കുവൈറ്റില്‍ താപനില തണല്‍ ലഭിക്കുന്ന പ്രദേശങ്ങളില്‍ 50-52 വരെ മാത്രമേ ഉയരാനിടയുള്ളൂവെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ ആദില്‍ സാഅദൂന്‍റെ വിശദീകരണം. 80 ഡിഗ്രി അനുഭവപ്പെടുക കറുത്ത ലോഹ പ്രതലങ്ങളോടുകൂടിയ പ്രദേശങ്ങളില്‍ മാത്രമെന്നും വ്യക്തത !

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, June 11, 2019

കുവൈറ്റ് : കുവൈറ്റില്‍ വരും ദിവസങ്ങളില്‍ അന്തരീക്ഷ ഊഷ്മാവ് 80 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തില്‍ വ്യക്തമായ വിശദീകരണവുമായി കാലാവസ്ഥാ നിരീക്ഷകനായ ആദില്‍ സാഅദൂന്‍ രംഗത്ത്.

കറുത്ത ലോഹ പ്രതലങ്ങളോടുകൂടിയ പ്രദേശങ്ങളില്‍ ജൂലൈ ആദ്യവാരത്തോടുകൂടി താപനില 80 രേഖപ്പെടുത്തുമെന്ന പ്രവചനങ്ങള്‍ ആശങ്ക പരത്തിയ സാഹചര്യത്തിലാണ് കൂടുതല്‍ വ്യക്തത വരുത്തിയ വിശദീകരണവുമായി ആദില്‍ സാഅദൂന്‍ രംഗത്തെത്തിയത്.

ഇതുപ്രകാരം തണല്‍ ലഭിക്കുന്ന പ്രദേശങ്ങളില്‍ അന്തരീക്ഷ ഊഷ്മാവ് ജൂലൈ ആദ്യവാരം 50-52 വരെ ഉയര്‍ന്നേക്കാം എന്നാണ് അദ്ദേഹത്തിന്‍റെ പ്രധാന വിശദീകരണം. എന്നാല്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന പ്രദേശങ്ങളില്‍ ഇത് 60-65 വരെ ഉയര്‍ന്നേക്കാം എന്നും പറയുന്നു.

കറുത്ത ലോഹ പ്രതലങ്ങളോടുകൂടിയ പ്രദേശങ്ങളില്‍ മാത്രമായിരിക്കും താപനില 80 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്താന്‍ സാധ്യത എന്നാണ് വിശദീകരണം.

അതേസമയം ആദില്‍ സാഅദൂന്‍റെ പ്രവചനം ഊതിവീര്‍പ്പിച്ച് ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്ന വിധം പ്രചരിപ്പിക്കപെട്ടിരുന്നു. സാധാരണ തണല്‍ ലഭിക്കുന്ന ജനവാസ കേന്ദ്രങ്ങളില്‍ പോലും താപനില 80 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുമെന്ന പരിഭ്രാന്തി ജനങ്ങളില്‍ ഉടലെടുത്തിരുന്നു.

×