കൂടെ നിന്നാലും മരണം, തെറ്റിപ്പിരിഞ്ഞാലും മരണം, എതിർത്താലും മരണം … ആള്‍ ദൈവങ്ങളുടെ ഭൂമികകള്‍ക്കുള്ളില്‍ വല്ലപ്പോഴും ഒരു മരണമുറപ്പ് !! ആരോട് പറയാൻ ? ആര് കേൾക്കാന്‍ ? ‘മരണമെത്തുന്ന നേരത്തു നീയെന്‍റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ … കനലുകൾ ..’

ദാസനും വിജയനും
Sunday, June 28, 2020

മരണങ്ങളെയും ആത്മഹത്യകളെയും കുറിച്ച് എഴുതിയപ്പോൾ നെഗറ്റീവ് കാര്യങ്ങളെ ഇങ്ങനെ പ്രോത്സാഹിപ്പിക്കണോ എന്ന് ഒന്ന് രണ്ടു പേർ ചോദിച്ചത് ഓർമ്മയിൽ വെച്ചുതന്നെ ഇതെഴുതുന്നു . പലതും കണ്ടില്ല .. കേട്ടില്ല .. എന്ന മട്ടിലാണ് നമ്മുടെ നാട്ടിൽ പലരുടെയും ജീവിതം ഉന്തി തള്ളി നീക്കുന്നത് .

ഇവിടെ ഇതെഴുതുമ്പോൾ ആദ്യം തന്നെ കേരളത്തിന്റെ പൊതുവായ സ്വഭാവമനുസരിച്ച് എല്ലാറ്റിലും, നല്ലതിലും ചീത്തയിലും ഹി-മു-ക്രി- സമവാക്യങ്ങൾ പാലിച്ചില്ലെങ്കിൽ വായിക്കുന്നവർ എഴുതുന്നവരെ പ്രത്യേക മതത്തിന്റെ ആളാക്കി മാറ്റുമെന്ന വസ്തുത നിലനിൽക്കുന്നതിനാൽ ആദ്യം തന്നെ കേരളത്തിലെ പ്രമാദമായതും ചിന്തിപ്പിക്കേണ്ടതും പണം വാരിയെറിഞ്ഞതും പരമാവധി ബന്ധങ്ങളെ
പ്രയോജനപ്പെടുത്തിയതുമായ കേസിൽ നിന്നും തുടങ്ങാം .

ജെസിബി കാണുമ്പോൾ ഇപ്പോഴും നമ്മുടെ ആ തിരോധാനം ഓർമ്മയിൽ വരും . സ്വാതന്ത്ര്യസമരസേനാനി മൊയ്തുമൗലവിയുടെ മകളുടെ ഭർത്താവായിരുന്ന ചങ്ങരംകുളം ചേകന്നൂര് സ്വദേശി ചേകന്നൂർ മൗലവി . അദ്ദേഹത്തിന്‍റെ മകനെയും മരുമകനെയും പരിചയപ്പെട്ടപ്പോഴാണ് ആ ആമനുഷ്യനെ കുറിച്ചധികം അറിയുവാൻ കഴിഞ്ഞത് .

ഇത്രേം തങ്കപ്പെട്ട മനുഷ്യൻ എന്തിന് ആവശ്യമില്ലാത്ത പണിക്ക് പോയി . മതങ്ങൾ ആ ചട്ടക്കൂടുകളിൽ നിന്നുകൊണ്ട് ജനങ്ങളെ സേവിക്കട്ടെ . എന്തിനാണ്  മതങ്ങളിൽ തൊട്ടു കളിക്കുന്നത് . നൂറു കോടി ജനങ്ങൾ വിശ്വസിക്കുന്ന ഒരു തത്വസംഹിതയെ എന്തിനു തച്ചുടക്കുവാൻ ശ്രമിക്കുന്നു .

