റോസച്ചെടികള്‍ എങ്ങനെ പരിപാലിക്കാം ?

Wednesday, July 5, 2017

നമ്മുടെ വീടുകളിലെ പൂന്തോട്ടങ്ങളില്‍ റോസച്ചെടി സര്‍വ്വസാധാരണമാണ്. വീടുകളില്‍ കമ്പുകള്‍ നാട്ടിയാണ് റോസച്ചെടികള്‍ വളര്‍ത്തുന്നത്. എന്നാല്‍ റോസച്ചെടികളില്‍ പരിക്ഷണങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത വര്‍ണ്ണവൈവിധ്യം പുതിയ ഇനങ്ങളെ വീടുകളില്‍ എത്തിച്ചിരിക്കുകയാണ്.

ബഡ്ഡു തൈകളാണ് ഇന്ന് റോസച്ചെടികളില്‍ കൂടുതലും വളര്‍ത്തുന്നത്. ഇത്തരത്തിലുള്ള ചെടികള്‍ നട്ടുവളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങളുണ്ട്. സാധാരണയായി നഴ്‌സറികളില്‍ നിന്ന് വാങ്ങുന്ന തൈകള്‍ ചെടിച്ചട്ടികളിലാണ് നാം വളര്‍ത്തുന്നത്. ചെടിച്ചട്ടികളുടെ ദ്വാരത്തിന്റെ സ്ഥാനത്ത് ഒരു ഓടിന്റെ കഷണം വെച്ച് നീര്‍വാര്‍ച്ച സൗകര്യം ഉറപ്പുവരുത്തി അതില്‍ മണ്ണ്, ജൈവവളം, മണല്‍ എന്നിവ നിറച്ച് റോസച്ചെടികല്‍ നടാവുന്നതാണ്.

ചട്ടിയുടെ മുക്കാല്‍ ഭാഗത്തോളം മണ്ണ് നിറയ്ക്കുന്നതാണ് നല്ലത്. ബാക്കിഭാഗം പിന്നീട് വളപ്രയോഗത്തിനുള്ള സ്ഥലമായി മാറ്റിയിടണം. നഴ്‌സറിയില്‍ നിന്ന് വാങ്ങിയ ചെടികള്‍ നടുന്നതിന് മുമ്പ് പ്ലാസ്റ്റിക് കവര്‍നീക്കിയ ശേഷം അതിന്റെ വലുപ്പത്തില്‍ ചട്ടിയിലെ മണ്ണ് നീക്കി വേണം തൈകള്‍ നടുവാന്‍. തൈകളുടെ ബഡ്ഡു ചെയ്തഭാഗം മണ്ണിനു മുകളിലായിരിക്കണം. രണ്ടാഴ്ച നന്നായി നനക്കുന്നത് നല്ലതാണ്.

തൈകള്‍നടുവാന്‍ നേരത്ത് തൈകളിലെ ആവശ്യമില്ലാത്ത ഇലകള്‍, പൂക്കള്‍, മൊട്ടുകള്‍ എന്നിവ പറിച്ച് കളയണം. ഇത് നന്നായി ചെടി പുഷ്ടിപ്പെടുവാന്‍ സഹായിക്കും. ശേഷം ഒന്നുകൂടെ മൊട്ടുകള്‍ നുള്ളിക്കളയുന്നത് നല്ലതാണ്.

ചെടികള്‍ നട്ട് ഒരുമാസത്തിനുള്ളില്‍ ഗാര്‍ഡന്‍മിക്‌സ്ചര്‍ നല്‍കണം. മുട്ടത്തോടിന്റെ പൊടി, ചകിരി എന്നിവ ചെടിച്ചോട്ടില്‍ ഇട്ട് നനയ്ക്കണം. രോഗബാധയുണ്ടെങ്കില്‍ മുരടിച്ച ഇലകള്‍ നീക്കം ചെയ്യണം. കീടനാശിനി പ്രയോഗവും നടത്താവുന്നതാണ്. പൂക്കള്‍ ഉണ്ടാകുവാന്‍ ഹോര്‍മോണ്‍ പ്രയോഗവും നടത്താറുണ്ട്.

റോസച്ചെടിച്ചട്ടികള്‍ നല്ല വെയില്‍ ലഭിക്കുന്ന സ്ഥലത്ത് വെക്കുന്നതാണ് നല്ലത്. നാടന്‍ ഇനങ്ങളുടെ മൂത്തകമ്പുകളുടെ അഗ്രഭാഗത്ത് ചാണകം പുരട്ടി നട്ടാല്‍ വേഗത്തില്‍ കിളിര്‍ക്കും.

×