ടോള്‍സ്റ്റോയിയുടെ കുട്ടിക്കഥകള്‍ വായിക്കാം

Friday, July 7, 2017

സഹായം
ഒരു കച്ചവടക്കാരന് ഒരു കുതിരയും ഒരു കഴുതയുമുണ്ടായിരുന്നു. ഭാരം മുഴുവന്‍ കഴുത ചുമക്കും. കുതിര മടിയനായതിനാല്‍ ഭാരമൊന്നും ചുമക്കാതെ സന്തോഷവാനായാണ് ചന്തയില്‍നിന്നും മടങ്ങുക.
ഒരു ദിവസം കഴുതയും കുതിരയും വ്യാപാരിയും ചന്തയില്‍നിന്ന് മടങ്ങുകയായിരുന്നു. കുറെയധികം ഭാരം കയറ്റിയതിനാല്‍ കഴുത നടക്കാന്‍ വളരെ പ്രയാസപ്പെട്ടു. അത് കുതിരയോടു പറഞ്ഞു:
‘ചങ്ങാതി, എന്റെ പുറത്ത് ധാരാളം വസ്തുക്കളുണ്ട്. അവയുടെ കനത്ത ഭാരം നിമിത്തം താമസിയാതെ ഞാന്‍ വീണുപോകും. ഇതില്‍ കുറച്ചു ഭാരം താങ്കള്‍ ചുമക്കുകയാണെങ്കില്‍ എനിക്കു വലിയ സഹായമായേനേ!’
കുതിര പറഞ്ഞു:
‘ഭാരം ചുമക്കേണ്ടത് നിന്റെ ജോലിയാണ്. ഞാന്‍ ഓട്ടക്കാരനാണ്. ഇത്തരം വിലകുറഞ്ഞ വസ്തുക്കള്‍ ചുമക്കാനൊന്നും എന്നെ കിട്ടില്ല!’
കഴുത പ്രയാസപ്പെട്ട് നടന്നുനടന്ന് ഒടുവില്‍ വെയിലില്‍ തളര്‍ന്നുവീണ് ചത്തു.
കച്ചവടക്കാരന്‍ കഴുതയുടെ തോല്‍ ഉരിച്ച് മടക്കി കുതിരയുടെ പുറത്ത് കെട്ടിവെച്ചു. പിന്നെ കഴുത ചുമന്നിരുന്ന അത്രയും സാധനങ്ങളും.
വാസ്തവത്തില്‍ അപ്പോഴാണ് കഴുത പറഞ്ഞതില്‍ കാര്യമുണ്ടായിരുന്നു എന്ന് കുതിരയ്ക്കു മനസ്സിലായത്. കനത്ത ഭാരം നിമിത്തം കുതിര വേച്ചുവേച്ചു നടന്നു. ആ പാവം കഴുതയുടെ ആവശ്യം കേള്‍ക്കാതിരുന്നത് തെറ്റായിപ്പോയെന്ന് കുതിരയ്ക്ക് അപ്പോള്‍ തോന്നി!

ലാഭം

ഒരു സ്ത്രീ ഒരു പിടക്കോഴിയെ വളര്‍ത്തിയിരുന്നു. ദിവസവും ഒരു മുട്ട വീതം ആ കോഴി തന്റെ യജമാനത്തിക്കു നല്കി. മുട്ടയ്ക്കു നല്ല വില കിട്ടിത്തുടങ്ങിയതോടെ സ്ത്രീ വിചാരിച്ചു; കുറെക്കൂടി ആഹാരം കൊടുത്താല്‍ കോഴി ദിനംപ്രതി രണ്ടു മുട്ടകള്‍ ഇടുമെന്ന്. അങ്ങനെ അവര്‍ ആ കോഴിക്ക് കൂടുതല്‍ക്കൂടുതല്‍ ഭക്ഷണം കൊടുത്തു. കൂടുതല്‍ ഭക്ഷണം കിട്ടിത്തുടങ്ങിയതോടെ കോഴി തടിച്ചുതടിച്ച് രോഗിയായി. അതോടെ അതു മുട്ടയിടാതാവുകയും ചെയ്തു.

