കുവൈത്ത് സിറ്റി: ഗോൾഡൻ ജൂബിലിയുടെ ഭാഗമായി കേരള ഇസ്‌ലാമിക് ഗ്രൂപ് കുവൈത്ത് സംഘടിപ്പിക്കുന്ന ഖുർആൻ സമ്മേളനവും ഫലസ്തീൻ ഐക്യദാർഢ്യവും നാളെ. വൈകുന്നേരം 6 മണിക്ക് മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ കേരളത്തിൽ നിന്ന് എത്തുന്ന പ്രമുഖ ഖുർആൻ പണ്ഡിതൻ ഉസ്താദ് ബഷീർ മുഹ്‌യുദ്ധീൻ ഖുർആൻ വിളക്കും വെളിച്ചവും എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. ഫലസ്‌തീൻ ഐക്യദാർഢ്യ സെഷനിൽ ചോരയിൽ കുതിർന്ന ഫലസ്‌തീൻ എന്ന വിഷയത്തിൽ കേരള ഇസ്ലാമിക് ഗ്രൂപ്പ് വൈസ് പ്രസിഡണ്ട് ഫൈസൽ മഞ്ചേരി പ്രഭാഷണം നിർവഹിക്കും.
അന്നേ ദിവസം രാവിലെ 9 മണി മുതൽ ഇസ്‌ലാമിന്റെ ചരിത്രവും വർത്തമാനവും പറയുന്ന വിപുലമായ എക്സിബിഷൻ മസ്‌ജിദുൽ കബീർ റോയൽ ടെന്റിൽ പ്രതേകം സജ്ജമാക്കിയ സ്റ്റാളുകളിൽ നടക്കുന്നതാണ്. ഖുർആൻ, ഹദീസ്, ഇസ്ലാമിക ചരിത്രം, ആനുകാലികം തുടങ്ങിയ വിഷയങ്ങളിൽ നടക്കുന്ന പ്രദർശനത്തിൽ കുവൈറ്റിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും. ആധുനിക സാങ്കേതിക വിദ്യയും സംവിധാനങ്ങളും ഉപയോഗപെടുത്തികൊണ്ട് 50 ൽ പരം ടെന്റുകളിൽ സജ്ജീകരിക്കുന്ന എക്സിബിഷൻ പൊതുജനങ്ങൾക്ക് കാണാനുള്ള സൗകര്യം ഉണ്ടായിരിക്കും.
നേരത്തെ 2017 ൽ വൈവിധ്യമാർന്ന വിഷയങ്ങളിൽ നടത്തിയ എക്സിബിഷൻ ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. കൂടാതെ അന്നേ ദിവസം വിവിധ കാറ്റഗറികളിൽ 700 ൽ പരം മത്സരാർത്ഥികൾ പങ്കടുക്കുന്ന ഖുർആൻ മത്സരം രാവിലെ മുതൽ നടക്കുന്നുണ്ട്.
സമ്മേളനത്തിൽ കേരള ഇസ്ലാമിക് ഗ്രൂപ്പ് പ്രസിഡണ്ട് പി ടി ശരീഫ്, വൈസ് പ്രസിഡണ്ട് സക്കീർ ഹുസൈൻ തുവ്വൂർ, ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് എന്നിവരും വിവിധ അറബ് പ്രമുഖരും സാമൂഹ്യ സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്നവരും പങ്കെടുക്കും