ചേകന്നൂരിന് വേണ്ടെങ്കിൽ ആ മതത്തിൽ നിന്നും പുറത്തുപോകാമായിരുന്നു. അല്ലാതെ മതത്തെ തൊട്ടുകളിച്ചാൽ ലോകത്ത് എവിടെയാണെങ്കിലും ഏത് മതമാണെങ്കിലും പണികിട്ടിയ ചരിത്രമേ ആളുകൾക്ക് പറയുവാനുള്ളൂ. ഏത് ‘ഉസ്താദാണ്’ തട്ടിക്കൊണ്ടുപോയതെങ്കിലും ഇല്ലാതാക്കാന്‍ ഉത്തരവിട്ടതെങ്കിലും ഉപ്പുതിന്നവർ ഒരിക്കൽ വെള്ളം കുടിച്ചിരിക്കും . തീർച്ച !!!

മുരിങ്ങൂർ പോട്ട ആശ്രമങ്ങൾ, കേരളത്തിൽ കൂണുകൾ പോലെ മുളച്ചുപൊങ്ങിയ ആത്മീയകേന്ദ്രങ്ങൾ. ഇഷ്ടംപോലെ മരണങ്ങളാണ് മുരിങ്ങൂർ ധ്യാനകേന്ദ്രമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നത് . അതിൽ ആത്മഹത്യകളുണ്ട് , കൊലപാതകങ്ങളുണ്ട് , ട്രെയിൻ തട്ടിയതുണ്ട്, കിണറ്റിൽ വീണതുണ്ട് … അങ്ങനെ .. അങ്ങനെ .. !!

പക്ഷെ ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോൾ വിൻസെന്റ് എം ‌പോളിനെ അന്വേഷണ ചുമതല ഏൽപ്പിച്ചുവെങ്കിലും അതിപ്പോഴും ചേകന്നൂർ കേസ് പോലെ അഭയക്കേസ് പോലെ എങ്ങുമെത്താതെ വായുവിൽ കറങ്ങിക്കൊണ്ടിരിക്കുന്നു . അഭയാക്കേസില്‍ സിബിഐ ജനങ്ങളുടെ മുന്നിൽ ആളുകളെ കാണിച്ചുകൊടുത്തു കൈകഴുകി .

മുരിങ്ങൂരില്‍  എവിടെയും എത്താതെ പ്രേതങ്ങൾ നാഷണൽ ഹൈവേയിൽ അലഞ്ഞുകൊണ്ടിരിക്കുന്നു . കേസ് മുക്കുന്നതിലും കിണറ്റില്‍ തള്ളുന്നതിലും അച്ചന്മാരെ കഴിഞ്ഞിട്ടേ ദാവൂദും ഛോട്ടാരാജനുമൊക്കെയുള്ളൂ .

വള്ളിക്കാവിലെ ആൾദൈവത്തിന്റെ ആശ്രമത്തിൽ എൺപതുകളിൽ രണ്ടു പെൺകുട്ടികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി . അന്നത് മലയാള പത്രങ്ങളൊക്കെ ഒറ്റക്കോളം വർത്തയാക്കിയപ്പോൾ ഇന്ത്യാടുഡേ കവർപേജ് സ്റ്റോറിയാക്കി മാറ്റി . പിന്നീട് ഇന്ത്യാ ടുഡേയിൽ സംഭവിച്ചത് ഞെട്ടിക്കുന്ന പ്രശ്നങ്ങളായിരുന്നു .

പിന്നീട് ഒരു പാവം സത്നം സിങ്ങ് പോക്കറ്റിൽ വെറും 600 രൂപയും ഒരു ജോഡി വസ്ത്രവും ഹവായ് ചെരുപ്പുകളുമായി ബീഹാറിലെ ഷെർഗറ്റിയിലെ വീട്ടിൽ നിന്നും 2012 മെയ് 30 ന് ഒളിച്ചോടി . ലക്‌നോവിലെ നാഷണൽ ലോ അക്കാദമിയിൽ പഠിപ്പു പൂർത്തിയാക്കാത്ത മാനസിക പിരിമുറുക്കം ഉണ്ടായിരുന്ന സത്നം ആദ്യം ഗയയിൽ എത്തി  അമ്പതു രൂപക്ക് മൊബൈൽ ഫോൺ വിറ്റു .

