Advertisment

തക്കാളി വില എന്തുകൊണ്ട് കൂടുന്നു ? കാർഷിക ഉൽപ്പാദനത്തിനോടൊപ്പം സംഭരണം, സ്റ്റോറേജ്, വിതരണം ഇവയൊക്കെ അത്യാധുനിക രീതിയിൽ നടപ്പിൽ വരുത്താതെ ഇന്ത്യയിലെ കർഷകരുടെയും ഉപഭോക്താവിന്‍റെയും പ്രശ്നങ്ങൾ അവസാനിക്കാൻ പോകുന്നില്ല...

New Update
tomato price hike

ഇപ്പോൾ തക്കാളി വില വൻ തോതിൽ കൂടിയിരിക്കുകയാണല്ലോ. ഉത്തരേന്ത്യയിൽ പല സ്ഥലത്തും ഒരു കിലോ തക്കാളിക്ക് 220 മുതൽ 250 രൂപ വരെ ഇപ്പോൾ കൊടുക്കണം.

Advertisment

ഇന്നിപ്പോൾ ഡൽഹിയിലെ ചില വിലകളൊക്കെ നോക്കി. വിലകൾ താഴെ കൊടുക്കുന്നൂ:

- പഴുത്ത തക്കാളി - 1 കിലോ - 220 രൂപ തൊട്ട് 250 വരെ

- ക്യാപ്സിക്കം - 1 കിലോ - 120 രൂപ

- ബീൻസ് - 1 കിലോ - 120 രൂപ

- ആപ്പിൾ  - 1 കിലോ - 290 രൂപ

- ഇഞ്ചി - കാൽ കിലോ (250 ഗ്രാം) - 45 രൂപ

- പനീർ - കാൽ കിലോ (250 ഗ്രാം) - 75 രൂപ

- അമുൽ ബട്ടർ - അര കിലോ (500 ഗ്രാം) - 248 രൂപ

- ബ്രൂക്ക്ബോൺഡ് താജ്മഹൽ ചായപ്പൊടി - 1 കിലോ - 498 രൂപ.

- ഇങ്ങനെ സാധനങ്ങളുടെ വില കുതിക്കുകയാണ്. മണിപ്പൂരിനും, നോർത്ത് ഈസ്റ്റിനും പിന്നാലെ ഹരിയാനയിലും കലാപം വന്നത് ഒരുപക്ഷെ ഈ വിലക്കയറ്റത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കുവാൻ ആയിരിക്കും.

കേരളത്തിലെ ഇപ്പോഴത്തെ വില വിവര പട്ടിക ഒന്നു നോക്കൂ:

- തക്കാളി -1 കിലോ -120 മുതൽ 150 രൂപ 

- ക്യാരറ്റ് -1 കിലോ - 40 മുതൽ 60 രൂപ 

- ബീൻസ് 1 കിലോ -50 മുതൽ 60 രൂപ 

- വെണ്ടക്കാ -1 കിലോ -30 മുതൽ 40 രൂപ 

- ബീറ്റ്റൂട്ട് -1 കിലോ - 40 മുതൽ 60 രൂപ 

- ഉരുളകിഴങ്ങ് -1 കിലോ 30 മുതൽ 40 രൂപ 

- സവോള -1 കിലോ 30 മുതൽ 40 രൂപ.

അരി, പഞ്ചസാര, മുളക്, മല്ലി, ചെറുപയർ, വൻപയർ, കടല, തുവര പരിപ്പ് - ഇവയുടെയൊക്കെ വില വേറെയാണ്. ഗ്യാസ് സിലിണ്ടറിന് വില ആയിരത്തിൽ മിച്ചം. അപ്പോൾ പിന്നെ,  കേരളത്തിൽ ഓണം ഉണ്ണുന്ന കാര്യം പോലും ആശങ്കയിലാണ്. 

പഴുത്ത തക്കാളി പോലെയുള്ള പച്ചക്കറി/പഴം കൂട്ടത്തിൽ പെട്ടവ 'പെരിഷബിൾ' ഇനമായിട്ടാണ് കാണുന്നത്. 'പെരിഷബിൾ', 'നോൺ പെരിഷബിൾ' - എന്നീ രണ്ടു ഗണത്തിലാണ് പഴം/പച്ചക്കറി/ഭക്ഷ്യ ധാന്യങ്ങൾ - ഇവയെ ക്യാറ്റഗറൈസ് ചെയ്യുന്നത്.

