Advertisment

വിശ്വമഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ സങ്കൽപ്പധന്യതയിൽ വിരിഞ്ഞ കൊൽക്കത്തയിലെ ശാന്തിനികേതനോടു മാത്രം ഉപമിക്കാന്‍ കഴിയുന്ന നമ്മുടെ തൊട്ടടുത്തുള്ള സകലകലാശാല. ആര്‍എല്‍വി ഗവ. കോളജ് ഓഫ് മ്യൂസിക് & ഫൈന്‍ ആര്‍ട്സ് - ഒരു പൂർവ്വ വിദ്യാർത്ഥിയുടെ വാഗ് രേഖാചിത്രണങ്ങൾ

author-image
ബദരി നാരായണന്‍
Updated On
New Update
badari narayanan article rlv

എന്താണീ ആര്‍എല്‍വി ? ഞാനും രാമകൃഷ്ണനോടൊപ്പം ആര്‍എല്‍വി കോളജിൽ പഠിച്ച ഒരു പൂർവ്വ വിദ്യാർത്ഥിയാണെന്നു പറഞ്ഞപ്പോൾ ഒരു സുഹൃത്ത് ചോദിക്കുന്നു. സുഹൃത്തിനുള്ള മറുപടി പലരുടെയും അറിവിലേക്കുള്ള വിഷയമാണെന്നു തോന്നിയതിനാൽ കുറിക്കട്ടെ.

Advertisment

ലോകത്ത് ഏറ്റവുമധികം ആളുകൾ ആരാധകരായുള്ള മലയാളി, അത് ഒരു പക്ഷേ നമ്മുടെ യേശുദാസ് ആയിരിക്കാം. ആ യേശുദാസടക്കം ധാരാളം പ്രതിഭകൾ, കലാകാരന്മാർ പഠിച്ചിറങ്ങിയ തൃപ്പൂണിത്തുറയിലെ സർവ്വകലാ അക്കാദമിയാണ് ആര്‍എല്‍വി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്.

നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, വൈക്കം വാസുദേവൻ നമ്പൂതിരി, ഹരിപ്പാട് കെ പി എൻ പിള്ള , സീമ ജി നായർ... ആകാശവാണി ദൂരദർശൻ ഗ്രേഡഡ് ആർടിസ്റ്റുകളുടെ നിര പിന്നെയും നീളും. ഇവിടെ നിന്നു പഠിച്ചിറങ്ങിയ അസംഖ്യം കലാകാരന്മാർ അംഗീകൃത ബിരുദങ്ങളോടെ ലോകമൊട്ടുക്ക് കലാ പ്രകടനവും കലാപരിശീലനവും നൽകുന്ന വ്യക്തികളും പ്രസ്ഥാനങ്ങളുമായി നിലകൊള്ളുന്നു എന്നു പറഞ്ഞാൽ അധികമല്ലത്.

കോളജിന്റെ സാരഥികളായി എത്തിയവരിൽ നെല്ലായി ടി വി കൃഷ്ണമൂർത്തി, പാറശ്ശാല ബി പൊന്നമ്മാൾ, മാവേലിക്കര പ്രഭാകര വർമ, തുടങ്ങി മൺമറഞ്ഞവരും നമ്മുടെ കൂടെയുള്ളവരുമായ പ്രഗത്ഭരുടെ നിര തന്നെയുണ്ട്.

ഞാൻ പഠിക്കുമ്പോൾ ആർട്ടിസ്റ്റ് നമ്പൂതിരി തൃപ്പൂണിത്തുറയിൽ കോളജിനു തൊട്ടടുത്തു തന്നെ നിറവുള്ള സാന്നിധ്യമായിരുന്നു.

