ഹസ്ക്‌വർണ ബ്രാൻഡിലുള്ള മോട്ടോർ സൈക്കിളുകൾ വിൽപ്പനയ്ക്കെത്തിക്കാനൊരുങ്ങുന്നു

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, July 7, 2017

വികസിത രാജ്യങ്ങൾക്കു പുറമെ മറ്റു വിപണികളിലും ഹസ്ക്‌വർണ ബ്രാൻഡിലുള്ള മോട്ടോർ സൈക്കിളുകൾ വിൽപ്പനയ്ക്കെത്തിക്കാൻ ബജാജ് ഓട്ടോയും ഓസ്ട്രിയൻ പങ്കാളിയായ കെ ടി എമ്മും ഒരുങ്ങുന്നു. 2013ലാണു ഹസ്ക്വർണ വ്യാപാര നാമം ഉപയോഗിക്കാനുള്ള ദീർഘകാല കരാറിൽ കെ ടി എമ്മും ജർമൻ വാഹന നിർമാതാക്കളായ ബി എം ഡബ്ല്യുവും ഒപ്പിട്ടത്. തുടർന്നു ജർമനി പോലുള്ള യൂറോപ്യൻ രാജ്യങ്ങളിലും കാനഡയിലുമൊക്കെ ഹസ്ക്‌വർണ ശ്രേണിയിലെ ബൈക്കുകൾ കെ ടി എം വിൽക്കുന്നുണ്ട്.

വികസിത രാജ്യങ്ങളിൽ ഓഫ് റോഡ് ബൈക്ക് എന്ന നിലയിലാണ് കെ ടി എം ഹസ്ക്‌വർണ ബ്രാൻഡിലുള്ള ബൈക്കുകൾ വിൽക്കുന്നതെന്ന് ബജാജ് ഓട്ടോ ലിമിറ്റഡ് പ്രസിഡന്റ്(ബിസിനസ് ഡവലപ്മെന്റ് ആൻഡ് അഷ്വറൻസ്) എസ് രവികുമാർ അറിയിച്ചു. വൈകാതെ ആഗോളതലത്തിൽ തന്നെ ഓഫ് റോഡ് വിഭാഗത്തിൽ ഹസ്ക്‌വർണയെ വിൽപ്പനയ്ക്കെത്തിക്കാനാണു കമ്പനികളുടെ ആലോചനയെന്നും അദ്ദേഹം വെളിപ്പെടുത്തി. വിപണി വ്യാപനത്തിന്റെ ഭാഗമായി ഹസ്ക്വർണ ശ്രേണിയിൽ പുതിയ മോഡലുകൾ വികസിപ്പിക്കാനും കെ ടി എം നടപടി തുടങ്ങിയിട്ടുണ്ട്. ഇതിൽ ആദ്യ ബൈക്കുകൾ വർഷാവസാനത്തോടെ നിർമാണസജ്ജമാവുമെന്നാണു പ്രതീക്ഷ.

‘വിറ്റ്പിലെൻ 401’, ‘സ്വാർട്പിലെൻ 401’, ‘വിറ്റ്പിലെൻ 701’ തുടങ്ങിയ മോഡലുകൾ ഓസ്ട്രിയയിലെ മാറ്റിഗോഫൻ ശാലയിലാണു കെ ടി എം നിർമിക്കുക; അടുത്ത വർഷം ആദ്യത്തോടെ ബൈക്കുകൾ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. തുടർന്ന് ലോക വിപണികൾ ലക്ഷ്യമിട്ട് ‘വിറ്റ്പിലെൻ 401’, ‘സ്വാർട്പിലെൻ 401’ ബൈക്കുകളുടെ നിർമാണം പുണെയ്ക്കടുത്ത് ചക്കനിലുള്ള ബജാജ് ശാലയ്ക്കു കൈമാറാനാണു കെ ടി എമ്മിന്റെ പദ്ധതി. നിലവിൽ കെ ടി എമ്മിനായി ഇക്കൊല്ലം ഒരു ലക്ഷത്തോളം ബൈക്കുകൾ ഇന്ത്യയിൽ നിർമിച്ചു കയറ്റുമതി ചെയ്യാനാണു ബജാജ് ഓട്ടോ ലക്ഷ്യമിടുന്നത്.

മൂന്നു വർഷത്തിനകം കെ ടി എം, ഹസ്ക്വർണ ശ്രേണികളിലെ ബൈക്ക് കയറ്റുമതി രണ്ടു ലക്ഷത്തിലേറെ യൂണിറ്റാവുമെന്നും ബജാജ് കരുതുന്നു. ഈ ലക്ഷ്യം നിറവേറ്റാൻ ചക്കൻ ശാലയുടെ ഉൽപ്പാദനശേഷി പ്രതിവർഷം രണ്ടു ലക്ഷം യൂണിറ്റാക്കി ഉയർത്താനുള്ള നടപടികൾ പുരോഗതിയിലാണെന്നും രവികുമാർ അറിയിച്ചു. അതേസമയം ചക്കനിൽ വികസന പ്രവർത്തനത്തിനുള്ള നിക്ഷേപം എത്രയാവുമെന്ന് വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു. ഇന്ത്യയിലും ഇന്തൊനീഷയിലും കെ ടി എം മോഡലുകൾക്ക് സമാനമായ നിലവാരത്തിലാവും ഹസ്ക്വർണയുടെ വിൽപ്പനയെന്നും അദ്ദേഹം സൂചിപ്പിച്ചു.

 

×