ഡൽഹിയിലെ ഏറ്റവും വലിയ മൊത്ത വിതരണ കേന്ദ്രമായ 'അസാദ്പൂർ മണ്ടിയിൽ' വലിയ സിനിമാ തിയേറ്റർ പോലുള്ള അനേകം 'ഡീപ് ഫ്രീസർ' സൗകര്യങ്ങൾ ഉണ്ട്. ചുറ്റുമുള്ള ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ് - ഇവിടുന്നൊക്കെ മൊത്ത വിതരണത്തിന് പഴങ്ങളും പച്ചക്കറികളും വരുന്നത് 'അസാദ്പൂർ' മണ്ടിയിലേക്കാണ്. ഇത്തരത്തിലുള്ള മൊത്ത വിതരണ കേന്ദ്രങ്ങളിൽ നിന്ന് 'ബസാർ' വഴിയാണ് കൺസ്യൂമറിലേക്ക് പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും എത്തുന്നത്. ആഴ്ച ചന്തകളും, മൊത്ത വിതരണ കേന്ദ്രങ്ങളും ആ രീതിയിൽ ഒരു 'ക്രൂഡ് എഫിഷ്യൻസി' ഇന്ത്യയിൽ വെച്ചു പുലർത്തുന്നുണ്ട്. 

പക്ഷെ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ നാം ഈ 'ക്രൂഡ് എഫിഷ്യൻസി'-ക്ക്‌ അപ്പുറത്തേക്ക് കാര്യങ്ങൾ കൊണ്ടുപോകേണ്ടതുണ്ട്. കൃഷി ഉപേക്ഷിക്കാൻ പല ചെറുകിട കർഷകരും നിർബന്ധിതരാകുന്ന അവസ്ഥയാണിപ്പോൾ കേരളത്തിലും ഇന്ത്യയുടെ മറ്റു പല ഭാഗങ്ങളിലുമുള്ളത്. ഇന്നിപ്പോൾ വളത്തിനും മറ്റ് 'ഇൻഗ്രെഡിയൻസിനും' വില കൂടിയതുകൊണ്ട് കൃഷിയിൽ നിന്ന് വലിയ 'റിട്ടേൺസ്' ഒന്നുമില്ലാ. ഉത്പാദന ചെലവും, ലേബർ ചാർജും അനുസരിച്ചുള്ള വരുമാനം ചെറുകിട കർഷകന് അതുകൊണ്ടു തന്നെ കൃഷിയിൽ നിന്ന് കിട്ടുന്നില്ല. യുവാക്കളായ കർഷകർക്ക് പെണ്ണ് പോലും കിട്ടുന്നില്ലാ.

ഇന്ത്യയിൽ കർഷകർക്കുള്ള 'ക്യാഷ് ട്രാൻഫറുമായി' ടിആര്‍എസ് ഭരിക്കുന്ന തെലുങ്കാനയും, ബിജു ജനതാ ദൾ ഭരിക്കുന്ന ഒറീസയുമൊക്കെയുണ്ട്. 'കാലിയ' സ്കീമുമായി നവീൻ പട്നായിക്കാണ് കാർഷിക പ്രശ്നങ്ങളിൽ രാജ്യത്തിനാകെ ആദ്യം മാതൃകയായത്. കർഷകർക്ക് ഒരു വർഷം 10000 രൂപ കിട്ടുന്ന ആ സ്കീമിൽ അനേക ലക്ഷം കർഷകർക്ക് പണം കൊടുത്തു കഴിഞ്ഞു. 20 വർഷത്തിലേറെ ഒറീസയിൽ നവീൻ പട്നായിക്കിന് ഭരിക്കാൻ പറ്റുന്നതും ഇതു കൊണ്ടെക്കെയാകാം. പക്ഷെ ഇതൊന്നും കാർഷിക പ്രതിസന്ധിക്കുള്ള ആത്യന്തിക പരിഹാരങ്ങളല്ലാ എന്നുള്ള തിരിച്ചറിവാണ് ഇന്ത്യയിൽ പലർക്കും വേണ്ടത്.

കേരളത്തിൽ 12 ലക്ഷത്തോളം വരുന്ന റബർ കർഷകർ റബർ റീ-പ്ളാൻറ്റ് ചെയ്യുന്നില്ലാ; പലരും റബറുള്ള ഭൂമി വിറ്റോ പണയപ്പെടുത്തിയോ പിള്ളേരെയൊക്കെ വിദേശത്തു വിടുകയാണ്. ഏലം, കുരുമുളക് - ഇവയൊക്കെ ഉത്പാദിപ്പിക്കുന്ന കർഷകരും കേരളത്തിൽ പ്രതിസന്ധിയിൽ ആണ്. ഉത്പാദന ചെലവും, ലേബർ ചാർജും അനുസരിച്ചുള്ള വരുമാനം ചെറുകിട കർഷകന് കൃഷിയിൽ നിന്ന് കിട്ടുന്നില്ല. കാട്ടുപന്നിയിൽ നിന്നും കാട്ടാനകളിൽ നിന്നുമുള്ള ശല്യം വേറെ. കാർഷിക ഉൽപ്പന്നങ്ങൾക്ക് വില കുറഞ്ഞതിൽ പിന്നെ മലഞ്ചരക്ക് വ്യാപാരികൾക്കും കേരളത്തിൽ വലിയ മെച്ചമൊന്നുമില്ല. അതിനിടയിലാണ് ചില കടുവ സ്നേഹികളും, പുലി സ്നേഹികളും, ആന സ്നേഹികളും കർഷകരെ വനം കയ്യേറ്റക്കാരായി ചിത്രീകരിച്ചുകോണ്ട് അവർക്കെതിരെ ഇറങ്ങിയിരിക്കുന്നത്.

