മെല്‍ബണ്‍: വനിതാ ട്വന്റി 20 ലോകകപ്പില്‍ ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനത്തിനുശേഷം തകര്‍പ്പന്‍ ഡാന്‍സുമായി തായ്‌ലന്‍ഡ് ടീം ആരാധകര്‍ക്ക് വിരുന്നൊരുക്കി.
പാക്കിസ്ഥാനെതിരായ അവസാന ലീഗ് മത്സരം മഴ തടസപ്പെടുത്തിയപ്പോഴായിരുന്നു തായ്ലന്‍ഡ് കളിക്കാര്‍ നൃത്തവുമായി ആരാധകരെ കൈയിലെടുത്തത്. ഐ.സി.സി ഡാന്‍സ് വീഡിയോ പുറത്തുവിട്ടതോടെ സോഷ്യല്‍ മീഡിയയിലും കളിക്കാര്‍ക്ക് നിറഞ്ഞ കൈയ്യടിയാണ്.
വെങ്കാബോയ്സ് ഗാനത്തിന്റെ ഈണത്തിനൊപ്പിച്ചായിരുന്നു കളിക്കാരുടെ നൃത്തം. നൃത്തം കണ്ടതോടെ താന്‍ തായ്ലന്‍ഡ് ടീമിന്റെ ആരാധകനായി മാറിയെന്ന് അഫ്ഗാന്‍ താരം റാഷിദ് ഖാന്‍ ട്വീറ്റ് ചെയ്തു.
യോഗ്യതാ മത്സരം കളിച്ചെത്തിയ തായ്ലന്‍ഡ് ഗ്രൂപ്പ് മത്സരങ്ങളിലെ മൂന്നെണ്ണത്തിലും തോറ്റ് നേരത്തെ തന്നെ പുറത്തായിരുന്നു. അവസാന മത്സരത്തില്‍ പാക്കിസ്ഥാനെതിരേ അത്ഭുതം കാട്ടുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴായിരുന്നു മഴയെത്തിയത്.
ആദ്യം ബാറ്റ് ചെയ്ത തായ്ലന്‍ഡ് ടീം കരുത്തരായ പാക്കിസ്ഥാനെ ഞെട്ടിച്ച് 20 ഓവറില്‍ 150 റണ്‍സ് അടിച്ചെടുത്തിരുന്നു. ഓപ്പണര്‍മാരായ നറ്റാകന്‍ ചാന്ദം (56), നതാലിയ ബൂചാതം (44) എന്നിവരുടെ ഉജ്വല ബാറ്റിങ്ങാണ് തായ്ലന്‍ഡിന് കരുത്തായത്.
ചനിദ (20), നാനാപത് (20) എന്നിവര്‍ അവസാന ഓവറുകളിലും മികവുകാട്ടി. പാക്കിസ്ഥാനും നേരത്തെ തന്നെ പുറത്തായിരുന്നതിനാല്‍ മത്സരഫലം അപ്രസക്തമായിരുന്നു. ഇരു ടീമുകളും പോയന്റ് പങ്കിട്ടു.