Advertisment

താമരശ്ശേരി ചുരം കയറുന്നവർ അനുഭവിക്കുന്ന ഏറ്റവും വലിയൊരു പ്രശ്നമാണ് ഗതാഗത കുരുക്ക്. ഇങ്ങനെ വരുന്ന സമയങ്ങളിൽ യാത്രക്കാർക്ക് ഒന്ന് ശൗചാലയം ഉപയോഗിക്കണം എന്ന് വച്ചാൽ ഒരു രക്ഷയും ഇല്ല. താമരശ്ശേരി ചുരത്തിലെ ശങ്കമാറ്റാൻ എന്ത് ചെയ്യും ?

author-image
സത്യം ഡെസ്ക്
New Update
thamarasseri churam

ആയിരക്കണക്കിന് ആളുകൾ വിനോദയാത്രയ്ക്ക് വേണ്ടി തിരഞ്ഞെടുക്കുന്ന ഒരു പ്രധാനപ്പെട്ട ചുരമാണ് കുതിരവട്ടം പപ്പുവിന്റെ ഭാഷയിൽ പറഞ്ഞാൽ മ്മളെ താമരശ്ശേരി ചുരം. താമരശ്ശേരി ചുരം എന്നത് കേൾക്കാത്ത മലയാളികൾ കുറവായിരിക്കും. അത്രമാത്രം ആളുകൾ ആണ് ഇന്ന് താമരശ്ശേരി ചുരം ദിവസേനെ കയറുന്നത്. അതുകൊണ്ട് തന്നെ ഇപ്പോൾ ചുരത്തിൽ അത്രമാത്രം വാഹനങ്ങൾ സഞ്ചരിക്കുന്നുമുണ്ട്.

Advertisment

ചുരത്തിനു ഇനി വീതി കൂട്ടുവാൻ ഉണ്ടോ എന്ന് ചോദിച്ചാൽ സാധ്യത വളരെ കുറവാണ്, പക്ഷെ ഈ അടുത്ത കാലത്തായി ചുരം കയറുന്നവർ അനുഭവിക്കുന്ന ഏറ്റവും വലിയൊരു പ്രശ്നമാണ് ഗതാഗത കുരുക്ക്. 

ഏതെങ്കിലും ഒരു വാഹനം അപകടത്തിൽപ്പെടുകയോ അതല്ലെങ്കിൽ കേടായി വഴിയിൽ കുടുങ്ങുകയോ ചെയ്‌താൽ രൂക്ഷമായ ഗതാഗത കുരുക്ക് ആണ് ഉണ്ടാവുന്നത്. ചിലത് 12 മണിക്കൂർ വരെ കുടുങ്ങാറുണ്ട്.

ഇങ്ങനെ വരുന്ന സമയങ്ങളിൽ യാത്രക്കാർക്ക് ഒന്ന് ശൗചാലയം ഉപയോഗിക്കണം എന്ന് വച്ചാൽ ഒരു രക്ഷയും ഇല്ല. ഒന്നുകിൽ ലക്കിടി എത്തണം അല്ലെങ്കിൽ രണ്ടാം വളവിലെ ഹോട്ടലോ പള്ളിയോ എത്തണം. 

ഇതിനിടയിൽ ബ്ലോക്കിൽ പെട്ടിരിക്കുന്ന പുരുഷന്മാരെ സംബന്ധിച്ച് വല്യ പ്രശ്നം ഇല്ല ഏതെങ്കിലും മരത്തിന് സൈഡായി നിന്നാൽ മതി കാര്യം സാധിക്കാൻ പറ്റും, പക്ഷെ അങ്ങനെ ചെയ്യുമ്പോൾ നമ്മൾ നശിപ്പിക്കുന്നത് പ്രകൃതി രമണീയമായ ഒരു സ്ഥലമാണ്.

നിരവധി ആളുകൾ സന്ദർശിക്കുന്ന താമരശ്ശേരി ചുരത്തിൽ ഇന്ന് പല സ്ഥലങ്ങളിലും ഒന്ന് വാഹനം നിർത്തുവാൻ പോലും സാധിക്കാത്ത അവസ്ഥ ആയിട്ടുണ്ട്. പല സ്ഥലത്തും മലമൂത്ര വിസർജ്ജനത്തിന്റെ വാസന ആണ്. വാസന മാത്രമല്ല ഇതുകൊണ്ട് ഒക്കെ എന്തൊക്കെ അസുഖങ്ങൾ ആണ് ഇനി വരുവാൻ ഉള്ളത്. 

തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം പാടില്ല എന്നൊക്കെ പറയുമ്പോഴും സഹികെട്ടു ആളുകൾ ചെയ്തു പോകുന്നതിനെ നമുക്ക് കുറ്റം പറയുവാനും കഴിയില്ല. കാരണം ഇത്തരം ബ്ലോക്കുകളിൽ കുടുങ്ങുമ്പോൾ എത്ര നേരം നമുക്ക് പിടിച്ചു നിൽക്കാൻ സാധിക്കും.

നവകേരള യാത്ര നടത്തിയ മന്ത്രിമാർ അവർ സഞ്ചരിച്ച ബസ്സിൽ ബയോ ടോയ്‌ലറ്റ് സംവിധാനങ്ങൾ ഉൾപ്പെടുത്തി നടത്തിയതിനാൽ ഇത്തരം പ്രശ്നങ്ങൾ ഒന്നും തന്നെ ശ്രദ്ധിച്ചു കാണില്ല (ഇത് രാഷ്ട്രീയമായി കാണരുത്, പുതുജനത്തിന് പറയാനുള്ളത് ആണ് ഞാൻ പറയുന്നത്). 

അതുകൊണ്ട് ഒക്കെയാണ് ചുരത്തിൽ ഇത്രേം വർഷമായിട്ടും ഒരു പൊതുശൗചാലയം വാരാതിരുന്നത്.  ഞാൻ ഉൾപ്പെടെ ഉള്ള പൊതു ജനത്തിന് വേണ്ടി എനിക്ക് സർക്കാരിനോട് പറയാനുള്ളത് ഞങ്ങൾക്ക് ശങ്ക മാറ്റാൻ ഒരു പൊതു ശൗചാലയം വേണം ചുരത്തിൽ. 

രണ്ട് ഭാഗങ്ങളിൽ ആയി രണ്ട് ശൗചാലയം. ഒന്ന് 8 - 9 വളവുകൾക്കിടയിൽ എവിടെയെങ്കിലും നല്ലൊരു പാർക്കിങ് സൗകര്യം ഉള്ള സ്ഥലം. മറ്റൊന്ന് 4 - 7 നും ഇടയിൽ. 

ഇത് നിർമ്മിച്ചിട്ട് ഇതിന്റെ നടത്തിപ്പ് അവകാശം ചുരം സംരക്ഷണ സമിതി പ്രവർത്തകർക്ക് നൽകുക, അതിൽ നിന്നുള്ള വരുമാനം അവരുടെ ഭാവി പ്രവർത്തനങ്ങൾക്ക് വേണ്ടി നൽകുക (അതായത് ചുരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ) എങ്കിൽ അവർ അത് വളരെ വൃത്തിയായി സൂക്ഷിക്കുകയും പൊതുജനത്തിന് പ്രത്യേകിച്ച് സ്ത്രീകൾക്ക് ചുരം കയറുമ്പോൾ ബ്ലോക്ക് വരുന്ന സമയങ്ങൾ ശങ്ക വരുമ്പോൾ ശങ്കിച്ച് നിൽക്കാതെ ശങ്ക മാറ്റാൻ സഹായകരമാവുകയും ചെയ്യും. 

ഇത് സർക്കാരിനോട് എനിക്ക് അല്ല പൊതുജനത്തിന് പറയാൻ ഉള്ളത് ആണ്. ഈ ഒരു അഭിപ്രായത്തോട് യോജിക്കുന്ന താമരശ്ശേരി ചുരം മലമൂത്ര വിസർജ്ജനത്താൽ മലിനമാകരുത് എന്ന് ആഗ്രഹിക്കുന്ന താമരശ്ശേരി ചുരം ഇഷ്ടപ്പെടുന്ന എല്ലാവരും ശങ്കിച്ച് നിൽക്കാതെ അധികാരികളുടെ കണ്ണിൽ എത്തിക്കുക... അവരുടെ കണ്ണ് തുറപ്പിക്കുക... ഇത് ആരുടേയും ഔദാര്യമല്ല നമ്മുടെ അവകാശമാണ്.

-ജിതിൻ ഉണ്ണികുളം 

Advertisment