ചൈനയിലൊക്കെ സംഭവിച്ചതുപോലെ, ഇന്ത്യയിൽ 'ഫാമിലി ഓറിയൻറ്റഡ്' ആയി ചെറുകിട കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വ്യവസായ മേഖലകളിലേക്ക് കുടിയേറാൻ മാത്രം ജോലികളോ, തൊഴിൽ സംരഭങ്ങളോ നിലവിലെ ഇൻഡ്യയിലില്ലാ. പിന്നെ നിർദേശിക്കാൻ പറ്റുന്ന പരിഹാരം കൃഷിയുടെ യന്ത്രവൽക്കരണമാണ്. അതിനാരു പണം മുടക്കും എന്നുള്ള ചോദ്യം അപ്പോൾ വരും. അത്തരം കൃഷിയിലുള്ള 'ഇൻവെസ്റ്റ്മെൻറ്റ്' നടത്താൻ ഇന്ത്യയിലെ 'കോർപ്പറേറ്റ് സെക്റ്ററിന്' താൽപര്യമില്ല.

രണ്ടു വർഷം മുമ്പ് കണ്ടതുപോലെ കാർഷിക നിയമങ്ങൾ വഴി പ്രൈവറ്റയ്സേഷൻ കൊണ്ടുവന്നിട്ട് ഇന്ത്യയിൽ അധികം പ്രയോജനം ഒന്നുമില്ല. വർക്കീസും സുഭിക്ഷ പോലുള്ള ഡിപ്പാർട്ട്മെൻറ്റ് സ്റ്റോറുകളും 1990-കൾ മുതൽ ഇന്ത്യയിൽ ഉണ്ടായിരുന്നു. ഇപ്പോൾ ആണെങ്കിൽ റിലയൻസ്, ബിഗ് ബസാർ, വിശാൽ മെഗാ മാർട്ട് തുടങ്ങിയ അനവധി വമ്പൻ ഡിപ്പാർട്ട്മെൻറ്റ് സ്റ്റോറുകൾ ഉണ്ട്.

ചൂടും ഈർപ്പവും കൂടുതൽ ഉള്ള ഇന്ത്യയിൽ പഴങ്ങളും, പച്ചക്കറികളും, പാലുൽപന്നങ്ങളും വളരെ പെട്ടന്ന് നശിച്ചു പോകുന്നത് ആധുനിക സംഭരണവും വിതരണവും കാര്യക്ഷമമല്ലാത്തതുകൊണ്ടാണ്. 'നോൺ വെജിറ്റേറിയൻറ്റെ' കാര്യത്തിലും ഇതു തന്നെ പ്രശ്നം. 'ഫുഡ് കോർപ്പറേഷൻ ഇന്ത്യയുടെ' ഗോഡൗണുകളിൽ എലി നമ്മുടെ ധാന്യങ്ങൾ വലിയ അളവിൽ കൊണ്ടുപോകുന്നു എന്നത് പല തവണ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇന്ത്യയിൽ പക്ഷെ അതിനൊന്നിനും പരിഹാരമായിട്ടില്ല.

ലോജിസ്റ്റിക്സ് മേഖലയിൽ ഇൻവെസ്റ്റ്മെൻറ്റാണ് കാർഷിക പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ അത്യന്താപേക്ഷിതമായി വേണ്ടത്. ആധുനികവൽക്കരണത്തിലൂടെയാണ് കാർഷികോൽപന്നങ്ങളുടെ കയറ്റുമതിയിൽ ഓസ്‌ട്രേലിയ, ഹോളണ്ട് - എന്നീ രാജ്യങ്ങൾ ലോകരാജ്യങ്ങളിൽ മുൻപന്തിയിൽ എത്തിയത്. കാർഷികോൽപന്നങ്ങളുടെ പാക്കേജിങ്ങിൽ ഇന്ത്യ ലോക നിലവാരത്തിന് വളരെ പിന്നിലാണുള്ളത്. കാഡ്ബറി, നെസ്‌ലെ, മാഗി - ഈ കമ്പനികളൊക്കെ ഇക്കാര്യത്തിൽ കുറച്ചു ഭേദപ്പെട്ടതാണെന്ന് മാത്രം.

