Advertisment

ഓട്ടിസം സ്പെക്ട്രം ഡിസോർഡർ; നേരത്തെ തിരിച്ചറിയാം!

New Update
otisum divya.jpg

കുട്ടികളിൽ കാണപ്പെടുന്ന വിവിധതരം ശാരീരിക, മാനസിക വളർച്ച തകരാറുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (എ.എസ്.ഡി). സാമൂഹ്യ ജീവിതത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ മുതൽ പെരുമാറ്റ വൈകല്യങ്ങൾ വരെ നീളുന്ന നിരവധി ലക്ഷണങ്ങളാണ് എ.എസ്.ഡിക്കുള്ളത്. ഇതുമൂലം  വ്യക്തികളിലും അവരുടെ കുടുംബങ്ങളിലും നിരവധിയായ വെല്ലുവിളികളാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്. ഈ ലേഖനത്തിലൂടെ എ.എസ്.ഡിയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ മനസിലാക്കാം

Advertisment

എന്താണ് എ.എസ്.ഡി 

നേരത്തെ പറഞ്ഞത് പോലെ കുട്ടികളിൽ കാണപ്പെടുന്ന ശാരീരികവും മാനസികവുമായ വളർച്ച തകരാറുകളാണ് എ.എസ്.ഡി. സാമൂഹ്യ ഇടപെടലിൽ ഉണ്ടാവുന്ന വെല്ലുവിളികൾ, ആശയ വിനിമയം, പെരുമാറ്റം എന്നിവയിലുണ്ടാവുന്ന വൈകല്യങ്ങൾ എന്നിവയെല്ലാം എ.എസ്.ഡിയുടെ ഭാഗമായി ഉണ്ടാകാം. അതേ സമയം ലക്ഷണങ്ങളുടെ വൈവിധ്യവും അവയുടെ തീവ്രതയിലുള്ള വ്യത്യാസവും ഉള്ളതു കൊണ്ടാണ് ഓട്ടിസത്തെ നിർവചിക്കാൻ വിശാലമായ അർത്ഥം വരുന്ന സ്പെക്ട്രം എന്ന പദം ഉപയോഗിക്കുന്നത്. കുട്ടികളിൽ മൂന്നു വയസ്സിനുള്ളിൽ കണ്ടെത്തുന്ന ഇത്തരം ലക്ഷണങ്ങൾ വ്യക്തിയുടെ ജീവിതകാലം മുഴുവൻ തുടരുകയാണ് ചെയ്യുന്നത്. 

ലക്ഷണങ്ങൾ തിരിച്ചറിയാം 

ഭാഷ വികാസം വൈകുക,   എക്കോലാലിയ(വാക്കുകൾ ആവർത്തിക്കുക ) എന്നിവയാണ് സാധാരണയായി കാണാറുള്ള ലക്ഷണങ്ങൾ. കൈകൾ വട്ടം കറക്കുക, കൈകൾ തിരിക്കുകയും മറിക്കുകയും ചെയ്യുക പോലുള്ള കാര്യങ്ങൾ ഈ രോഗലക്ഷണങ്ങൾ ഉള്ള കുട്ടികൾ ആവർത്തിച്ചു ചെയ്യുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്.

 എ.എസ്.ഡി ലക്ഷണങ്ങൾ ഉള്ള കുട്ടികളിൽ ഹൈപ്പർ ആക്റ്റീവിറ്റിയും ഹൈപ്പോസെൻസിറ്റിവിറ്റിയും കണ്ടു വരുന്നുണ്ട്. ഇന്ദ്രിയങ്ങൾ വഴി ലഭിക്കുന്ന വിവരങ്ങൾ തലച്ചോറിൽ കൃത്യമായ പ്രതികരണം സൃഷ്ടിക്കാത്തതിനാൽ ഇവരിൽ പ്രതികരണം കൂടുതലായിരിക്കും. അതു കൊണ്ടു തന്നെ സ്പർശനം, വെളിച്ചം, ശബ്ദം എന്നിവ ഒഴിവാക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ചില കുട്ടികളിൽ പ്രത്യേക വിഷയങ്ങളോടോ വസ്തുക്കളോടോ അമിതമായ താത്പര്യവും കാണാറുണ്ട്. ആശയ വിനിമയത്തിൽ ഉണ്ടാവുന്ന ബുദ്ധിമുട്ടാണ് മറ്റൊരു പ്രധാന ലക്ഷണം. വാക്കുകളോ ആംഗ്യങ്ങളോ മനസിലാക്കാനും ഇവർക്ക് ബുദ്ധിമുട്ടുന്നു. ഇതു കൊണ്ട് തന്നെ ഇവർക്ക് കൂട്ടുകൂടാനുള്ള കഴിവും കുറവാണ്. 

ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് യഥാവിധത്തിലുള്ള വൈദ്യസഹായ ഉറപ്പിക്കുന്നതിനും പുനരധിവാസ പ്രവർത്തനങ്ങൾക്കും അത്യാവശ്യമാണ്. 

കാരണങ്ങൾ എന്തൊക്കെ? 

ഓട്ടിസത്തിൻ്റെ യഥാർത്ഥ കാരണങ്ങൾ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല  എന്നതാണ് വസ്തുത. എന്നാൽ  ജനിതക കാരണങ്ങൾ, മാസം തികയാതെയുള്ള പ്രസവം, ജനന സമയത്തെ കുറഞ്ഞ ഭാരം, ഗർഭകാലത്ത് അമ്മയിലുണ്ടാവുന്ന പ്രമേഹം എന്നിവ ഓട്ടിസത്തിന് കാരണമാവുന്നുണ്ട് എന്നാണ് പഠനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. മാതാപിതാക്കളുടെ പ്രായക്കൂടുതൽ കുട്ടികളിൽ ഓട്ടിസം സാധ്യത വർധിപ്പിക്കുന്നുണ്ട് ശാസ്ത്രജ്ഞരുടെ നിഗമനം. 

കൃത്യമായ ആശയവിനിമയമില്ലാതെ, കൂടുതൽ സമയം ഡിജിറ്റൽ ഉപകരണങ്ങളിൽ സമയം ചെലവഴിക്കുന്ന വളരുന്ന കുട്ടികളിൽ കണ്ടുവരുന്ന വിർച്വൽ ഓട്ടിസം എന്ന അവസ്ഥയിലും എ.എസ്.ഡിയുടെ വിവിധ ലക്ഷണങ്ങൾ കണ്ടേക്കാം. നേരത്തെ കണ്ടെത്തി ചികിത്സ നൽകുന്നതിലൂടെ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും. 

യഥാസമയത്തെ രോഗനിർണയം നടത്താം



 ഇന്ദ്രിയ പ്രവർത്തനങ്ങളിലെ വ്യതിയാനങ്ങൾ, ഉദ്ധീപനങ്ങളിൽ ഉണ്ടാവുന്ന വൈമുഖ്യം, ആശയ വിനിമയത്തിനുള്ള ബുദ്ധിമുട്ട്,  സാമൂഹ്യമായി ഇടപഴകാൻ സാധിക്കാതെ വരിക, ചലന പ്രശ്നങ്ങൾ, അസാധാരണ പ്രതികരണങ്ങൾ എന്നിവയാണ് പ്രധാനമായ പ്രാഥമിക ലക്ഷണങ്ങൾ. പേര് വിളിക്കുമ്പോൾ പ്രതികരിക്കാതിരിക്കുക, പ്രത്യേക ശബ്ദങ്ങളോടോ കാര്യങ്ങളോടോ ഉള്ള ശക്തമായ പ്രതികരണം എന്നിവയും കുട്ടികൾ പ്രകടിപ്പിക്കാറുണ്ട്. ഈ ലക്ഷണങ്ങൾ കുട്ടികൾ പ്രകടിപ്പിച്ചാൽ  ഫിസിഷ്യനെയോ പീടിയാട്രിഷ്യനെയോ യഥാസമയം ബന്ധപ്പെടണം. 

കുട്ടികളിലെ ഓട്ടിസം ലക്ഷണങ്ങൾ യഥാസമയം കണ്ടെത്തുന്നതിൽ മാതാപിതാക്കളുടെ പങ്ക് വലുതാണ്.

മാതാപിതാക്കളുടെ കടമ 

ഓട്ടിസം ബാധിതരായ കുട്ടികളുടെ തെറാപ്പി സെഷനുകളിൽ മാതാപിതാക്കളുടെ സാന്നിധ്യം ഉണ്ടാകുന്നത് രോഗലക്ഷണങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഏറെ ഗുണം ചെയ്യും. തെറാപ്പിയിലൂടെ ഉണ്ടാവുന്ന മാറ്റങ്ങൾക്ക് പൂർണത ലഭിക്കാൻ അവർക്കിഷ്ടപ്പെടുന്ന വിധത്തിലുള്ള ക്രമീകരണങ്ങൾ വീടുകളിലും ഒരുക്കേണ്ടതുണ്ട്. ഇതു വഴി കുട്ടികളിലെ വളർച്ച പോരായ്മകളെ ലഘൂകരിക്കാൻ സാധിക്കും. 