കഴുതക്കരച്ചില്‍

സിംഹം കഴുതയെയും കൂട്ടിയാണ് വേട്ടയ്ക്കിറങ്ങിയത്. കാട്ടില്‍ ഒരിടത്തുവെച്ച് സിംഹം കഴുതയോട് ഉറക്കെ വിളിച്ച് മറ്റു മൃഗങ്ങളെ തന്റെ അടുക്കലേക്കു വരുത്താന്‍ കല്പിച്ചു. അങ്ങനെ കഴുതയുടെ ശബ്ദം കേട്ട് വരുന്ന മൃഗങ്ങളെ തനിക്കു ഭക്ഷിക്കാമെന്നായിരുന്നു സിംഹത്തിന്റെ കണക്കുകൂട്ടല്‍.
കഴുത ഉറക്കെ കരച്ചില്‍ തുടങ്ങി. അതു കേട്ട് ചില മൃഗങ്ങള്‍ ആ ഭാഗത്തേക്കു വന്നപ്പോള്‍ മറഞ്ഞിരുന്ന സിംഹം അവയെ ചാടിവീണ് പിടികൂടുകയും ചെയ്തു.
സിംഹം പറഞ്ഞു:
‘നിന്റെ സ്വരത്തിലെ ഗാംഭീര്യംകൊണ്ടാണ് മൃഗങ്ങള്‍ ഇവിടേക്കു വന്നത്…മനോഹരമായ ശബ്ദമാണ് നിന്റേത്!’
പാവം കഴുത. സിംഹം കാര്യസാധ്യത്തിന്റെ സന്തോഷത്താല്‍ പറഞ്ഞത് അതു പൂര്‍ണമായും വിശ്വസിച്ചു. പിന്നീട് ഉറക്കെ കരച്ചില്‍ അതൊരു ശീലമാക്കി മാറ്റി.
സ്വാതന്ത്ര
്യം തന്നെ ജീവിതം
ഒരിക്കല്‍ വിശന്നു വലഞ്ഞ ഒരു ചെന്നായ ഒരു പട്ടിയെ കണ്ടുമുട്ടി. തടിച്ചുകൊഴുത്ത, ആരോഗ്യവാനായ പട്ടിയെ കണ്ടപ്പോള്‍ ചെന്നായ ചോദിച്ചു:
‘നീ നന്നായി തടിച്ചുകൊഴുത്തിരിക്കുന്നു. ഇത്ര അധികം ആഹാരം ആരാണ് നിനക്കു നല്കുന്നത്?’
പട്ടി പറഞ്ഞു:
‘ഞാന്‍ ഒരു മനുഷ്യന്റെ സേവകനാണ്…. അദ്ദേഹമാണ് എനിക്ക് ആഹാരം നല്കുന്നത്…!’
‘അപ്പോള്‍ അയാള്‍ നിന്നെക്കൊണ്ട് കഠിനമായ ജോലിയും ചെയ്യിപ്പിക്കുമായിരിക്കും അല്ലേ?’
ചെന്നായ ചോദിച്ചു.
പട്ടി പറഞ്ഞു:
‘ഇല്ലേയില്ല…..ഞാന്‍ രാത്രി യജമാനന്റെ വീടിനു കാവല്‍ നില്ക്കും…. അതിനുള്ള പ്രതിഫലമാണ് ഭക്ഷണം…’
‘അദ്ഭുതമായിരിക്കുന്നല്ലോ!’ ചെന്നായ ആശ്ചര്യപൂര്‍വം പട്ടിയുടെ അരികില്‍ വന്നു ചോദിച്ചു:
‘എങ്കില്‍ നീ എന്നെയുംകൂടി നിന്റെ യജമാനന്റെ അടുത്തേക്കു കൊണ്ടുപോവൂ…. എനിക്കും ഭക്ഷണം കിട്ടുമല്ലോ…’
‘തീര്‍ച്ചയായും.’
പട്ടി പറഞ്ഞു:
‘നീയും എന്നോടൊപ്പം വന്നോളൂ!’
പട്ടിയും ചെന്നായയും യജമാനന്റെ വീട് ലക്ഷ്യമാക്കി നടന്നു. കുറെ നടന്നപ്പോഴാണ് പട്ടിയുടെ കഴുത്തില്‍ തുടല്‍ കെട്ടിയ പാട് ചെന്നായ കണ്ടത്.
‘ഇതെന്താണ് …..നിന്റെ കഴുത്തില്‍ എന്തോ ഉരഞ്ഞ് രോമങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നല്ലോ…?’
ചെന്നായ ചോദിച്ചു.
പട്ടി പറഞ്ഞു:
‘അതോ….യജമാനന്‍ എന്നെ തുടലില്‍ പൂട്ടിയിടും…ആവശ്യത്തിനു മാത്രമേ തുറന്നുവിടാറുള്ളൂ!’
അതു കേട്ടപ്പോള്‍ ചെന്നായ പറഞ്ഞു:
‘ഇപ്പോഴെങ്കിലും ഈ അടയാളം എന്റെ കണ്ണില്‍പ്പെട്ടത് ഭാഗ്യം. അല്ലായിരുന്നെങ്കില്‍ ഞാനും അകപ്പെട്ടേനേ….. സുഹൃത്തേ, എത്ര പട്ടിണി കിടക്കാനും ഞാന്‍ തയ്യാറാണ്… പക്ഷേ, എനിക്ക് സ്വാതന്ത്ര്യം വേണം….!’
ചെന്നായ തിരികെ കാട്ടിലേക്കു നടന്നു.

