Advertisment

ഉണ്ണി നായർക്ക് പ്രത്യേക ജൂറി പുരസ്കാരം

author-image
ഇ.എം റഷീദ്
Updated On
New Update
mahal movie

ബലിപെരുന്നാളിന് തിയ്യേറ്ററുകളിൽ എത്തുന്ന "മഹൽ" സിനിമയിലെ അഭിനയിത്തിന്  ഉണ്ണി നായർക്ക് ഫിലിം ക്രിറ്റിക്സിൻ്റെ പ്രത്യേക ജൂറി പുരസ്കാരം. വളാഞ്ചേരിക്കാരുടെ സിനിമയാണ് "മഹൽ ഇൻ ദ നെയിം ഓഫ് ഫാദർ". പ്രായാധിക്യത്തിൽ മറവി രോഗം ബാധിച്ച പിതാവിനെയും അദ്ദേഹത്തെ നോക്കാൻ പെടാപ്പാട്പെടുന്ന മകൻ്റെയും കഥ പറയുന്ന ചിത്രമാണ് "മഹൽ".

Advertisment

ഉമ്മ ഉപേക്ഷിച്ച് പോയ ഉപ്പയെ ഇറക്കിവിടാൻ മനസ്സുവരാത്ത മകൻ പുതിയ കാലത്തിൻ്റെ കണ്ണാടിയാണ്. രക്തബന്ധമുള്ളവർ സ്വന്തം കാര്യം നോക്കി ഒന്നും കണ്ടില്ലെന്ന് നടിച്ചപ്പോൾ എല്ലാം തൻ്റെ ചുമതലയാണെന്ന് കരുതി ജീവിച്ച ഒരു ചെറുപ്പക്കാരൻ്റെ ജീവിതത്തിൽ സംഭവിച്ച താളപ്പിഴകൾ ഹൃദയസ്പൃക്കായാണ് "വളാഞ്ചേരി ബോയ്സ്" ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

വളാഞ്ചേരിയിലെ പ്രമുഖ ഡൻഡിസ്റ്റ് ഡോ: ഹാരിസ് കഥയും തിരക്കഥയുമെഴുതി നിർമ്മിച്ച സിനിമ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ നാസർ ഇരിമ്പിളിയമാണ് സംവിധാനം ചെയ്തിരിക്കുന്നത്. അവതരണ ശൈലിയിലും കഥാതന്തുവിലും വ്യത്യസ്തത പുലർത്തുന്ന "മഹൽ" ഒരുക്കിയിരിക്കുന്നത് ഐമാക്ക് പ്രൊഡക്ഷൻ്റെ ബാനറിലാണ്.

ഈ സിനിമയിലെ അഭിനയ മികവിനാണ് ഉണ്ണി നായർക്ക് ഫിലിംക്രിറ്റിക്സിൻ്റെ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചത്. കേരളത്തില്‍ സംസ്ഥാന സർക്കാരിൻ്റെ ചലചിത്ര അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച് ജൂറി കണ്ട്, സുക്ഷ്മ നിരീക്ഷണം നടത്തി പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്ന ചലച്ചിത്ര അവാർഡാണ് ഫിലിംക്രിറ്റിക്സ് ജേതാപട്ടം.

69 ചിത്രങ്ങളാണ് അവാർഡ് നിർണ്ണയത്തിന് തെരഞ്ഞെടുത്തിരുന്നത്. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എ ചന്ദ്രശേഖര്‍, ഡോ. അരവിന്ദന്‍ വല്ലച്ചിറ, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അംഗീകാരപ്പതക്കങ്ങൾ നിര്‍ണയിച്ചത്. ഡോ. അർജുൻ പരമേശ്വറും ഷാജഹാൻ കെ.പിയുമാണ് "മഹൽ ഇൻദ നെയിം ഓഫ് ഫാദറി"ൻ്റെ സഹ നിർമ്മാതാക്കൾ. ചിത്രം ബലിപെരുന്നാളിന് ജനസമക്ഷമെത്തും. 

mahal movie-2

വളാഞ്ചേരി പൈങ്കണ്ണൂർ സ്വദേശിയായ ഉണ്ണി നായർ ''സുഡാനി ഫ്രം നൈജീരിയ" എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഉസ്താദ് ഹോട്ടൽ, ബാല്യകാലസഖി എന്നീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്ത് അഭിനയരംഗത്ത് കാലുറപ്പിച്ച അദ്ദേഹം പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. തനി നാട്ടിൻപുറത്തുകാരനായ ഉണ്ണി നായർ യുവാവായിരിക്കെ നാടകങ്ങളിൽ അഭിനയിച്ചാണ് നടനകലയിലെ തൻ്റെ വൈഭവം തെളിയിച്ചത്.

