളീയനും നിർദേശിക്കാനുള്ളത്.

നന്മയുടെ നല്ല സംസ്കാരത്തിന്റെ രാഷ്ട്രീയം പറയുന്നവരേയും പ്രവർത്തിക്കുന്നവരെയും ജനങ്ങൾ മിഴിതുറന്ന് നോക്കി തിരിച്ചറിയുന്നുണ്ട് എന്നത് ഓരോ രാഷ്ട്രീയക്കാരനും മനസ്സിലാക്കുന്നത് ഉചിതമാവും.

എഴുത്ത്: അൻവർ കണ്ണീരി അമ്മിനിക്കാട്

Advertisment