രാജകീയ പ്രൗഢിയുള്ള നഗരമമായ തൃപ്പൂണിത്തുറയിൽ പൂർണത്രയീശ ക്ഷേത്രത്തിനു തൊട്ടയൽപക്കം പങ്കിട്ടു കൊണ്ടാണ് ആര്‍എല്‍വി കോളജ് സ്ഥിതി ചെയ്യുന്നത്. ക്യാംപസിന്റെ മറ്റൊരു വശത്തു കൂടി പൂർണാനദി ഒഴുകുന്നു. കാൽപനിക ഭംഗിയും കലകളും ഒത്തിണങ്ങി മഴമരങ്ങൾ കുട പിടിച്ചു നിൽക്കുന്ന ക്യാംപസ് നടുമുറ്റം പ്രണയത്തിന്റെയും വിഹാരരംഗമാകുക സ്വാഭാവികം.

ഫൈനാർട്ട്സ് വിഭാഗത്തിൽ വിദ്യാർത്ഥികൾ ചിത്രരചനയിൽ മുഴുകുമ്പോൾ മറുവശത്തെ സംഗീതവിഭാഗത്തിൽ നിന്ന് മൃദംഗവും വായ്പാട്ടും ഉയരുന്നത് ഓർത്തു നോക്കൂ.. വയലിൻ ക്ലാസ്സുകളും വീണ ക്ലാസ്സുകളും തംബുരു ശ്രുതിമീട്ടി ആരംഭിക്കുന്ന പ്രഭാതങ്ങൾ. നിലത്ത് ചമ്രം പടിഞ്ഞിരുന്ന് തുടയിൽ താളമിട്ട് ഒരുമിച്ച് ആണും പെണ്ണും ഇടകലർന്നിരുന്നു പാടിപ്പഠിക്കുന്ന ക്ലാസ് മുറികളും അവിടത്തെ മുറകളും ജെൻഡർ പൊളിറ്റിക്സ് വരുന്നതിനു മുന്നേ എനിക്കതെല്ലാം അത്ഭുതമായിരുന്നു.

ഓരോ ക്ലാസ് മുറികളുടെയും ചാരത്ത് അവിടവിടെ മിണ്ടാതെ കണ്ണടച്ച് കാതോർത്തിരുന്ന ഞാൻ ചിത്രഭൂമിയിലും മറ്റും ഫോട്ടോയിൽ കണ്ടിട്ടുള്ള ഇളയരാജയുടെയും എആര്‍ റഹ്മാന്റെയും ഓർക്കസ്ട്രയ്ക്കു മുന്നിൽ ഇരിക്കുന്നതായി സങ്കൽപ്പിക്കും. ആഹഹ... എത്ര സുന്ദരമായ അനുഭൂതിയാണത്. കഥകളിയുടെ കൂടെ ചെണ്ടയും മദ്ദളവും കഥകളി സംഗീതവും വെവ്വേറെ തന്നെ പഠിപ്പിക്കാതെങ്ങനെ. അത് മറ്റൊരു വശത്ത്.

ഇന്നും കണ്ണടച്ചാൽ നേരെ മുന്നിലെ കോളജ് ഇടനാഴിയിൽ മോഹിനിയാട്ടം ഭരതനാട്യം വിഭാഗങ്ങളിൽ നിന്ന് നർത്തകീ നർത്തകന്മാർ കലാഭവൻ മണിയുടെ അനുജൻ ആര്‍എല്‍വി രാമകൃഷ്ണനും ശക്തിയും ഓരോരുത്തരായി ഞൊറിഞ്ഞുടുത്തൊരുങ്ങി എത്തും.

കഥകളി വിദ്യാർത്ഥിയാണെങ്കിലും മിമിക്രിയിൽ കമ്പമുള്ള അനിയപ്പന്റെ സരസപാഠകങ്ങൾ കേൾക്കാൻ ഞങ്ങൾ ഒഴിവു നേരങ്ങളിൽ ചുറ്റും കൂടും. ക്രോണിക് ബാച്ചലർ എന്ന ചിത്രത്തിൽ മലയാളികൾ കണ്ടറിഞ്ഞ പ്രശസ്തമായ ആ കള്ളുകുടിയന്റെ സരസഭാവങ്ങൾക്ക് ആദ്യം കയ്യടിച്ചത് ക്യാംപസായിരുന്നു.

