കുട്ടികള്‍ക്കായി ‘ഡയറി ഓഫ് എ വിംപി കിഡ്’ ന്‍റെ പുത്തന്‍ കഥകള്‍

Friday, July 7, 2017

ഗ്രെഗ് ഹെഫ്‌ലി എന്ന കുട്ടിയെയും അവന്റെ ജീവിതത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളെയും ഇഷ്ടപ്പെടുന്ന വായനക്കാര്‍ക്കായി സന്തോഷകരമായ വാര്‍ത്തയാണ് വിംപി കിഡ് സീരീസിന്റെ എഴുത്തുകാരന്‍ ജെഫ് കിന്നിക്ക് പറയുവാനുള്ളത്. ‘ഡയറി ഓഫ് എ വിംപി കിഡ്’ സീരീസിന്റെ പതിനൊന്നാമത്തെ പുസ്തകമായ ‘ഡയറി ഓഫ് എ വിംപി കിഡ്  ഡബിള്‍ ഡൗണ്‍’ നവംബര്‍ 1ന് റിലീസ് ചെയ്യുന്നു.

പ്രായഭേദമന്യേ എല്ലാ വായനക്കാര്‍ക്കും ഇഷ്ടപ്പെടുന്ന കഥാപാത്രമാണ് ഗ്രെഗ് ഹെഫ്‌ലി. അതുകൊണ്ട് തന്നെയാണ് ഫിക്ഷന്‍ വിഭാഗത്തിലെ മികച്ച ഒരു പുസ്തകമായി ഇന്നും വിംപി കിഡ് സീരീസ് നിലനില്‍ക്കുന്നത്.

പുതിയ ടൈറ്റിലായ ‘ഡബിള്‍ ഡൗണ്‍’ ഗ്രെഗ് ഹെഫ്‌ലിയുടെ ജീവിതത്തിലേക്ക് കുറച്ചു കൂടി ആഴ്ന്നിറങ്ങുകയാണ്. വീഡിയോ ഗെയിംസില്‍ മാത്രം താല്പര്യമുള്ള ഗ്രെഗും തന്റെ മകന് വ്യക്തമായ ജീവിതലക്ഷ്യം ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കളുമാണ് ഈ പുസ്തകത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

ഒപ്പം ഗ്രെഗിന്റെ കൂടെ എന്നും നിന്നിട്ടുള്ള അവന്റെ കൂട്ടുകാരന്‍ റൗളിയും കഥയില്‍ നിര്‍ണായകമാകുന്നു. ബേസ്‌മെന്റില്‍ നിന്ന് ലഭിക്കുന്ന ഒരു പഴയ വീഡിയോ ക്യാമറ ഗ്രെഗിന്റെ ജീവിതത്തില്‍ സൃഷ്ടിക്കുന്ന ചില സംഭവങ്ങളും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് കഥയുടെ സാരം.

ഓരോ കഥയിലും കഥാകാരന്‍ പുലര്‍ത്തുന്ന പുതുമകളാണ് വിംപി കിഡ് സീരീസിനെ വ്യത്യസ്തമാക്കുന്നത്. ഗ്രെഗ് ഹെഫ്‌ലി എന്ന പ്രധാന കഥാപാത്രത്തിന്റെ ഡയറി കുറിപ്പുകളാണ് ഇവിടെ കഥയായി മാറുന്നത്. അവന്റെ കൈയെഴുത്തും സ്‌കെച്ചുകളുമെല്ലാം വായനക്കാരനെ പുസ്തകത്തോട് അടുപ്പിക്കുന്നു. ഇതിനോടകം ഓണ്‍ലൈന്‍ പതിപ്പും, സിനിമയും, മ്യൂസിക്ക് വീഡിയോയുമെല്ലാം ആയി വിംപി കിഡ് മാറിയിട്ടുണ്ട്.

കാര്‍ട്ടൂണിസ്റ്റ്, നടന്‍, ഗെയിം ഡിസൈനര്‍ തുടങ്ങി വിവിധ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജെഫ് കിന്നിയുടെ പ്രധാന കൃതികളില്‍ ഒന്നാണ് വിംപി കിഡ് സീരീസ്. ഡയറി ഓഫ് എ വിംപി കിഡ്, റോഡ്‌റിക്ക് റൂള്‍സ്, ദ ലാസ്റ്റ് സ്‌ട്രോ, ഡോഗ് ഡെയ്‌സ് എന്നിവയാണ് വിംപി കിഡിന്റെ ആദ്യ പതിപ്പുകള്‍.

×