ജീവിത പ്രാരാപ്തങ്ങൾ അഭിനയമേഖലയിൽ തുടരാൻ ഉണ്ണി നായരെ അനുവദിച്ചില്ല. ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കന്നുകാലിക്കച്ചവടം തൊഴിലാക്കിയ ഉണ്ണി നായർ, സിനിമാ നടനായ ശേഷവും തൻ്റെ യഥാർത്ഥ ഉപജീവനമാർഗ്ഗം ഉപേക്ഷിച്ചില്ല. അറുപത്തിനാലുകാരനായ ഉണ്ണി നായർ മലയാള സിനിമക്ക് ഒരുമുതൽക്കൂട്ടാകും. തീർച്ച.

"മഹലി"ൽ മകൻ്റെ വേഷമിടുന്നത് നടൻ സിദ്ദീഖിൻ്റെ പുത്രൻ ഷഹീൻ സിദ്ദീഖാണ്. അച്ഛൻ്റെ വേഷമണിഞ്ഞത് ഉണ്ണി നായരും. പ്രൊഡക്ഷൻ മാനേജർ മുനവ്വർ വളാഞ്ചേരിയും ക്യാമറ വിവേകുമാണ്. പ്രശസ്ത സംവിധായകൻ ലാൽജോസ് അതിഥിതാരമായി എത്തുന്ന ചിത്രത്തിൽ നായികയായി പ്രത്യക്ഷപ്പെടുന്നത് സുപർണ്ണയാണ്.

നാദിബക്കർ, ഉഷ, ക്ഷമാകൃഷ്ണ എന്നിവരും സ്ക്രീനിൽ നിറഞ്ഞ് നിൽക്കുന്നു മുൻ മന്ത്രിയും, എം എൽ എ യുമായ ഡോക്ടർ കെ റ്റി ജലീലിന്റെ സുഹൃത്തുക്കളും നാട്ടുകാരുമായ നജീബ് കുറ്റിപ്പുറം, ലത്തീഫ് കുറ്റിപ്പുറം, വെസ്റ്റേൺ പ്രഭാകരൻ, ഡോ: നടക്കാവിൽ മുഹമ്മദലി, പുറമണ്ണൂർ മൊയ്തു മാസ്റ്റർ, പവർസ്റ്റോൺ അഷ്റഫ് തുടങ്ങിയവരും വ്യത്യസ്ത റോളുകളിൽ തിളങ്ങിയിട്ടുണ്ട്.

വളാഞ്ചേരിക്കാർ നിറഞ്ഞ് നിൽക്കുന്ന "മഹൽ" കലാമൂല്യം കൊണ്ട് വേറിട്ട് നിൽക്കുന്ന ചലചിത്രമാണ്. പിതൃസ്നേഹം നിറയുമ്പോഴും മനസ്സിലെവിടെയോ ഒളിഞ്ഞിരിക്കുന്ന "അവനവനിസം" ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തത് കാണുന്നവരുടെ ഹൃദയം നനയിക്കും. 

തനിക്ക് ചായയുണ്ടാക്കി കാണാമറയെത്തെവിടെയോ ആകാശത്തിൻ്റെ അനന്തതയിലേക്ക് കണ്ണുംനട്ടിരിക്കുന്ന ഉണ്ണി നായരുടെ രൂപം മനസ്സിൽ നിന്ന് പെട്ടന്നൊന്നും മറയില്ല. ഷഹീൻ സിദ്ദീഖും തൻ്റെ റോൾ ഗംഭീരമാക്കി. ഉണ്ണിനായർക്കും "മഹലി"ൻ്റെ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.

Advertisment