തൊണ്ണൂറുകളുടെ അവസാനം ആര്‍എല്‍വിയിൽ പഠിച്ചവർക്കറിയാം ചെഗുവേരയും ഹോചിമിനും ചരിത്രപുരുഷന്മാർ മാത്രമല്ല ഞങ്ങളുടെ സഹപാഠികളായ ജ്യേഷ്ഠാനുജന്മാരായിരുന്നു അവർ. ഇരുവരെയും വിദ്യാർത്ഥി സംഘടനയുടെ മുൻ നിരയിൽ തന്നെ കാണാമായിരുന്നു.

മൊബൈൽ വന്നതും മറ്റും തുടർന്നുള്ള വർഷങ്ങളോടു കൂടിയാണെങ്കിലും ഒറ്റ സെൽഫിയും ഇല്ലെങ്കിലും ഓർമകളുടെ കലാമേളകൾക്ക് ഇന്നും ഒരു തെളിച്ചക്കുറവുമില്ല.

ആര്‍എല്‍വി ഹേമലതയെ പോലുള്ളവർ കാലങ്ങളോളം അധികാരികൾക്കെതിരെ സമരം ചെയ്ത് കേരള സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടാൻ ശ്രമിച്ചിട്ടും ജീർണിച്ച വംശീയവിവേചന മനസ്സ്  ജാതിമേധാവിത്ത ചിന്ത കലാകാരന്മാർക്കിടയിൽ ഇപ്പൊഴും ഒഴിയാബാധ പോലെ നിലനിൽക്കുന്നു. അതിന്റെ തെളിവാണ് ആര്‍എല്‍വി രാമകൃഷ്ണനുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങൾ.

അതിനുമപ്പുറത്തെ കെട്ടിട്ടത്തിനു മുന്നിലെ നിശബ്ദതയിൽ ഉച്ചവെയിലിന് പുഴയിൽ നിന്നുള്ള ആഫ്രിക്കൻ പായലിന്റെ ഗന്ധമാണ്. നിങ്ങളുടെ കാൽ പെരുമാറ്റം കേട്ടാൽ മണ്ണും സിമന്റും കുഴച്ചുണ്ടാക്കുന്ന വലിയ ശിൽപങ്ങൾക്കിടയിൽ അവ മെനയുന്നവരുടെ തലകൾ ഉയർന്നു വരും. കൂട്ടത്തിൽ കലർന്നിരിക്കുമ്പൊഴും തന്നുള്ളിലെ ഏകാന്തതയിൽ ധ്യാനനിരതരാണവർ.

സിമന്റു കുഴച്ചു കൂട്ടുന്നതിനിടയിൽ തന്നെ അവർ നിങ്ങൾ ചോദിച്ചതിനു മറുപടി പറയും. അപ്പോഴും ഏതോ സ്വപ്നത്തിലെന്ന വണ്ണം ചിന്താമനോരാജ്യങ്ങളിൽ വ്യാപരിക്കുന്നവരാണവർ. അതിന്റെ മൂർധന്യം ആശയചർച്ചകളുടെ രൂപം പൂണ്ട് പല്ലും നഖവുമുള്ള തർക്കങ്ങളിലെത്തിയാലും പിറ്റേന്നു രാവിലെ കോളജ് ഗേറ്റ് തുറന്ന് അളിയാ വിളികളുമായി ഓരോരുത്തനും എത്തുന്ന മുറയ്ക്ക് മാറാത്തതായിരുന്നില്ല ഞങ്ങൾക്കിടയിലെ ഒരു പിണക്കവും.

1994 ൽ ചിത്രകലയുടെ മഹാകാശങ്ങളെ മുന്നിൽ കണ്ട് അതീവ വിനയത്തോടെയാണ് ഞാൻ ആര്‍എല്‍വി കോളേജ് ക്യാംപസിലേക്ക് പ്രവേശനം നേടി കാൽ വെച്ചു കയറുന്നത്.

