കോട്ടയം: വേനല്‍ മഴ ശക്തമായി, കരുതിയിരിക്കണം ഡെങ്കിപ്പനിയെ. ജില്ലയില്‍ കഴിഞ്ഞ ഒരുമാസം ഡെങ്കിപ്പനി സംശയത്തോടെ ഇതുവരെ 85 പേര്‍ ചികിത്സ തേടി. കോട്ടയം നഗരസഭ (21), ഉദയനാപുരം (13), കാഞ്ഞിരപ്പള്ളി (10), ചങ്ങനാശേരി (8) എന്നിവിടങ്ങളിലാണ് ഇത്തരത്തില്‍ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തത്.
അയര്‍ക്കുന്നം, കൂരോപ്പട, മീനടം, ചങ്ങനാശേരി, കങ്ങഴ, എരുമേലി എന്നിവിടങ്ങളിലും ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡെങ്കിപ്പനിയുടെ സാഹചര്യത്തില്‍ മഴക്കാലപൂര്‍വ മുന്നൊരുക്ക പ്രവര്‍ത്തനങ്ങൾക്കും തുടക്കമായിരുന്നു.
എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമയി ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത വാര്‍ഡുകളില്‍ വെക്ടര്‍ സ്റ്റഡി നടത്തി കൂത്താടി സാന്നിധ്യം കണ്ടെത്തിയ രണ്ടു തോട്ടം ഉടമകള്‍ക്കും അലക്ഷ്യമായി മാലിന്യങ്ങള്‍ വലിച്ചെറിയുകയും കൂത്താടി വളരാന്‍ സാഹചര്യമൊരുക്കുകയും ചെയ്ത മൂന്നു സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കി.
എല്ലാ വാര്‍ഡുകളിലും ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ സോഴ്‌സ് റിഡക്ഷന്‍, വെക്ടര്‍ സ്റ്റഡി എന്നിവ നടത്തി. കൂത്താടികളുടെ സാന്ദ്രത കൂടിയ പ്രദേശങ്ങളില്‍ തുടര്‍പ്രവര്‍ത്തനവും നിരീക്ഷണവും ഉണ്ടായിരിക്കുമെന്നു ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജി കറുകത്ര അറിയിച്ചു.
എല്ലാ വീടുകളിലും ആരോഗ്യ ജാഗ്രത ലഘുലേഖകള്‍ നല്‍കുന്നതിനും തീരുമാനിച്ചു. പൊന്തന്‍പുഴ വനമേഖലയില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
മുന്‍കരുതല്‍
ഈഡിസ് കൊതുകുകളാണു ഡെങ്കി വൈറസ് പരത്തുന്നത്. കൊതുക് വളരാതിരിക്കാന്‍ വീട്ടിലും പരിസരത്തും വെള്ളം കെട്ടിനില്‍ക്കുന്നതു നിര്‍ബന്ധമായും ഒഴിവാക്കണം. ഈഡിസ് കൊതുകുകള്‍ മുട്ടയിടുന്നത് പ്രധാനമായും ചെറുപാത്രങ്ങളിലാണ്. ചിരട്ടകള്‍, പാത്രങ്ങള്‍, വീടിന്റെ സണ്‍ ഷേഡുകള്‍, ഫ്രിജിനു പിന്നിലെ ട്രേ, പൂച്ചെട്ടിക്കടിയിലെ ട്രേ, മുട്ടത്തോട് തുടങ്ങിയവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ആഴ്ചതോറും നീക്കംചെയ്യുക.
ശുദ്ധജലത്തിലാണ് ഈഡിസ് കൊതുകുകള്‍ മുട്ടയിടുന്നത്. അതുകൊണ്ട് ജലസംഭരണികള്‍ കൊതുക് കടക്കാത്തരീതിയില്‍ വലയോ, തുണിയോ ഉപയോഗിച്ചു പൂര്‍ണമായി മൂടിവെക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
രോഗലക്ഷണങ്ങള്‍
വൈറല്‍പനിയുടെ ലക്ഷണങ്ങള്‍ക്ക് സമാനമാണ് ഡെങ്കിപ്പനിക്കും. തീവ്രമായ പനി, ഛര്‍ദി, വിളര്‍ച്ച, അമിതമായ ക്ഷീണം, തലകറക്കം എന്നിവയെല്ലാം ഉണ്ടാകും. കൂടാതെ കണ്ണുകള്‍ക്ക് പിന്നില്‍ വേദന, പേശികളിലും സന്ധികളും വേദന തുടങ്ങിയ ലക്ഷണങ്ങളുമുണ്ട്.
രോഗം വന്നാല്‍
രോഗലക്ഷണം കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടുക. വിശ്രമമാണു പ്രധാന ചികിത്സ. അതുപോലെ വെള്ളം, മറ്റു പാനീയങ്ങള്‍ എന്നിവ കുടിക്കുന്നതും പ്രധാനമാണ്. ഇതു ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായമാകും. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് നില പരിശോധിക്കണം.