മനാമ: ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മ ആയ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ മീഡിയ സിറ്റിയും സുബി ഹോംസുമായി സഹകരിച്ചു സംഘടിപ്പിച്ച മെഗാ ഇവന്റ് സുവർണം 2024 വൻ ജനപങ്കാളിത്തത്താലും ആകര്‍ഷണീയമായ കലാ പരിപടികളാലും ശ്രദ്ധിക്കപ്പെട്ടു.
ഇന്ത്യൻ എംബസ്സി സെക്കന്റ് സെക്രട്ടറി ഗിരീഷ് ചന്ദ്ര പൂജാരി മുഖ്യാഥിതി ആയ ചടങ്ങിൽ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ബിനുമണ്ണിൽ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കാഷ്യസ് കാമിലോ പെരേര, അൽ ദൂർ ആട്ടോ സർവീസസ് ഉടമ മത്തായി മാത്യു (ബാബു), പ്രോഗ്രാം കൺവീനർ വിനീത് വി പി, പത്തനംതിട്ട പ്രവാസി അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു. വി, സെക്രട്ടറി ജയേഷ് കുറുപ്പ്, ട്രഷറർ വർഗീസ് മോടിയിൽ, രക്ഷാധികാരികളായ മോനി ഒടിക്കണ്ടത്തിൽ, സക്കറിയാ സാമുവേൽ, സുഭാഷ് തോമസ്, വൈസ് പ്രസിഡണ്ട് ബോബി പുളിമൂട്ടിൽ, ജോയിന്റ് ട്രഷറർ അരുൺ പ്രസാദ്, ലേഡീസ് വിങ്ങ് പ്രസിഡന്റ് ഷീലു വർഗീസ്, സെക്രട്ടറി സിജി തോമസ് തുടങ്ങിയവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം നടത്തി.
അജു റ്റി കോശി അവതാരകനായ പരിപാടിയിൽ അസോസിയേഷൻ സെക്രട്ടറി ജയേഷ് കുറുപ്പ് സ്വാഗത പ്രസംഗവും പ്രസിഡന്റ് വിഷ്ണു.വി അധ്യക്ഷ പ്രസംഗവും നടത്തി.
ഉദ്ഘാടന പ്രസംഗം നടത്തിയ ഗിരീഷ് ചന്ദ്ര പൂജാരി പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ ഭാവി പ്രവർത്തനങ്ങള്‍ക്ക് എല്ലാ ആശംസകളും നേർന്നു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ബിനു മണ്ണിൽ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കാഷ്യസ് കാമിലോ പെരേര തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
സമ്മേളനത്തിൽ വിശിഷ്ട വ്യക്തികള്‍ക്കും ബഹ്‌റിനിൽ നാല്പത്തി ഒന്നു വർഷം പൂർത്തിയാക്കിയ ശ്രി മത്തായി മാത്യു (ബാബു)വിനും , വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ മഞ്ജരി ബുക്ക്സിന്റെ "പെൻ ഡ്രൈവ്" എന്ന കവിതാ സമാഹാരത്തിൽ ഉൾപ്പെട്ട കവിതകൾ എഴുതിയ രമ്യാ ശശിധരനും അസോസിയേഷൻ മൊമെന്റോകൾ നൽകി ആദരിച്ചു.
മാന്നാർ മലങ്കര പള്ളിയിലെ വികാരിയായ ഫാദർ മത്തായി മണപറമ്പില്‍, ഇന്ത്യൻ സ്‌കൂൾ എക്സികൂട്ടീവ് അംഗം ശ്രി ബിജു ജോർജും ബഹ്‌റിനിലെ മറ്റു വിവിധ അസോസിയേഷനുകളിലെ ഭാരവാഹികളും പങ്കെടുത്തു.
പ്രോഗ്രാം കൺവീനർ വിനീത് വി.പി നന്ദി പറഞ്ഞു പൊതുയോഗം അവസാനിപ്പിച്ചു. പരിപാടിയുടെ ഭാഗമായി പ്രശസ്ത മിമിക്രി താരം മഹേഷ് കുഞ്ഞുമോൻ അവതരിപ്പിച്ച കോമഡി ഫെസ്ററ്, പ്രശസ്ത പിന്നണി ഗായികയും ഐഡിയ സ്റ്റാർ ഫെയിം ശിഖാ പ്രഭാകറും, പ്രശസ്ത മ്യൂസിക്ക് ഡയറക്റ്ററും പിന്നണി ഗായകനുമായ ഫൈസൽ റാസിയും ചേർന്ന് അവതരിപ്പിച്ച മ്യൂസിക് ഫെസ്റ്റും ആസ്വാദകരിൽ തികച്ചും വ്യത്യസ്ഥമായ അനുഭവം സൃഷ്ടിച്ചു.
വ്യത്യസ്തമായ അമ്പതോളം ആളുകളുടെ ശബ്ദം ഒരേ നിലയിൽ അവതരിപ്പിച്ച മഹേഷ് കുഞ്ഞുമോനെ അദ്ദേഹത്തിന്റെ പരിപാടിയുടെ അവസാനം സദസ്സിലെ എല്ലാ കാണികളും ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് നിറഞ്ഞ കൈയടിയോടെ പ്രോത്സാഹിപ്പിച്ചത് തികച്ചും അവിസ്മരണീയ അനുഭവമായിരുന്നു.
ശ്രീനേഷ് മാസ്റ്റർ ആവിഷ്ക്കാരം ചെയ്ത പൂജാ നൃത്തവും, കലാ കേന്ദ്ര, ഡാസ്ലിങ് സ്റ്റാർസ്സ്, സ്‌പൈസ് ഗേൾസ്-ഐമാക്ക്, ഫാത്തിമ ഹനീഫ് & മുബീൻ തുടങ്ങിയ ടീമുകളുടെ സിനിമാറ്റിക് ഡാൻസും, സാരംഗി ശശിധർ ആവിഷ്ക്കാരം നിർവഹിച്ച അറബിക് ഡാൻസും, നിരഞ്ജന സുധീഷിൻറെ പൂജാ നൃത്തവും മറ്റും പരിപാടിക്ക് കൊഴുപ്പേകി.
ചടങ്ങിൽ ബഹ്‌റിനിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പ്രശസ്‌തരായ വ്യക്തികൾ പങ്കെടുത്തു.