കുമരകം: കോട്ടയം - കുമരകം റോഡിലെ കോണത്താറ്റ് പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തിനുള്ള പൈലിങ്ങ് ജോലികൾക്ക് തുടക്കം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാണ്‍ വേണ്ടതു ചുരിങ്ങിയത് ഒരു വര്‍ഷം. കോട്ടയം കുമരകം റൂട്ടിലെ യാത്രാ ദുരിതം തുടരുന്നു.
പാലം പണി തീരാന്‍ ഒരു വര്‍ഷത്തിലേറെ സമയം എടുത്തു എന്നാല്‍ പ്രവേശന പാതയുടെ പണി പൂര്‍ത്തിയാക്കാന്‍ ഇതിലും കൂടുതല്‍ സമയം വേണ്ടി വന്നേക്കും. കൂടുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അപ്രോച്ച് റോഡിനാവശ്യമാണ്. കിഴക്കേക്കരയിലെ ട്രാന്‍സ്‌ഫോമര്‍ മാറ്റിയാല്‍ മാത്രമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്താന്‍ കഴിയൂ. നിര്‍മാണം പുരോഗമിക്കുമ്പോള്‍ ഇപ്പോൾ ഉള്ളതിനേക്കാൾ രൂക്ഷമായ ഗതാഗത പ്രശ്‌നവും ഉണ്ടായേക്കും.
സ്പാനുകള്‍ സ്ഥാപിക്കുന്നതിനുള്ള കോണ്‍ക്രീറ്റ് തൂണുകളുടെ നിര്‍മാണത്തിനുള്ള ജോലികളാണു നിലവില്‍ ആരംഭിച്ചിരിക്കുന്നത്. ഇരുകരകളിലും 3 സ്പാന്‍ വീതമാണു പണിയുന്നത്. ഒരു സ്പാനിന് 12.5 മീറ്റര്‍ നീളമുണ്ടാകും. സ്പാന്‍ കഴിഞ്ഞുള്ള ഭാഗത്ത് മണ്ണ് ഇറക്കിയാണു അപ്രോച്ച് റോഡിന്റെ പണി പൂര്‍ത്തിയാക്കുക.
അപ്രോച്ച് റോഡിൻ്റെ ഇരു വശങ്ങളും കല്ലുകെട്ടി ഉള്ളില്‍ മണ്ണടിച്ചു പാത നിര്‍മ്മിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ കുമരകം പോലെയുള്ള പ്രദേശങ്ങളിലെ ഉറപ്പില്ലാത്ത മണ്ണില്‍ ഇങ്ങനെയുള്ള നിര്‍മ്മാണത്തിന് ആയുസുണ്ടാകില്ലെന്ന നിഗമനത്തെ തുടര്‍ന്ന് തീരുമാനം മാറ്റി. ഇതോടെ ഇരുവശങ്ങളിലേക്കും 80 മീറ്റര്‍ വീതം നീളത്തില്‍ അപ്രോച്ച് റോഡ് നിര്‍മ്മിക്കാനാണ് അവസാനം തീരുമാനമെടുത്തത്. ഇതില്‍ പാലത്തിനു സമീപത്തെ 30 മീറ്റര്‍ സ്ലാബായി കോണ്‍ക്രീറ്റ് ചെയ്യാനും ശേഷിക്കുന്ന 50 മീറ്റര്‍ മണ്ണിട്ടുയര്‍ത്തി നിര്‍മ്മിക്കാനുമാണ് തീരുമാനം.
അപ്രോച്ച് റോഡ് നിർമ്മാണത്തോടനുബന്ധിച്ച് ചെറു വാഹനങ്ങള്‍ കടത്തി വിടുന്ന താല്‍ക്കാലിക റോഡിലേക്കു കിഴക്കു നിന്നു വരുന്ന വാഹനങ്ങള്‍ക്കു പ്രവേശിക്കുന്നതിനു മാര്‍ഗം കണ്ടെത്തണം. ഇവിടെയുള്ള ട്രാന്‍സ്‌ഫോമര്‍ മാറ്റിയാലും ഇതിനുള്ള വീതി ഉണ്ടാകുമോ എന്നതാണു പ്രശ്‌നം.
കോട്ടയം - കുമരകം റൂട്ടില്‍ രൂക്ഷമായ യാത്രാ ദുരിതമാണ് അനുഭവപ്പെടുന്നത്. കോട്ടയത്ത് നിന്നു വരുന്ന ബസുകള്‍ ആറ്റാമംഗലം പള്ളി ഭാഗം വരെ വന്നു തിരികെ പോകുന്നു. തെക്കന്‍ മേഖലയിലേക്ക് യാത്രക്കാര്‍ കിലോ മീറ്ററുകള്‍ നടന്നു പോകണം.
ഇവിടെ നിന്നു കോട്ടയത്തിനു പോകേണ്ട യാത്രക്കാരുടെ സ്ഥിതിയും വ്യത്യസ്തമല്ല. ചേര്‍ത്തല, വൈക്കം റൂട്ടിലെ യാത്രക്കാരും ദുരിതത്തിലാണ്. നിർമ്മാണ പ്രവർത്തനങ്ങൾ കൂടുതൽ വൈകരുതെന്നു മാത്രമാണ് യാത്രക്കാർ പറയുന്നത്.