Advertisment

പ്രൗഢഗംഭീരം, ഡബ്ലിനിൽ ഇന്ത്യാ ഫെസ്റ്റ് ആഘോഷങ്ങൾ വർണ്ണോജ്വലമായി

author-image
athira kk
Updated On
New Update

ഡബ്ലിൻ : ആയിരകണക്കിന് ഇന്ത്യക്കാർ അണിനിരന്ന ഡൺലേരി ഇന്ത്യാ ഫെസ്റ്റിന് ആവേശോജ്വലമായ പരിസമാപ്‌തി.ഇന്ത്യയുടെ സമ്പന്നമായ പൈതൃകവും പാരമ്പര്യവും വൈവിധ്യവും സംസ്‌കാരവും അടയാളപ്പെടുത്തിയ മഹാസംഗമമായി അക്ഷരാർത്ഥത്തിൽ മാറുകയായിരുന്നു ഡൺലേരി കൗണ്ടി കൗൺസിലിന്റെ സഹകരണത്തോടെ ഇതാദ്യമായി സംഘടിപ്പിച്ച ഇന്ത്യാ ഫെസ്റ്റ്.

Advertisment

publive-image

തെളിഞ്ഞ കാലാവസ്ഥയിൽ രാവിലെ മുതൽ ഒഴുകിയെത്തിയ ജനസഹസ്രങ്ങൾ സമ്മേളനവേദിയെ അക്ഷരാർത്ഥത്തിൽ ഇന്ത്യയുടെ പരിഛേദമാക്കി. ത്രിവർണ്ണ പതാകയും,കൊടിത്തോരണങ്ങളും അലങ്കരിച്ച വിശാലമായ കിൽബോഗട്ട് മൈതാനം ഭാരതമെന്ന ഒറ്റവികാരത്തിൽ നിറയുന്ന കാഴ്‌ച ആരെയും അതിശയിപ്പിക്കുന്നതായിരുന്നു.

നൂറുകണക്കിന് ഐറിഷുകാരും,മറ്റു രാജ്യക്കാരും ഇന്ത്യയൊരുക്കിയ വർണ്ണവിസ്മയത്തിൽ ആവേശപൂർവ്വം പങ്കെടുത്തു.മേളയിൽ ഒരുക്കിയ ഭക്ഷണശാലകൾക്ക് മുമ്പിൽ നീണ്ട ക്യൂ കാണാമായിരുന്നു.പത്തിലധികം ഭക്ഷണശാലകൾ ഉണ്ടായിരുന്നിട്ടും ഒരു വേള കലവറകളെല്ലാം ശൂന്യമായിട്ടും ഇഷ്ടവിഭവങ്ങൾ വീണ്ടുമെത്തും വരെ വാങ്ങാൻ കാത്തുനിന്നവർ മറ്റെങ്ങും കാണാത്ത കാഴ്ചയായി.

രാവിലെ ആരംഭിച്ച കായികോത്സത്തിൽ അമ്പെയ്ത്തും,ഹൈജംബും മുതൽ ക്രിക്കറ്റ് വരെ നിരവധി ഇനങ്ങൾ ഉൾപ്പെടുത്തിയിരുന്നു.ഇതേ സമയം തന്നെ ഒരുക്കിയ യോഗാ പ്രദർശന പരിശീലനത്തിലും നിരവധി പേർ അണിനിരന്നു.ഗാർഡാ സൂപ്രണ്ട് ബ്രിയാൻ ഓ കീഫ് കായിക മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. അയർലണ്ട് ഇതേവരെ ദർശിച്ചിട്ടില്ലാത്തത്ര കലാരൂപങ്ങളുടെ അവതരണത്തിൽ ഒട്ടുമിക്ക എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരും പങ്കെടുത്തു.

തുടർന്ന് പൊതുസമ്മേനളനത്തിന് ഒരുക്കമായി ഡ്യൂ ഡ്രോപ്സിന്റെ കലാസംഘവും,ഇന്ത്യാ ഫെസ്റ്റ് സംഘാടക സമിതിയും ചേർന്ന് വിശിഷ്ടാതിഥികളെ വേദിയിലേക്ക് ആനയിച്ചു. ഡണ്‍ലേരി കൗണ്ടി കൗണ്‍സില്‍ മേയര്‍ കൗണ്‍സിലര്‍ മേരി ഹാനഫിന്‍, ഇന്ത്യന്‍ എംബസി സെക്കൻഡ് സെക്രട്ടറി ടെറൻസ് ജൂഡ് ഡിക്ക് , ഗാര്‍ഡ ചീഫ് സൂപ്രണ്ട് മാത്യു നൈലാന്‍ഡ്, എന്നിവരോടൊപ്പം ഡോ.പൂരി ( ചെയർമാൻ ,ഫെഡറേഷൻ ഓഫ് ഇന്ത്യൻ കമ്യുണിറ്റീസ് ഇൻ അയർലണ്ട് ) തോമസ് ജോസഫ് (ചെയർമാൻ ,സോഷ്യൽ സ്‌പേസ് അയർലണ്ട്) കൗണ്ടി കൗൺസിൽ കമ്മ്യുണിറ്റികാര്യ ചുമതലയുള്ള തെരേസ ലാംഗൻ എന്നിവരും വേദിയിൽ എത്തിയതോടെ സമ്മേളനത്തിന് തുടക്കമായി.

