Advertisment

ഐ സി വി വിപണിയിലേക്ക് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമെത്തുന്നു

author-image
admin
New Update

ഇടത്തരം വാണിജ്യ വാഹന(ഐ സി വി) വിപണിയിലേക്ക് മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുമെത്തുന്നു; ‘ഫ്യൂരിയൊ’ ശ്രേണിയിലാവും മഹീന്ദ്രയുടെ ഐ സി വി ട്രക്കുകൾ വിൽപ്പനയ്ക്കെത്തുക. പുണെയ്ക്കടുത്ത് ചക്കനിലെ ശാലയിലാവും മഹീന്ദ്ര ‘ഫ്യുരിയൊ’ ശ്രേണി നിർമിക്കുക; 600 കോടിയോളം രൂപ ചെലവിലാണ് മഹീന്ദ്ര പുതിയ പ്ലാറ്റ്ഫോം വികസിപ്പിച്ചത്. അഞ്ഞൂറോളം എൻജിനീയർമാരുടെ ശ്രമഫലമായി വികസിപ്പിച്ച ‘ഫ്യൂരിയൊ’യ്ക്കുള്ള യന്ത്രഘടകങ്ങൾ ലഭ്യമാക്കുന്നത് നൂറ്റി അൻപതോളം സപ്ലയർമാരാണ്.

Advertisment

publive-image

ഇറ്റലിയിലെ പിനിൻഫരിനയിൽ നിന്നു പ്രചോദിതമായ രൂപകൽപ്പനയോടെ എത്തുന്ന ‘ഫ്യൂരിയൊ’ ഈ വിഭാഗത്തിൽ തരംഗം സൃഷ്ടിക്കുമെന്നാണു മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാനേജിങ് ഡയറക്ടർ പവൻ ഗോയങ്ക അഭിപ്രായപ്പെട്ടു. ഉയർന്ന സുരക്ഷയും മികച്ചതും സുഖകരവുമായ കാബിനുമൊക്കെ വാഗ്ദാനം ചെയ്യുന്ന ‘ഫ്യൂരിയൊ’ ഈ വിഭാഗത്തിൽ പുതിയ നിലവാരം തന്നെ കാഴ്ചവയ്ക്കാൻ ‘ഫ്യൂരിയൊ’യ്ക്കു സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഏഴു മുതൽ 16.2 ടൺ വരെ ഭാരവാഹക ശേഷിയുള്ള ഐ സി വിയായ ‘ഫ്യൂരിയൊ’ കൂടിയെത്തുന്നതോടെ ഇന്ത്യൻ വാണിജ്യ വാഹന വിപണിയിലെ എല്ലാ വിഭാഗത്തിലും സാന്നിധ്യമുറപ്പാക്കാൻ മഹീന്ദ്രയ്ക്കു സാധിക്കുമെന്ന് കമ്പനി പ്രസിഡന്റ് (ഓട്ടമോട്ടീവ് സെക്ടർ) രാജൻ വധേര വ്യക്തമാക്കി. വിവിധ ഭൂപ്രകൃതികളിലായി 17 ലക്ഷത്തോളം കിലോമീറ്റർ പരീക്ഷണ ഓട്ടം പൂർത്തിയാക്കിയ ശേഷമാണു ‘ഫ്യൂരിയൊ’ വിൽപ്പനയ്ക്കെത്തുന്നത്.

ധനനഷ്ടമില്ലാത്ത വിധത്തിലാണു മഹീന്ദ്രയുടെ ട്രക്ക് വിