ചാര്‍മിളയുടെ ആരോപണത്തില്‍ വീട്ടമ്മമാരുടെ കണ്ണില്‍ “ഡോ.ബാലചന്ദ്രന്‍” നായകനു പകരം വില്ലനായി ; സീരിയലിന്റെ റേറ്റിംഗും കുറഞ്ഞു ;കറുത്ത മുത്തില്‍ നിന്നും കിഷോര്‍ സത്യ പിന്മാറിയതല്ല, ഒഴിവാക്കിയത്.?

ഫിലിം ഡസ്ക്
Monday, June 12, 2017

മിനിസ്‌ക്രീന്‍ പ്രേമികളുടെ പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നാണ് ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കറുത്ത മുത്ത്. കിഷോര്‍ സത്യയാണ് സീരിയലിലെ കേന്ദ്ര നായകനായ ഡോ. ബാലചന്ദ്രനെ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ താന്‍ സീരിയലില്‍ നിന്ന് പടിയിറങ്ങുകയാണെന്ന് കിഷോര്‍ സത്യ പറഞ്ഞു. ഇതേ പറ്റി പല കിംവദന്തികളും ഇപ്പോള്‍ പ്രചരിയ്ക്കുന്നു.

കറുത്ത മുത്തിലെ അഭിനയത്തിനിടയില്‍ കിഷോര്‍ സത്യ പ്രതിഫലം കൂട്ടിച്ചോദിച്ചതിനെത്തുടര്‍ന്നാണ് സീരിയലില്‍ നിന്നും ഈ നായകനെ പുറത്താക്കിയെതന്നുള്ള തരത്തിലുള്ള വാര്‍ത്തകളാണ് തുടക്കത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്.

എന്നാല്‍ ഈ ആരോപണം കിഷോര്‍ സത്യ നിഷേധിച്ചു. എന്തിനാണ് ഇത്തരത്തില്‍ നെഗറ്റീവായി ചിന്തിയ്ക്കുന്നത് എന്നായിരുന്നു കിഷോറിന്റെ ചോദ്യം. കഥയില്‍ തനിക്ക് പ്രാധാന്യം നഷ്ടപ്പെടുന്നത് കൊണ്ടാണ് പിന്മാറുന്നതെന്നും കിഷോര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പ്രതിഫലം കൂട്ടിയതും റോള്‍ കുറഞ്ഞതൊന്നുമല്ല കിഷോര്‍ സത്യയുടെ പിന്മാറ്റത്തിന് കാരണം എന്നാണ് ഇപ്പോള്‍ പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍. കിഷോര്‍ പിന്മാറിയതല്ല, ഒഴിവാക്കിയതാണെന്നാണ് സീരിയലിന്റെ അണിയറയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍.

സീരിയലിന്റെ കഥാഗതി മാറുന്നതിനിടയില്‍ ചില കഥാപാത്രങ്ങള്‍ക്ക് മാറി നിക്കേണ്ടതായി വരുന്നത് സ്വഭാവികമാണ്. തുടര്‍ന്നങ്ങോട്ടുള്ള എപ്പിസോഡില്‍ തനിക്ക് റോളില്ലാത്തതിനാലാണ് താന്‍ മാറി നില്‍ക്കുന്നത്. റോളില്ലാത്തതിനുള്ള പടിയിറക്കമാണിതെന്നും കിഷോര്‍ സത്യ പറയുന്നു. മറ്റൊരു കഥാസന്ദര്‍ഭത്തിലൂടെ സീരിയല്‍ പുരോഗമിക്കുമെന്നും കിഷോര്‍ പറഞ്ഞു.

നടി ചാര്‍മിളയുടെ ആരോപണത്തെ തുടര്‍ന്നാണത്രെ കിഷോറിനെ സീരിയലില്‍ നിന്ന് പിന്മാറ്റിയത്. കിഷോര്‍ തന്നെ പ്രണയിച്ച് കല്യാണം കഴിച്ചു വഞ്ചിച്ചു എന്നായിരുന്നു ചാര്‍മിളയുടെ ആരോപണം. നാല് മാസം മാത്രമേ കിഷോറിനൊപ്പം ജീവിച്ചിട്ടുള്ളൂ. അതിനിടയില്‍ ഞാന്‍ ഗര്‍ഭിണിയായി. അയാളുടെ നിലനില്‍പിനായി എന്റെ കുഞ്ഞിനെ നശിപ്പിച്ചു എന്നും ചാര്‍മിള പറഞ്ഞിരുന്നു

കിഷോര്‍ സത്യയ്‌ക്കൊപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പമായിരുന്നു ചാര്‍മിളയുടെ ആരോപണം. ഇതോടെ കുടുംബ പ്രേക്ഷകര്‍ക്ക് കിഷോര്‍ സത്യയെ പോലൊരു നായകനെ കറുത്ത മുത്തില്‍ സങ്കല്‍പിക്കാന്‍ കഴിഞ്ഞില്ല. ഇക്കാരണത്താല്‍ സീരിയലിന്റെ റേറ്റിങ് കുറഞ്ഞപ്പോഴാണത്രെ കിഷോറിനെ ഒഴിവാക്കിയത്.

×