പിന്നീട് കൊല്ലത്തെ ആൾദൈവത്തെ ഒന്നാശ്ലേഷിക്കുവാൻ വള്ളിക്കാവിലെത്തുകയും ചെയ്തു . ആൾദൈവത്തെ ആശ്ലേഷിക്കുന്ന നേരത്ത് അറബി ഭാഷയിൽ ബിസ്മില്ലാഹി റഹ്‌മാനി റഹീം എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു .

പിന്നെ പോലീസെത്തി സത്നാം സിങ്ങ്  ലോക്കപ്പില്‍  കൊല്ലപ്പെടുകയായിരുന്നു . ആരോട് പറയാൻ ? ആര് കേൾക്കുവാൻ .? കേസൊക്കെ എവിടെയെത്തിയോ ആവൊ ? ഇക്കഴിഞ്ഞയാഴ്ച ഒരു പാവം ബ്രിട്ടീഷുകാരി കെട്ടിടത്തിൽ നിന്നും വീണു മരിച്ചത് വായിച്ചു . വീണതാണോ ? തള്ളിയിട്ടതാണോ ? എന്നാണ് അന്വേഷിക്കുന്നത് . സത്യം ആർക്കറിയാം ?

ആലപ്പുഴയുടെ സമുദായ നേതാവ് . എതിർത്തവരെല്ലാം സ്വയം ഇല്ലാതാവുന്ന മാന്ത്രിക വിദ്യകൾ . ശാശ്വതീകാനന്ദയുടെ മുങ്ങിമരണമാണ് നമ്മുടെ ഓർമ്മകളിലെ ആദ്യ മരണം എങ്കിലും അതിന് മുമ്പേ നടന്നതൊന്നും ആരും ഗൗനിച്ചിട്ടില്ലാത്തതു കൊണ്ടാകാം എണ്ണത്തിൽ പെടാതെ ഇരിക്കുന്നത് .

ശാശ്വതീകാനന്ദയുടേത് ജലസമാധിയായിരുന്നത്രേ ! ഈ സമുദായനേതാവിന്റെ കണ്ടെത്തലാണത് . ആദ്യം എതിർത്ത കോടീശ്വരനായ ആളിന്റെ മകൻ ശബരീഷ് 25 വയസ്സിൽ നെടുമ്പാശ്ശേരിയിൽ കാറ് മറിഞ്ഞു മരിക്കുകയും അത് കഴിഞ്ഞു കുറച്ചു നാളുകൾക്കുള്ളിൽ മറ്റൊരു എതിരാളിയും സമുദായ നേതാവുമായിരുന്ന ആളിന്റെ മകൻ ഇടുക്കി തൊടുപുഴയിൽ നിന്നും വരുമ്പോൾ കാർ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെടുകയും ചെയ്തു .

വിദ്യാസാഗറിന്റെ 27 വയസ്സുണ്ടായിരുന്ന മകൻ സന്ദീപ് സാഗറിന്റെയും ഗോകുലം ഗോപാലന്റെ മകന്റെയും മരണത്തിൽ ആർക്കും അത്തരത്തില്‍ പരാതിയില്ലായിരുന്നു . ആര് .. ആരോട് പറയുവാൻ ?

ചാത്തന്മാരും ദുർഗയും കാളിയുമൊക്കെ നേതാവിന്റെ ആരാധനാ മൂർത്തികൾ ആയിരുന്നുവെങ്കിലും അതിന്റേയൊക്കെ അപ്പുറം പള്ളുരുത്തിയിലെ പ്രവീൺ എന്നയാളെ തുണ്ടം തുണ്ടമാക്കി കായലിൽ എറിയുവാൻ കൂട്ടുനിന്ന പ്രിയനെപ്പോലെയുള്ള ആരാധനാമൂർത്തികൾ എന്നും നേതാവിന്റെ പ്രതിഷ്ഠയുടെ സ്ഥാനത്തുണ്ടായിരുന്നു .