ഒരു വശത്ത് കൊച്ചി രാജവംശത്തിന്റെ പൂർവ്വകാല പ്രതാപത്തിൽ തലയുയർത്തി നിന്നിരുന്ന ഒരു പഴയ കെട്ടിടം - പുത്തൻ ബംഗ്ലാവ് കാണാമായിരുന്നു. നഷ്ടാവശിഷ്ടമാകാൻ തയ്യാറായി നിൽക്കുന്ന ആ കെട്ടിട്ടം നമ്മുടെയും നമ്മുടെ ഗവണ്മെന്റുകളുടെയും അശ്രദ്ധയുടെയും കെടുകാര്യസ്ഥതയുടെയും പ്രതീകം പോലെ നില കൊണ്ടു.

സ്വന്തം പൈതൃകത്തെപ്പറ്റി മഹനീയമെന്ന് അഭിമാനം കൊണ്ടു  വാചാലമാകുമെങ്കിലും അതിന്റെ തിരുശേഷിപ്പുകളെങ്കിലും നഷ്ടപ്രായമാകാതെ നിലനിർത്താൻ നമുക്ക്  ഒരിക്കലും ഉത്സാഹം ഉണ്ടായിക്കണ്ടിട്ടില്ലല്ലോ. ഞങ്ങളുടെ വരകൾക്ക് പാത്രമായ വിലപിടിച്ച യൂറോപ്യൻ ടൈലുകളടക്കം വിരിച്ച് ആഢംബരത്തോടെ വിലസിയിരുന്ന ആ പഴയ കെട്ടിടം ഇന്നവിടെയില്ല എന്ന ദു:ഖസത്യവും ഇവിടെ ഓർമിപ്പിക്കട്ടെ.

IMG_20240324_153955

തീർച്ചയായും പുരാവസ്തു വകുപ്പോ മറ്റോ ഏറ്റെടുത്ത് നിലനിർത്തേണ്ട ഒന്നായിരുന്നു അത്. കണ്ടു നിൽക്കേ ഓരോ ഭാഗങ്ങളായി തകർന്നു നിലം പൊത്തി എന്നു തന്നെ പറയണം. ഇവിടെയിരുന്നു കൊണ്ടാണ് രാജാവ് തൃപ്പൂണിത്തുറ ഹിൽ പാലസ് പണി കഴിപ്പിച്ചതത്രേ. രാജകുടുംബം പിന്നീട് കോളജിനു വേണ്ടി പുത്തൻ ബംഗ്ലാവും സർക്കാരിനു വിട്ടു കൊടുക്കുകയായിരുന്നു. അപ്പോൾ ആരുടെ കുറ്റം ?

കോളജ് എന്നത് ഒരു കെട്ടിടമല്ലെന്നൊക്കെ പറയാമെങ്കിലും പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്യൻ മാതൃകയിൽ നിന്നും പിറവിയെടുത്ത പുത്തൻ ബംഗ്ലാവിന്റെ അഭാവം തിരിച്ചു പിടിക്കാനാകാത്ത ഗൃഹാതുരത്വവും നഷ്ടവും തന്നെ.

rlv images-4

1936 - 1937 ൽ ഒറ്റമുറിയിലായിരുന്നത്രേ ആര്‍എല്‍വി യുടെ തുടക്കം. പഴയ കൊച്ചി സംസ്ഥാനത്തെ പെൺകുട്ടികളെയും സ്ത്രീകളെയും ലക്ഷ്യമാക്കി തയ്യൽ വേലയും പെയിൻ്റിംഗും പഠിപ്പിക്കുന്ന ഒരു അക്കാദമി വിഭാവനം ചെയ്തതാണ് ഇന്നു കാണുന്ന ആര്‍എല്‍വി ആയി പരിണമിച്ചത്.

