ജിദ്ദ: ജൂൺ അവസാന വാരം അരങ്ങേറുന്ന വിശുദ്ധ ഹജ്ജ് സംബന്ധമായ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും അധികൃതർ നടപ്പാക്കി തുടങ്ങി. ഇതിന്റെ ഭാഗമായി മക്കയിലേക്കുള്ള പ്രവേശനത്തിന് പൊതുസുരക്ഷാ വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി. ഇന്നലെ (തിങ്കൾ, 15 മെയ്) മുതലാണ് ഇത് പ്രാബല്യത്തിലായത്.
ഇതുപ്രകാരം, നാല് ഗണത്തിലുള്ള വിദേശികൾക്കാണ് ഇനി മറ്റൊരു അറിയിപ്പുണ്ടാവുന്നത് വരെ ഹജ്ജിന്റെ നഗരമായ മക്കയിലേക്കുള്ള പ്രവേശനം. ജോലി മക്കയിൽ ആണെന്ന് സ്ഥിരപ്പെടുത്തുന്ന രേഖ കൈവശമുള്ളവർ, മക്കാ ഇഖാമ കൈവശമുള്ളവർ, ഉംറ പെർമിറ്റ് ഉള്ളവർ, ഹജ്ജ് പെർമിറ്റ് ഉള്ളവർ. ഇവർക്ക് മാത്രമായി മക്കാ പ്രവേശനം നിയന്ത്രിച്ചു കഴിഞ്ഞു. ഇതല്ലാത്ത വിദേശികളെയും പ്രവാസികളെയും മക്കയിലേക്കുള്ള വഴികളിലെ സെക്യൂരിറ്റി ചെക്കിങ് പോസ്റ്റിൽ വെച്ച് തടയുകയും തിരിച്ചയക്കുകയും ചെയ്യും.
അതോടൊപ്പം, മക്ക ആസ്ഥാനമായുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾ, ഗാർഹിക തൊഴിലാളികൾ, സൗദിപൗരന്മാരുടെ വിദേശികളായ ബന്ധുക്കള്‍, സീസണ്‍ തൊഴില്‍ വിസയുളളവര്‍ അംഗീകൃത സ്ഥാപനങ്ങളിലെ കോൺട്രാക്ടർമാർ എന്നിവർക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതിനുള്ള ഓൺലൈൻ പെർമിറ്റ് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസാത്ത്) വിഭാഗം അറിയിച്ചു.
അതോടൊപ്പം, വിസിറ്റിങ് വിസയിലെത്തിയവർക്ക് ഹജ്ജ് നിർവഹിക്കാനുള്ള അനുമതിയില്ലെന്ന് സൗദി ഹജ്ജ് - ഉംറ മന്ത്രാലയം വ്യക്തമാക്കി. ഉംറ, സിയാറത്ത് വിസാ കാലാവധി 90 ദിവസമാണ്. ഇത്തരം വിസകളിലെത്തുന്നവർ വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പായി രാജ്യം വിടണമെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു. ഉംറ തീര്‍ഥാടകര്‍ ജൂണ്‍ 18 ന് മുമ്പ് സൗദി അറേബ്യ വിടണം.
ഈ മാസം 21 മുതലാണ് ഹജ്ജ് വിസയിലുള്ളവർ വിദേശങ്ങളിൽ നിന്ന് എത്തിത്തുടങ്ങുക.