Advertisment

ഐപിഎല്ലിലേക്ക് അംബാനിക്ക് പിന്നാലെ അദാനിയും വരുന്നു ! അടുത്ത ഐപിഎല്ലില്‍ അഹമ്മദാബാദില്‍ നിന്നും പുതിയ ടീം എന്നു സൂചന. ടീം രൂപീകരണത്തിന് പിന്നില്‍ അദാനി ഗ്രൂപ്പ് ! കൊച്ചി ടസ്‌കേഴ്‌സിനും പ്രതീക്ഷ. അന്തിമ തീരുമാനം അടുത്ത ഐപിഎല്‍ ഗവേര്‍ണിങ് ബോഡിയില്‍ !

New Update

publive-image

Advertisment

ഡല്‍ഹി: അടുത്ത സീസണ്‍ മുതല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് പുതിയ ഒരു ടീം കൂടി വരുന്നു. അടുത്ത വര്‍ഷം നടക്കുന്ന 14 ആം സീസണിലാണ് പുതിയ ഒരു ടീമിനെ കൂടി ഉള്‍പ്പെടുത്താന്‍ നീക്കം നടക്കുന്നത്.

അഹമ്മദാബാദാകും പുതിയ ടീമെന്നാണ് സൂചന. അദാനി ഗ്രൂപ്പാണ് ഈ പുതിയ നീക്കത്തിന് പിന്നിലെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നത്.

നിലവില്‍ എട്ടു ടീമുകളാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലുള്ളത്. ഇന്നലെയാണ് ഐപിഎല്ലിന്റെ പതിമൂന്നാം സീസണ്‍ പൂര്‍ത്തിയായത്. മുംബൈ ഇന്ത്യന്‍സാണ് പതിമൂന്നാം സീസണില്‍ വിജയികളായത്. മുംബൈ ഇന്ത്യന്‍സിന്റ ഉടമസ്ഥര്‍ അംബാനി ഗ്രൂപ്പാണ്.

കോവിഡ് കാലത്തും യാതൊരു പ്രശ്‌നവുമില്ലാതെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഹ്ലാദത്തിലാണ് ബിസിസിഐ. അതുകൊണ്ടുതന്നെ അടുത്ത വര്‍ഷമാദ്യം ഐപിഎല്‍ 14 ആം സീസണ്‍ തുടങ്ങുമെന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കോര്‍പ്പറേറ്റിന്റെ ഉടമസ്ഥതയില്‍ പുതിയ ടീം വരുന്ന വാര്‍ത്ത പുറത്തുവരുന്നത്. അദാനി ഗ്രൂപ്പ് തന്നെയാകും ടീമിന് ചുക്കാന്‍ പിടിക്കുക.

നേരത്തെ ചെന്നൈ, രാജസ്ഥാന്‍ ടീമുകളെ വിലക്കിയപ്പോള്‍ പൂണൈ, ഗുജറാത്ത് ലയണ്‍സ് എന്നീ ടീമുകളെ പകരം പങ്കെടുപ്പിച്ചിരുന്നു. നേരത്തെ കേരളത്തിലുണ്ടായിരുന്ന കൊച്ചി ടസ്‌കേഴ്‌സ് കേരള ടീമിനും ഐപിഎല്‍ കളിക്കാന്‍ പറ്റുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.

അഹമ്മദാബാദിന്റെ ടീം വന്നാല്‍ കൊച്ചിക്കും സാധ്യതകളുണ്ടെന്നാണ് സൂചന. അടുത്ത സീസണിലേക്കുള്ള താരലേലം ജനുവരിയിലാകും നടക്കുക. ടീമുകള്‍ സംബന്ധിച്ച് അടുത്ത ഐപിഎല്‍ ഗവേണിങ് ബോഡി ചര്‍ച്ച ചെയ്യും.

adani group
Advertisment