1943 വരെ കൊച്ചി രാജ്യത്തിന്റെ ഭരണാധികാരിയായി മിടുക്കൻ തമ്പുരാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കേരളവർമ ആറാമൻ കൊച്ചുണ്ണി തമ്പുരാന്റെ കലാവിദുഷിയായ ഭാര്യ ലക്ഷ്മിക്കുട്ടി നേത്യാരമ്മയുടെയും മകളായ രാധയുടെയും സ്മരണയാണ് രാധാലക്ഷ്മീ വിലാസം എന്ന പേരിൽ കാണുന്നത്.

കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം അതിനെ ഒരു കോളേജായി വികസിപ്പിക്കുകയായിരുന്നു. രാധാലക്ഷ്മി വിലാസം അക്കാദമിയുടെ പേര് നിലവിൽ കാണുന്ന ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് എന്നാക്കി മാറ്റുകയും ചെയ്തു. അപ്പൊഴും മിടുക്കൻ തമ്പുരാന്റെ സ്വപ്നമെന്ന നിലയ്ക്ക് രാധാലക്ഷ്മി വിലാസം  എന്ന പേര് ആര്‍എല്‍വിയിൽ നിലനിർത്തി എന്ന് ചുരുക്കം.

സംഗീതം, പെയിന്റിങ്, ശിൽപകല, കഥകളി വേഷം, കഥകളി സംഗീതം, ഭരതനാട്യം, മോഹിനിയാട്ടം എന്നിങ്ങനെ ഓരോന്നിനും പ്രത്യേക വകുപ്പുകൾ രൂപീകരിച്ച് വളർച്ചയുടെ ഘട്ടങ്ങളിൽ പരിഷ്കരിക്കുകയായിരുന്നു. ഒട്ടേറെ വിദ്യാർത്ഥിസമരങ്ങളടക്കം തുടർന്നു വന്ന പരിശ്രമങ്ങളുടെ ഭാഗമായി 1998 ൽ നായനാർ സർക്കാർ ആര്‍എല്‍വിയെ മഹാത്മാഗാന്ധി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്യുകയുണ്ടായി. ആര്‍എല്‍വിയുടെ ചരിത്രത്തിലെ നാഴികക്കല്ല് എന്നു പറയണം.

യശ: ശരീരനായ കഥകളി ആചാര്യൻ കലാമണ്ഡലം കൃഷ്ണൻ നായരെ ഓർക്കാതെ ആര്‍എല്‍വി യുടെ ചരിത്രം പറയുക സാധ്യമല്ല. കണ്ണൂരെ ചെറുതാഴത്തു നിന്നും ഉദിച്ചുയർന്ന് ജീവിച്ചിരിക്കേ തന്നെ കഥകളിയിലെ ഇതിഹാസജീവിതമായി മാറിയ കലാമണ്ഡലം കൃഷ്ണൻ നായരുടെ ആര്‍എല്‍വിയിലെ സേവനങ്ങൾ ഇനിയും വിലയിരുത്തപ്പെടേണ്ടതുണ്ട്.

തിരുവിതാംകൂർ-കൊച്ചി - മലബാർ ലയനത്തിലൂടെ ഐക്യകേരളം രൂപം കൊണ്ടതിന്റെ രണ്ടാം വാർഷികമെത്തുമ്പോൾ ഇഎംഎസ് സർക്കാരിന്റെ തീരുമാനമായിരുന്നു കൃഷ്ണൻ നായരെ ആര്‍എല്‍വിയുടെ നേതൃസ്ഥാനത്തെത്തിച്ചത്. ഐക്യകേരള മുന്നേറ്റത്തിനു സമാന്തരമെന്നോണം ക്രിയാത്മകമായ കലാകേരളത്തെ പടുത്തുയർത്തുക എന്ന ലക്ഷ്യമായിരുന്നു അതിനു പിന്നിൽ.