ആവശ്യമുള്ളപ്പോഴൊക്കെ ശാശ്വതീകാന്ദപോലുള്ളവരുടെ ആശ്രമങ്ങളിലും കുളക്കടവുകളിലും നാഷണൽ ഹൈവേകളിലും ഒക്കെ ചാത്തന്റെ രൂപത്തിലൊക്കെ പ്രത്യക്ഷപ്പെടുവാൻ പ്രത്യേക കഴിവുകൾ ഉണ്ടായിരുന്നു .

ഇന്നിപ്പോൾ ഒരു പാവം കൂട്ടുകാരൻ , ആ നേതാവിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ . കള്ളക്കണക്കുകളുടെ ഭാണ്ഡക്കെട്ട് എന്തൊക്കെയോ എഴുതിവെച്ചുകൊണ്ട് സ്വയം തൂങ്ങിയെന്ന് പറയപ്പെടുന്നു . സ്വയമാണോ അല്ലെങ്കിൽ ചാത്തന്മാർ കെട്ടി തൂക്കിയതാണോ എന്നറിയില്ല , ആ മനുഷ്യന്റെ കാര്യവും ഇല്ലാതായിരിക്കുന്നു .

അതിന്റെയർത്ഥം ആ തെളിവുകളും നശിപ്പിക്കപ്പെട്ടിരിക്കുന്നു . അപ്പോൾ കൂടെ നിന്നാലും മരണം, തെറ്റിപ്പിരിഞ്ഞാലും മരണം, എതിർത്താലും മരണം . മരണമുറപ്പ് !!!

മരണമെത്തുന്ന നേരത്തു നീയെ൯െ്റ അരികിൽ
ഇത്തിരി നേരം ഇരിക്കണേ
കനലുകൾ കോരി മരവിച്ച വിരലുകൾ
ഒടുവിൽ നിന്നെത്തലോടി ശമിക്കുവാൻ

ഒടുവിലായകത്തേക്കെടുക്കും ശ്വാസ-
കണികയിൽ നി൯െ്റ ഗന്ധമുണ്ടാകുവാൻ .

ഇനി തുറക്കേണ്ടതില്ലാത്ത കൺകളിൽ
പ്രിയതേ നിൻമുഖം മുങ്ങിക്കിടക്കുവാൻ.
ഒരു സ്വരംപോലുമിനിയെടുക്കാത്തൊരീ
ചെവികൾ നിൻ സ്വരമുദ്രയാൽ മൂടുവാൻ.

അറിവുമോർമയും കത്തും ശിരസ്സിൽ നിൻ
ഹരിത സ്വച്ഛസ്മരണകൾ പെയ്യുവാൻ.

അധരമാം ചുംബനത്തി൯െ്റ മുറിവു നിൻ
മധുരനാമജപത്തിനാൽ കൂടുവാൻ.
പ്രണയമേ നിന്നിലേക്കു നടന്നൊരെൻ
വഴികൾ ഓർത്തെ൯െ്റ പാദം തണുക്കുവാൻ.

അതു മതി ഉടൽ മൂടിയ മണ്ണിൽ നി-
ന്നിവനു പുൽക്കൊടിയായുയർത്തേഴുന്നേൽക്കുവാൻ …

എന്തുകൊണ്ട് ഈ മരണങ്ങൾ ? എന്തുകൊണ്ട് ഇവരെ പൂട്ടുന്നില്ല ? എന്തുകൊണ്ട് ഇവരെ പേടി ?

കേരളവും ബീഹാറും യുപിയുമൊക്കെ മരണത്തിന്റെ വ്യാപാരത്തിന്റെ കാര്യത്തിൽ ഒന്നാണെന്ന് വിശ്വസിച്ചുകൊണ്ട് ദാസനും ഇനിയും ഇവരെയൊക്കെ വെച്ചുപൊറുപ്പിക്കാതെ പൂട്ടുവാൻ ചങ്കൂറ്റമുള്ളവരെ മുഖ്യമന്ത്രിയാക്കണമെന്ന് ആശിച്ചുകൊണ്ട് വിജയനും

×