കോട്ടയം: കൃഷി ഭവന്‍ മുഖേന കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കുന്ന പച്ചക്കറി വിത്തുകളില്‍ ഏറെയും മുളയ്ക്കാത്തവയെന്നു പരാതി. ഇനി മുളച്ചവയാകട്ടെ മുരടിച്ചു നശിക്കുന്നവയും. ഹൈബ്രിഡ് വിത്തിനങ്ങള്‍ എന്ന പേരില്‍ പ്രത്യേക പായ്ക്കറ്റിലാക്കി വിതരണം ചെയ്യുന്ന വിത്തുകളാണ് ജില്ലയുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ലെന്നു കര്‍ഷകര്‍ പറയുന്നത്.
തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വെജിറ്റബിള്‍ സയന്‍സ് ഹോര്‍ട്ടി കള്‍ച്ചറല്‍ കോളജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നാണ് 25 രൂപ നിരക്കില്‍ വിത്തുകള്‍ വാങ്ങുന്നത്. ഇതു പിന്നീട് സങ്കരയിനം പച്ചക്കറി വിത്തുകളെന്നു മലയാളത്തില്‍ എഴുതിയാണു കൃഷിഭവന്‍ വഴി വില്‍പന.
സമഗ്ര പച്ചക്കറി വികസന പദ്ധതിയെന്ന ലേബലിലാണു വില്‍പ്പന വെണ്ട , തക്കാളി, പയര്‍, വഴുതന, കത്തിരിക്ക, ചീര , മുളക്, വെള്ളരി, കുമ്പളം തുടങ്ങിയവയുടെ വിത്തുകളാണ് പായ്ക്കറ്റിലുള്ളത്. നേരത്തെ ജില്ലയില്‍ കുറവിലങ്ങാട് കോഴയിലെ സര്‍ക്കാര്‍ ഫാമുകളില്‍ ഉള്‍പ്പെടെ പച്ചക്കറി വിത്തിനങ്ങള്‍ തയ്യാറാക്കി കര്‍ഷകര്‍ക്കു വിതരണം ചെയ്തിരുന്നു. ഇത് മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കാതെ തമിഴ്‌നാട്ടില്‍ നിന്നുള്ള വിത്തിനങ്ങള്‍ വാങ്ങുന്നതിനു പിന്നില്‍ ഉദ്യോഗസ്ഥരുടെ കമ്മിഷന്‍ തട്ടിപ്പാണെന്നാണു കര്‍ഷകരുടെ ആരോപണം.
ഓണം വിപണി ലക്ഷ്യമാക്കി ഇനിയും പച്ചക്കറി വിത്തുകള്‍ കൃഷി ഭവന്‍ മുഖേന വിതരണത്തിനെത്തുമെന്നാണു സൂചന. വ്യാപകമായി വിത്തുകള്‍ വിതരണം ചെയ്യാറുണ്ടെങ്കിലും പിന്നീട് തുടര്‍ പരിശോധനയൊന്നുമുണ്ടാകാറില്ല. വാങ്ങുന്നവരാകട്ടെ പകുതി പോലും നടുകയുമില്ല. മുന്‍ വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ വിതരണം ചെയ്തവയില്‍ പയറും ചീരയുമൊഴികെ പല വിത്തുകളും കിളിര്‍ത്തതു പോലുമില്ലെന്നു കര്‍ഷകര്‍ പറയുന്നു.