അന്ത്യം വരെ തൃപ്പൂണിത്തുറയിൽ താവളമുറപ്പിച്ച കഥകളിയിലെ മൊസാർട്ട് എന്നു വിശേഷിപ്പിക്കപ്പെട്ട കൃഷ്ണൻ നായരുടെ ആര്‍എല്‍വിയിലെ സേവനകാലഘട്ടത്തെപ്പറ്റി അദ്ദേഹത്തിന്റെ ആത്മകഥയിലൂടെ അറിയാം (എന്റെ ജീവിതം - അരങ്ങിലും അണിയറയിലും).

rlv inages

പൂർണത്രയീശന്റെ പടിഞ്ഞാറേനട നേരെ കയറുന്നത് പഴയ ഇരുമ്പുപാലത്തിലേക്കാണ്. ഇന്ത്യയിലെത്തന്നെ ആദ്യകാല ഇരുമ്പുപാലങ്ങളിൽ ഒന്നാണിത്. ഇന്നത്തെ കൊച്ചി നഗരസഭയുടെ ഭാഗമായ തൃപ്പൂണിത്തുറയെയും പൂണിത്തുറയെയും കൂട്ടിയിണക്കുന്നതാണ് പാലം.

1890-ൽ കേരളവർമ അഞ്ചാമൻ്റെ കാലത്താണതിന്റെ നിർമാണം. ബ്രിട്ടീഷുകാരന്റെ കമ്പനിയുടെ ഇരുമ്പുരുക്കു സാങ്കേതികവിദ്യയുടെ മേന്മ ഒന്നുകൊണ്ടു മാത്രം ഇടുക്കിയിലെ ഡാം പോലെ തന്നെ ഇപ്പോഴും നമ്മുടെ ഉപയോഗത്തിലുള്ള ഈ പാലം ഇന്നും സുഗമമായ യാത്രാ സൗകര്യമൊരുക്കുന്നു.

തൃപ്പൂണിത്തുറ നഗരത്തിൻ്റെ പൈതൃക അടയാളങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഇരുമ്പുപാലം. ഈ പാലത്തോടായിരുന്നു അന്ന് ഞങ്ങളുടെ ആര്‍എല്‍വി ശിൽപകലാ വിഭാഗം അതിരിട്ടു നിന്നിരുന്നത്. ക്ലാസ് മുറിയുടെ തൊട്ടരികിലെ പാലവും നദിയും കാഴ്ചകളും ഓർമകളിൽ ഇന്നും കുളിർകാറ്റു വീശുകയാണ്.

ചിത്ര - ശിൽപകലകളും മോഹിനിയാട്ടം ഭരതനാട്യം കഥകളി അനുബന്ധ കലകളുമായി പതിമൂന്നോളം ബിരുദ കോഴ്സുകളും പതിമൂന്നോളം ബിരുദാനന്തര കോഴ്സുകളും പരിശീലിപ്പിക്കുന്ന ഒരു സംവിധാനമാണ് ഇന്നത്.

എന്തൊക്കെ പരാധീനതകൾ ഉണ്ടായിരുന്നാലും സർക്കാർ സംവിധാനങ്ങളുടെ പരിമിതികൾ ഉണ്ടായിരുന്നാലും ശരി. ഇത്രയും കലകൾ ഒരുമിച്ചു പഠിപ്പിക്കുന്ന ഒരിടം കേരളത്തിൽ മറ്റെവിടെയുണ്ട് ?

നമ്മുടെ മുന്നിലുള്ള ഉന്നതമായ ഈ കലാകേന്ദ്രം 'ദക്ഷിണേന്ത്യയുടെ ശാന്തിനികേതൻ ' എന്നു വിളിക്കപ്പെടുന്നത് സ്വാഭാവികം.

തികച്ചും ശരിയാണത്. കൽകത്തയിൽ മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ സങ്കൽപ്പ ധന്യതയിൽ വിരിഞ്ഞ കലാലയമായ ശാന്തിനികേതനോടു മാത്രമേ ആര്‍എല്‍വിയെ ഉപമിക്കാൻ കഴിയൂ.

അവലംബം:

Cochin Royal Historical Society,

Kerala State Archives

കേരള സംസ്‌കാരചരിത്രനിഘണ്ടു - കേരളഭാഷാ ഇന്‍സ്റ്റിട്ട്യൂറ്റ്.

Advertisment