റെഫ്രിജറേറ്റഡ് ട്രക്കുകൾ, കോൾഡ് സ്റ്റോറേജ് ഫെസിലിറ്റി, ട്രാൻസ്പോർട്ടേഷൻ, കാർഗോ മൂവ്മെൻറ്റ്, പാക്കേജിംഗ് - എന്നി കാര്യങ്ങളിൽ നാം വികസിത രാജ്യങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലാണ്. അത്തരം കാര്യങ്ങളിൽ  ഇൻവെസ്റ്റ്മെൻറ്റ് നടത്തി ലോക രാജ്യങ്ങളോട് കോമ്പറ്റീഷൻ ചെയ്യുന്നതാണ് കാർഷിക പ്രതിസന്ധി പരിഹരിക്കാനുള്ള ആത്യന്തിക പരിഹാരം. അതല്ലാതെ നമ്മുടെ കർഷകർ ആത്മഹത്യ ചെയ്യുന്നു എന്ന് നാഴികക്ക് നാൽപത് വട്ടം പറഞ്ഞുകൊണ്ടിരുന്നിട്ട് ഇവിടെ ആർക്കും ഒരു പ്രയോജനവും ഇല്ലാ.

കർഷക ആത്മഹത്യ ഒരു യാഥാർഥ്യമാണെന്ന് സാമൂഹ്യബോധമുള്ള പലരും ഇതിനോടകം തന്നെ അംഗീകരിച്ചു കഴിഞ്ഞു. ആ ആത്മഹത്യകൾക്ക് പരിഹാരം തേടാനുള്ള ക്രിയാത്മകമായ നടപടികളാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ആവശ്യം. ഒപ്പം കർഷകൻറ്റെ അധ്വാന ഭാരം കുറക്കുകയും കൂടി വേണം. അതിനൊക്കെ ഇൻവെസ്റ്റ്മെൻറ്റും, യന്ത്രവൽക്കരണവും, ആധുനികവൽക്കരണവും അല്ലാതെ മറ്റൊരു പോംവഴികളും നമ്മുടെ മുമ്പിൽ ഇല്ലാ.

അമേരിക്കയിൽ വാൾമാർട്ടിൻറ്റെ 'റെഫ്രിജെറേറ്റഡ് ട്രക്കുകൾ' കാർഷികോൽപന്നങ്ങൾ സംഭരിക്കാൻ രാജ്യം മുഴുവനും ഏതു സമയത്തും കറങ്ങി കൊണ്ടിരിക്കും. ഇന്ത്യയിൽ എവിടെയാണ് പ്രൈവറ്റ് കമ്പനികളുടെ ട്രക്കുകൾ അങ്ങനെ കറങ്ങുന്നത്? കാർഷിക ഉൽപ്പാദനത്തിനോടൊപ്പം സംഭരണം, സ്റ്റോറേജ്, വിതരണം - ഇവയൊക്കെ അത്യാധുനിക രീതിയിൽ നടപ്പിൽ വരുത്താൻ ലോജിസ്റ്റിക്സ് മേഖലയിൽ ഇൻവെസ്റ്റ്മെൻറ്റാണ് വേണ്ടത്.

അമേരിക്കയിലേയും, മറ്റ് പല വികസിത രാജ്യങ്ങളിലേയും കോടീശ്വരന്മാർ 'സോഷ്യൽ റെസ്പോൺസിബിലിറ്റി' ഒക്കെ ഇക്കാര്യത്തിൽ കാണിച്ചിട്ടുണ്ട്. ഇന്ത്യയിൽ പക്ഷെ 'കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസബിലിറ്റി' എന്നുള്ളത് അധികമൊന്നും നടന്നിട്ടില്ല. അതാണ് അടിസ്ഥാനപരമായ പ്രശ്നം. പ്രൈവറ്റ് സെക്റ്റർ ഇന്ത്യയിൽ ഇൻവെസ്റ്റ്മെൻറ്റിന് തയാറല്ല. അതുകൊണ്ട് ഇന്ത്യയിൽ കാർഷിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നുമില്ല. ഉൾപ്പാദകർക്കും നഷ്ടം; കൺസ്യൂമറിനും നഷ്ടം. തക്കാളി വില കൂടുന്നത് ഇക്കാരണങ്ങൾ ഒക്കെ കൊണ്ടുതന്നെയാണ്.

(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)

-വെള്ളാശേരി ജോസഫ് 

Advertisment