Advertisment

ശാസ്ത്രത്തിനുമപ്പുറം ചർച്ചയാകുന്ന ഭാരതീയ മിത്തുകൾ; വിശ്വസിക്കുന്നവർ അങ്ങനെ ആരാധിക്കട്ടെ, വിശ്വസിക്കട്ടെ! അത് തകർക്കുന്നതിൽ താങ്കൾ ഒരു കരുവായിക്കൂടാ

പുഷ്പകവിമാനം എന്ന ആകാശ നൗകയുടെ ചിത്രവും സാധ്യതയും നമുക്ക്‌ സമ്മാനിച്ചതും രാമായണത്തിലൂടെ വാൽമീകിയാണ്‌.

author-image
സത്യം ഡെസ്ക്
New Update
TG VIJAYAKUMAR

മിത്തും ശാസ്ത്രവും ഭാരതീയ മഹത്വവും എക്കാലവും ചർച്ച ചെയ്യപ്പെടുന്ന വസ്തുതയാണ്. ശാസ്ത്രത്തിന് ഉത്തരമില്ലാത്ത പല നി​ഗൂഢതകളും ഇന്ന് ഭൂമിയിലുണ്ട്. അതിനെ ചുറ്റിപറ്റിയുള്ള ചർച്ചകൾ പലപ്പോഴും തർക്ക വിഷയവുമാണ്. എന്നാൽ പുരാണങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ മിത്തായി മാത്രം പരി​ഗണിക്കപ്പെടുമ്പോൾ അത് വിശ്വാസത്തേയും ബാധിക്കും. സമീപകാലത്ത് ഏറെ ചർച്ചയായ മിത്ത് വിവാദത്തിൽ പ്രതികരിക്കുകയാണ് എഴുത്തുകാരൻ ടി ജി വിജയകുമാർ.

Advertisment

'പൂജ്യം' കണ്ടുപിടിച്ച, അതിന്റെ പ്രാധാന്യത്തെ ലോകത്തിനു മുൻപിൽ അവതരിപ്പിച്ചത്‌ 'ആര്യഭട്ടൻ ' എന്ന ഭരതീയ ശാസ്ത്രജ്ഞനായിരുന്നു എന്നു ചരിത്രം. അവസാനമായി വിമാനം ഉണ്ടാക്കി പറന്നു കാണിച്ചത്‌ റൈറ്റ്‌ ബ്രദേഴ്സ്‌ ആണെങ്കിലും അതിനു മുമ്പ് ഒരുപാടു പേർ പ്രയത്നിച്ചിരുന്നു എന്നും അതിനും മുമ്പ് വായുവിൽ കൂടി ഒരു വാഹനത്തിലൂടെ പറക്കാമെന്ന് ചൂണ്ടിക്കാണിച്ചതും രാമായണം എന്ന മിത്തിലൂടെ വാത്മീകിയാണ്‌ എന്നതും, മിത്തോ ചരിത്രമോ എന്നു നിശ്ചയമില്ല. പുഷ്പകവിമാനം എന്ന ആകാശ നൗകയുടെ ചിത്രവും സാധ്യതയും നമുക്ക്‌ സമ്മാനിച്ചതും രാമായണത്തിലൂടെ വാൽമീകിയാണ്‌.

ഒപ്പറേഷൻ എന്ന ആശയത്തെ ലോകത്തിനു മുൻപിൽ അവതരിപ്പിച്ചത്‌ ആരാണ്‌ ? ബിസി 1000 നും 800 നും ഇടയിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന സുശ്രുതൻ എഴുതിയ ആയുർവേദ "സുശ്രുത സംഹിത" എന്ന പാഠപുസ്തകത്തിൽ ഈ ഇന്ത്യൻ റൈനോപ്ലാസ്റ്റിക് പുനർനിർമ്മാണം പരാമർശിക്കപ്പെടുന്നു. നിരവധി ശസ്ത്രക്രിയാ ഉപകരണങ്ങളെക്കുറിച്ചും ശസ്ത്രക്രിയകളെക്കുറിച്ചും അദ്ദേഹം തന്റെ പാഠപുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. ഈ അറിവ് അദ്ദേഹത്തിന്റെ കാലത്ത് എഴുതപ്പെട്ടതും രേഖപ്പെടുത്തപ്പെട്ടതും പുരാതന ഇന്ത്യയിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് നിലനിന്നിരുന്നതുമായിരിക്കണം. 

ഇങ്ങനെ ഒരു പാടു കാര്യങ്ങൾ, ശാസ്ത്രത്തിനുമപ്പുറം ഭാരതീയ മിത്തുകളിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്‌. ഭാരതീയ ചരിത്രത്തെ, വിശ്വാസങ്ങളെ വിമശിക്കുമ്പോൾ അതൊക്കെക്കൂടി പരിഗണിക്കേണ്ടതല്ലേ? 'ഡാ വിഞ്ചി കോഡ്‌' സിനിമ കണ്ടിട്ടുണ്ടോ? ആ നോവൽ വായിച്ചിട്ടുണ്ടോ? അതിനെതിരേ ലോകത്താകമാനം ഉയർന്ന പ്രതിഷേധത്തിന്റെ അടിസ്ഥാനം യേശു ക്രിസ്തുവിന്‌ ഒരു കാമുകിയും (മഗ്ദലന മറിയം) അതിൽ ഒരു മകളും ഉണ്ടായിരുന്നു എന്നതാണ്‌.

ഗണേശപുരാണത്തിൽ മഹാഗണപതിയെ പരമാത്മാവായി വർണ്ണിച്ചിരിക്കുന്നു. ബുദ്ധിയുടെയും സിദ്ധിയുടേയും സ്മൃതിയുടേയും ഇരിപ്പിടമായാണ് മഹാഗണപതിയെ കണക്കാക്കുന്നത്. 32 ഭാവങ്ങളിലാണ് ഗണപതി ആരാധിക്കപ്പെടുന്നതത്രെ !!! അങ്ങനെ ചിന്തിക്കുന്നവർ, വിശ്വസിക്കുന്നവർ അങ്ങനെ ആരാധിക്കട്ടെ, വിശ്വസിക്കട്ടെ!

ചന്ദ്രനെ നോക്കി പെരുന്നാൾ തീരുമാനിക്കുന്നത്‌ ശാസ്ത്രമോ മിത്തോ മിസ്റ്റർ സ്പീക്കർ?  നിങ്ങൾ ഹിന്ദു മിത്തുകളേയും ഗണപതിയേയും വിമർശിക്കുമ്പോൾ അതുകൂടി ചിന്തിക്കണ്ടേ? മതസൗഹാർദ്ദം തകർക്കാൻ താങ്കൾ ഒരു കരുവായിക്കൂടാ എന്ന ആഗ്രഹം കൂടി താങ്കളുടെ ശ്രദ്ധയിൽ പെടുത്തുന്നു.

ടി.ജി വിജയകുമാർ

എഴുത്തുകാരൻ (സാഹിത്യ അക്കാദമി അവാർഡ് ജേതാവ്), തത്വമസി എസ്. അക്കാദമി ചെയർമാൻ 

Advertisment