കൊടുങ്കാറ്റ്

ഒരിക്കല്‍ കുറെ മത്സ്യത്തൊഴിലാളികള്‍ ഒരു വഞ്ചിയില്‍ കടലിലൂടെ സഞ്ചരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു കൊടുങ്കാറ്റ് ആര്‍ത്തലച്ചുവന്നത്. പോരാത്തതിന് മഴയും. കാറ്റില്‍പ്പെട്ട് വഞ്ചി ആടിയുലഞ്ഞു. വഞ്ചി ഇപ്പോള്‍ മറിയുമെന്ന ഘട്ടത്തിലെത്തി.
ആളുകളെല്ലാം തുഴ താഴെവെച്ച് ദൈവത്തോടു പ്രാര്‍ഥിച്ചു.
‘ദൈവമേ….ഞങ്ങളെ രക്ഷിക്കണേ!’
അപ്പോള്‍ കൊടുങ്കാറ്റ് വഞ്ചിയെ സമുദ്രത്തിലേക്കു വലിച്ചിഴയ്ക്കാന്‍ തുടങ്ങി. കരയില്‍നിന്നും വഞ്ചി അകന്നകന്നു പോകവേ, ആളുകള്‍ പ്രാര്‍ഥനയെ മാത്രം ശരണം പ്രാപിച്ചു.
അപ്പോള്‍ വഞ്ചിയിലെ പ്രായംചെന്ന ഒരു മത്സ്യത്തൊഴിലാളി പറഞ്ഞു:
‘കൂട്ടരേ, നിങ്ങള്‍ എന്താണ് ചെയ്യുന്നത്…. ദൈവത്തെ വിളിക്കുക…. ഒപ്പം തുഴയെടുത്ത് വഞ്ചി കരയിലേക്കു തുഴയുകയും ചെയ്യുക. താന്‍ പാതി ദൈവം പാതി എന്നല്ലേ….നിങ്ങള്‍ നിങ്ങളുടെ പാതി നിറവേറ്റാതെ ദൈവത്തോടു കേഴുന്നതിലെന്തു കാര്യം?’
അതോടെ മത്സ്യത്തൊഴിലാളികള്‍ തുഴ കൈയിലെടുത്തു. അവര്‍ തുഴയാന്‍ തുടങ്ങിയതോടെ വഞ്ചി കരയിലേക്കു നീങ്ങി.

×