കോട്ടയം: ഇന്നേക്ക് 16-ാം ദിവസം വോട്ടര്‍മാര്‍ ബൂത്തിലേക്ക്. ഏല്ലാ അടവുകളും പയറ്റി വോട്ടുറപ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍. അലസത തുടര്‍ന്നാല്‍ എതിരാളികള്‍ കളം കൈയടക്കുമെന്ന് ഉറപ്പായതോടെയാണു മൂന്നു മുന്നണികളും ബല പരീക്ഷണം ശക്തമാക്കുന്നത്.
പരസ്യപ്രചാരണം അവസാനിക്കാന്‍ അവശേഷിക്കുന്നത് ഇനി കൃത്യം രണ്ടാഴ്ചയാണ്. 16-ാം ദിവസം വോട്ടര്‍മാര്‍ ബൂത്തിലേക്കു നീങ്ങുന്നതുവരെ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്നു മൂന്നു മുന്നണികളുടെയും നേതൃത്വം ജില്ലാ ഘടകങ്ങള്‍ക്കു നിര്‍ദേശം നല്‍കി കഴിഞ്ഞു.
ഒരു വട്ടം പൊതുപര്യടനം പൂര്‍ത്തിയാക്കിയതിന്റെ ആവേശത്തിലും ആത്മവിശ്വാസത്തിലുമാണ് എല്‍.ഡി.എഫ് ക്യാമ്പും സ്ഥാനാര്‍ഥി തോമസ് ചാഴികാടനും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം പ്രധാന ഇടങ്ങളിലെല്ലാം കുറഞ്ഞതു മൂന്നു തവണയെങ്കിലും സ്ഥാനാര്‍ഥി എത്തി.
കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ.മാണി നേരിട്ടാണു പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്നത്. ചാഴികാടന്റെ നേട്ടങ്ങള്‍ക്കൊപ്പം യു.ഡി.എഫിലെ അസ്വസ്ഥതകളും മുതലാക്കി വോട്ടു കൂട്ടാനാണ് എല്‍.ഡി.എഫ്. ക്യാമ്പ് ശ്രമിക്കുന്നത്.
റോഡ് ഷോയിലെ ഓളം താഴേ തട്ടില്‍ എത്തുമെന്ന പ്രതീക്ഷയില്‍ എല്ലാം മറന്നു പോരാടുകയാണു യു.ഡി.എഫും സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജ്. സജി മഞ്ഞക്കടമ്പിലിന്റെ രാജിയുമായി ബന്ധപ്പെട്ട അസ്വസ്ഥത നിലനിൽക്കുന്നത് യു.ഡി.എഫ്. ക്യാമ്പിനെ ആശങ്കയിലാഴ്ത്തുണ്ട്.
മേല്‍ത്തട്ടിലും താഴേത്തട്ടിലും ശക്തമായ പ്രചാരണമാണ് എന്‍.ഡി.എ. കാഴ്ചവയ്ക്കുന്നത്. പുത്തന്‍ പ്രചാരണ രീതികളിലൂടെ അതിവേഗം വോട്ടര്‍മാരുടെ മനസില്‍ ഇടംപിടിയ്ക്കാനായെന്ന് എന്‍.ഡി.എ. ക്യാമ്പും സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയും കരുതുന്നു.
ബി.ജെ.പിയുടെ സംഘടനാ സംവിധാനം അടിസ്ഥാന ഘടകങ്ങളിലെ ബി.ഡി.ജെ.എസിന്റെ ശക്തിയും ഒത്തുചേര്‍ന്നാല്‍ വന്‍ മുന്നേറ്റമാണ് എന്‍.ഡി.എ. പ്രതീക്ഷിക്കുന്നത്.