Advertisment

ഭാരതം ഉയർച്ചയിലേക്കെന്നും കൂപ്പുകുത്തിയെന്നും വാദിക്കുന്ന രാഷ്ട്രീയക്കാരുടെ ശ്രദ്ധക്ക്; ഭരണഘടനയെ മുൻ നിർത്താൻ ആരുണ്ട് ഇവിടെ ? ഏതെങ്കിലും പാർട്ടി ഇന്ത്യൻ ഭരണഘടന പഠിപ്പിക്കുന്നുണ്ടോ ? വരും തലമുറയെ എങ്കിലും ഭരണഘടനാ മൂല്യങ്ങൾ പഠിപ്പിക്കേണ്ടത് അനിവാര്യം !

യന്ത്രത്തിന് എണ്ണയിടേണ്ടത് അത്യാവശ്യമല്ലേ. ഭരണയന്ത്രം തിരിക്കുന്നവർ എന്തുകൊണ്ടാണ് ഭരണഘടന സ്കൂൾ കോളജ് തലങ്ങളിൽ ചെറിയ രീതിയിലെങ്കിലും പാഠപുസ്തകമാക്കി കൊണ്ടുവരാത്തത് ?

New Update
badari narayanan article

ഭാരതമിതാ ലോകത്തിന്റെ നെറുകയിലെത്തി എന്നു പറയുന്നവരും ഇന്ത്യ ഫാസിസ്റ്റ് വാഴ്ചയിലേക്ക് കൂപ്പുകുത്തി എന്നു പറയുന്നവരുമായ പല പ്രമുഖ രാഷ്ട്രീയകക്ഷികൾ ഇവിടെയുണ്ട്. എന്നാൽ ഭരണഘടനയെ മുൻ നിർത്താൻ ആരുണ്ട് ?

Advertisment

ലോകോത്തരമായ നമ്മുടെ ഭരണഘടനയെപ്പറ്റി വാചാലരാകും. അത്ര ലോകോത്തരമാണെങ്കിൽ നമ്മളത് ആദ്യം പഠിക്കണ്ടേ. പഠിപ്പിക്കണ്ടേ. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്യുന്ന നേതാക്കന്മാരിൽ ആരെങ്കിലും തന്റെ പാർട്ടിയിലെങ്കിലും ഇന്ത്യൻ ഭരണഘടന പഠിപ്പിക്കുവാനോ അത് നടപ്പിൽ വരുത്തുവാനോ നേതൃത്വം നൽകുമോ..?

ഇല്ല. അവർക്കറിയാം. തങ്ങളുടെ താരാധിപത്യ ശീലങ്ങൾ നഷ്ടപ്പെടും. തമ്പുരാൻ കളികൾ നടക്കില്ല. ജെന്റർ ഇക്വാലിറ്റിയടക്കം ഭരണഘടന മുന്നോട്ടു വെക്കുന്ന ഒരൊറ്റ മൂല്യം പോലും ഇവിടത്തെ ഒറ്റ പ്രമുഖ നേതാവിനും ഉള്ളിൽ ഇഷ്ടമല്ല എന്നതാണ് സത്യം. നാട്ടുപ്രമാണിയെയും പൊന്നു തമ്പുരാനെയും ശീലിച്ചു പോയ ജനമോ അതൊന്നും സ്വപ്നത്തിൽ പോലും ആഗഹിക്കുന്നുമില്ല. അത്തരമൊരു ജനാധിപത്യം ഇവിടെയാർക്കും ഒരു വിഷയമല്ല എന്നിടത്താണ് കാര്യങ്ങൾ.

യന്ത്രത്തിന് എണ്ണയിടേണ്ടത് അത്യാവശ്യമല്ലേ. ഭരണയന്ത്രം തിരിക്കുന്നവർ എന്തുകൊണ്ടാണ് ഭരണഘടന സ്കൂൾ കോളജ് തലങ്ങളിൽ ചെറിയ രീതിയിലെങ്കിലും പാഠപുസ്തകമാക്കി കൊണ്ടുവരാത്തത് ?

ഇന്ത്യ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ പണ്ഡിതൻ, പ്രാചീനവും ആധുനികവുമായ എല്ലാമൂല്യ വ്യവസ്ഥിതികളും ഇഴപിരിച്ച് പഠിച്ചെടുത്ത് തള്ളേണ്ടത് തള്ളാനും കൊളേളണ്ടത് കൊള്ളാനും പ്രയോഗിക്കാനും തക്ക പ്രതിഭയുറ്റ നയതന്ത്രജ്ഞൻ. ഡോ. ബി.ആർ. അംബേദ്കർ.

അദ്ദേഹം അക്കാലത്ത് ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള യുനിവേഴ്സിറ്റികളിൽ പോയി പഠിച്ച് നേടിയ അനവധിയായ ബിരുദങ്ങൾ പോലും നേടുവാൻ ഒരുത്തനും ഇക്കാലത്തു പോലും എളുപ്പമല്ല എന്നതാണ് വസ്തുത. അദ്ദേഹം തയ്യാറാക്കിയ ഉന്നതനിലവാരമുള്ളതെന്ന് ലോക മംഗീകരിച്ച ആ ഭരണഘടനയുണ്ടല്ലോ.. ഒരിടത്തും ഒരിക്കലും നമ്മുടെ കുട്ടികൾ പോലും പഠിക്കുവാൻ ഇടവരില്ലത്. പഠിപ്പിക്കില്ലിവർ.

പകരം ഭരണകൂടത്തിന്റെ അവാർഡിനു വേണ്ടി തല കുനിച്ചും തലചൊറിഞ്ഞും നിൽക്കുന്ന ഇവിടത്തെ ഏഴാം കൂലി എഴുത്തുകാരുടെ പീറ സാഹിത്യം പഠിപ്പിക്കും നമ്മുടെ കുട്ടികളെ. അധ്യാപകരും കുട്ടികളും നാടിന്റെ വരും ഭാവിയും അങ്ങനെ ഗോവിന്ദ !

രാജ്യത്തെ 99 ശതമാനം ജനങ്ങൾക്കും ഭരണഘടന എന്ന ഘടനയെപ്പറ്റി യാതൊരു പിടിപാടുമില്ല. രാജ്യത്തെ ഏതെങ്കിലും യുണിവേഴ്സിറ്റിയിൽ ഭരണഘടനയെ പഠിക്കാനുള്ള ഒരു ചെയറെങ്കിലും നീക്കിവെച്ചിട്ടുണ്ടോ എന്നതും സംശയമാണ്. സാക്ഷരത കൂടിയ കേരളത്തിലും സ്ഥിതി വലിയ വ്യത്യാസമൊന്നുമില്ലെങ്കിലും പുസ്തകം കണ്ടവരുണ്ട്...

ചിലരെങ്കിലും. വായിച്ചു തിരിച്ചറിഞ്ഞവരും കാണും പക്ഷേ മിണ്ടില്ല. സോഷ്യൽ മീഡിയാക്കാലവും വ്യത്യസ്തമല്ല. ലോകത്ത് ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന വിളിയാണ് സാറേ പിന്നെയും ബാക്കി.

-ബദരി നാരായണൻ

Advertisment