ഭേദപ്പെടുത്താൻ സാധിക്കുമോ ?



ഓട്ടിസത്തിൽ നിന്ന് പൂർണ മുക്തി ഉറപ്പു നൽകുന്ന  ചികിത്സ രീതികളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാൽ രോഗ ലക്ഷണങ്ങളുടെ തീവ്രത കുറക്കുന്നതിനായി വിവിധ തെറാപ്പികൾ നിലവിലുണ്ട്. ഡെവലപ്പ്മെന്റൽ പീഡിയാട്രിഷന്റെയോ ക്ലിനിക്കൽ സൈജിക്കോളജിസ്റ്റിന്റെയോ സഹായത്തോടെ കുട്ടിയുടെ ലക്ഷണങ്ങൾക്ക് അനുസൃതമായുള്ള ചികിത്സ വിധി തയ്യാറാക്കാൻ സാധിക്കും. 

സ്പീച്ച് തെറാപ്പി, ഒക്യുപ്പേഷണൽ തെറാപ്പി, അപ്ലൈഡ് ബിഹേവിയറൽ അനാലിസിസ് (എ.ബി.എ) തുടങ്ങിയ വിവിധ തെറാപ്പികളും ഓട്ടിസം ബാധിതരായ കുട്ടികളുടെ പുനരധിവാസത്തിൽ വലിയ തോതിൽ ഗുണം ചെയ്യും. ഓട്ടിസം ബാധിതരായ കുട്ടികൾക്കുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ മാർഗങ്ങളിൽ ഒന്നാണ് എ.ബി.എ. കുട്ടികളിൽ ചെറിയ ചെറിയ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനുള്ള നൽകുന്ന പരിശീലനം നൽകുന്നു. ആശയവിനിമയ രീതികൾ, സാമൂഹ്യമായ ഇടപെടലുകൾ എന്നിവയെല്ലാം വർധിപ്പിക്കുന്നതിൽ വലിയ പങ്കാണ് എ.ബി.എക്കുള്ളത്. കുട്ടികളിലെ സംസാര വൈകല്യങ്ങൾ പരിഹരിക്കുന്നതിൽ വലിയ പ്രാധാന്യമാണ് സ്പീച്ച് തെറാപ്പിക്കുള്ളത്. ഓട്ടിസം കുട്ടികൾ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് ദൈനംദിന കാര്യങ്ങൾ ഉൾപ്പെടെ സ്വന്തമായി ചെയ്യാൻ കഴിയാത്ത സാഹചര്യം. ഒക്യുപ്പേഷണൽ തെറാപ്പിയിലൂടെ ഒരുപരിധി വരെ പരിഹരിക്കാൻ കഴിയും.  

ഓട്ടിസം ബാധിതരായ കുട്ടികൾ ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ പ്രോത്സാഹനം നൽകാനും അതിൽ മികവ് നേടാനും ആവശ്യമായ പ്രോത്സാഹനവും ക്രമീകരണങ്ങളും ഒരുക്കേണ്ടതുണ്ട്. ഓട്ടിസം എന്ന അവസ്ഥയുടെ വ്യാപ്തിയും വൈവിധ്യവും മനസിലാക്കി യഥാസമയം രോഗലക്ഷണങ്ങൾ തിരിച്ചറിയുക, മാതാപിതാക്കളുടെ പങ്കാളിത്തം ഉറപ്പിക്കുക, ലഭ്യമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുക എന്നത് പ്രധാനമാണ്. ബോധവത്കരണം വഴിയും സമൂഹത്തിൽ അവരുടെ ഇടം ഉറപ്പിക്കുക വഴിയും ഓട്ടിസം ബാധിതർക്ക് അവരുടേതായ രീതിയിൽ വളരാനും സാമൂഹ്യമായി വികസിക്കാനും സഹായകമായ ഒരു സമൂഹത്തെ നാം തയ്യാറാക്കേണ്ടതുണ്ട്.

തയ്യാറാക്കിയത്

ദിവ്യ കൃഷ്ണ 

റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റ് ആൻഡ് ബിഹേവിയർ അനലിസ്ററ്  

പ്രയത്ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്പ്മെന്റ്

കൊച്ചി

Advertisment