ഇന്ത്യാ ഫെസ്റ്റിന്റെ അമരക്കാരായി പ്രവർത്തിച്ച സോഷ്യൽ സ്‌പേസ് അയർലണ്ടിന്റെ ഭാരവാഹികളുടെ സാന്നിധ്യത്തിൽ നിലവിളക്ക് തെളിയിച്ചു. ഡൺലേരി കൗണ്ടി കൗൺസിൽ പരിധിയിൽ താമസിക്കുന്ന വിവിധ ദേശീയതകളിൽ നിന്നുള്ളവരും,തദ്ദേശീയ സംഘടനകളും ചേർന്നുള്ള ഏകോപനസമിതിയായ ഡൺലേരി ഇന്റഗ്രേഷൻ ഫോറത്തിന്റെ ചെയർപേഴ്‌സൺ റെജി സി ജേക്കബ് സ്വാഗതവും ,സോഷ്യൽ സ്‌പേസ് അയർലണ്ട് സെക്രട്ടറി സന്തോഷ് ജോസഫ് നന്ദിയും പറഞ്ഞു.

ശിങ്കാരിമേളവും ഭരതനാട്യവും ,കുട്ടികൾ അവതരിപ്പിച്ച ഒഡിസി ഡാന്‍സ് പെര്‍ഫോമന്‍സുമെല്ലാം ഒന്നിന് പുറകെ ഒന്നായി വേദിയിൽ അവതരിപ്പിച്ചതിന് പിന്നാലെ ഷാംറോക്ക് സബ് ജൂനിയേഴ്സ് അവതരിപ്പിച്ച ഭാംഗ്രയും ,മറാത്തി ഫോക് ഡാന്‍സുമെല്ലാം ജനഹൃദയം കവരുന്നതായിരുന്നു.

ബോളിവുഡ് ഡാന്‍സ് ടീമും , ദേശീയോദ്ഗ്രഥനത്തിന്റെ മാറ്റൊലി മുഴക്കിയ കഥക് ഐറിഷ് ഫ്യൂഷന്‍ ഡാന്‍സും. ബോളിവുഡ് മീറ്റ്സ് മോളി വുഡ് മിശ്രിത ചുവടുകളുമെല്ലാം കരഘോഷത്തോടെയാണ് ജനം സ്വീകരിച്ചത്. എഡ് ഷീരന്‍സ് ഷേപ് ഓഫ് യു ‘ ഇന്ത്യന്‍ ഫ്യൂഷന്‍ ഡാന്‍സ് അവതരിപ്പിച്ച് സേറാ ചുവടുവെച്ചപ്പോഴുംകൈയ്യടികൾ ഉയർന്നു. ഗുജറാത്തി ഡാന്‍സ് ടീമൊരുക്കിയ തങ്കാത് ഗര്‍ബയും ധര്‍മ്മേന്ദ്രയുടെ സംഘത്തിന്റെ മാസ്മരിക പ്രകടനങ്ങളുമൊക്കെ ഡബ്ലിനെ ആവേശ ലഹരിയിലേക്കുയർത്തി.

നാടൻ ചിലങ്കളണിഞ്ഞ കൊങ്കണി നാടോടി നൃത്തത്തോടൊപ്പം ജനവും ചുവടു വെച്ചു നൃത്തം ചെയ്തു.ഒറീസയുടെയും, ഉത്സവിന്റെ വടക്കേയിന്ത്യൻ നൃത്യ നൃത്യങ്ങൾക്കൊപ്പം സെമി ക്ലാസിക്കൽ നൃത്തങ്ങളും വേദി നിറഞ്ഞാടിയപ്പോൾ ഡബ്ലിൻ ഡൺലേരിയിലെ വേദിയിലേക്ക് ഭാരതീയ കലാദേവതകൾ പറന്നിറങ്ങിയ പോലെയായി.മുദ്ര ടീമിന്റെയും,മീന ടീച്ചറുടെയുമൊക്കെ സംഘങ്ങൾ ഉൾപ്പെടെ അയർലണ്ടിലെ ഒട്ടുമിക്ക നൃത്ത സംഘങ്ങളും ഡൺലേരി ഇന്ത്യാ ഫെസ്റ്റിൽ പങ്കെടുക്കാനെത്തി.നൂപുര നാദശാലയും, കൊങ്കണി യംഗ്സ്റ്റേഴ്സുമൊക്കെ അവതരിപ്പിച്ച പ്രകടനങ്ങൾ അവിസ്മരണീയമായിരുന്നു. കാര്‍മിക് ബാന്‍ഡ് അവതരിപ്പിച്ച ലൈവ് സംഗീതത്തോടൊപ്പം പുരുഷാരം നൃത്തം ചവിട്ടി.

Advertisment