പോളിടെക്നിക് പ്രവേശന നടപടി പരിഷ്കരിച്ചു

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, July 7, 2017

വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഉപകാരപ്രദമാകുന്ന രീതിയിൽ പോളിടെക്നിക് പ്രവേശന നടപടി പരിഷ്കരിച്ചു. യോഗ്യതാ പരീക്ഷയ്ക്കു ലഭിച്ച ഗ്രേഡ് പോയിന്റു പ്രകാരം കണക്കാക്കിയ ഇൻഡക്സ് മാർക്കിന്റെ അടിസ്ഥാനത്തിൽ തയാറാക്കുന്ന റാങ്ക് പട്ടികയിൽനിന്നാണു പ്രവേശനം. താൽക്കാലിക റാങ്ക് പട്ടികയും ട്രയൽ അലോട്മെന്റും ആദ്യം പ്രസിദ്ധീകരിക്കും. ട്രയൽ അലോട്മെന്റിൽ പരാതിയുണ്ടെങ്കിൽ സമർപ്പിക്കാനും ഓപ്ഷൻ മാറ്റിക്കൊടുക്കാനും അവസരമുണ്ട്. തുടർന്നു റാങ്ക് പട്ടികയും അലോട്മെന്റും പ്രസിദ്ധീകരിക്കും. ആദ്യ ചോയ്സ് തന്നെ അലോട് ചെയ്തിട്ടുണ്ടെങ്കിൽ അതു ലഭിച്ച സ്ഥാപനത്തിൽ ലഭിച്ച ബ്രാഞ്ചിൽ മുഴുവൻ ഫീസും അടച്ചു പ്രവേശനം നേടണം. ഇല്ലെങ്കിൽ പ്രവേശന നടപടിയിൽനിന്നു പുറത്താകും.

വിദ്യാർഥിക്ക് ഒന്നാമത്തെ ഓപ്ഷൻ ലഭിക്കാത്തതിനാൽ കിട്ടിയ ഓപ്ഷൻ മതിയെങ്കിൽ ഉയർന്നവ റദ്ദാക്കി അഡ്മിഷൻ ലഭിച്ച ബ്രാഞ്ചിൽ മുഴുവൻ ഫീസും അടച്ചു പ്രവേശനം നേടണം. പ്രവേശനം നേടിയാൽ അവർക്കു വേറൊരു അവസരം ലഭിക്കില്ല. വിദ്യാർഥിക്കു കിട്ടിയ ബ്രാഞ്ച് നിലനിർത്തുകയും ഒപ്പം ഉയർന്ന ഓപ്ഷനു ശ്രമിക്കുകയും ചെയ്യണമെങ്കിൽ സൗകര്യപ്രദമായ സർക്കാർ, എയ്ഡഡ് പോളിടെക്നിക്കുകളിൽ അപേക്ഷയോടൊപ്പം പറഞ്ഞിട്ടുള്ള എല്ലാ സർട്ടിഫിക്കറ്റുകളും സമർപ്പിച്ചു റജിസ്റ്റർ ചെയ്യണം. റജിസ്ട്രേഷനോടൊപ്പം ഫീസ് അടയ്ക്കേണ്ട. തുടർന്നുള്ള അലോട്മെന്റുകളിൽ ഇഷ്ടപ്പെട്ട ബ്രാഞ്ച് ലഭിച്ചാൽ പ്രവേശനം നേടുകയും ഓൺലൈനായിത്തന്നെ കിട്ടിയ അലോട്മെന്റുകൾ നിലനിർത്തുകയോ ഓപ്ഷനുകൾ അറേഞ്ച് ചെയ്യുകയോ ചെയ്യാം.

ഉയർന്ന ഓപ്ഷനുകൾ മാത്രം നിലനിർത്തണമെങ്കിൽ സൗകര്യപ്രദമായ സർക്കാർ, എയ്ഡഡ് പോളിടെക്നിക്കിൽ ഉയർന്ന ഓപ്ഷൻ മാത്രം റജിസ്റ്റർ ചെയ്യാം. അവർക്കു ലഭിച്ച അലോട്മെന്റ് നഷ്ടപ്പെടും. തുടർന്നുള്ള അലോട്മെന്റിൽ ഉയർന്ന ഓപ്ഷനു മാത്രം ശ്രമിക്കാം. ഉയർന്ന ഓപ്ഷനുകൾ പരസ്പരം മാറ്റുകയോ ഏതെങ്കിലും ഉയർന്ന ഓപ്ഷനുകൾ ഇല്ലാതാക്കുകയോ ചെയ്യാം. ഇപ്പോൾ നാല് അലോട്മെന്റാണ് പ്രോസ്പെക്ടസിൽ പറ‍ഞ്ഞിട്ടുള്ളത്. അന്തിമ അലോട്മെന്റിനു മുൻപ് ഓപ്ഷനുകളിൽ മാറ്റം വരുത്താനും വേണ്ടാത്തത് ഒഴിവാക്കാനും അവസരമുണ്ട്. അന്തിമ അലോട്മെന്റിൽ ലഭിക്കുന്ന ബ്രാഞ്ചിൽ പ്രവേശനം നേടണം.

×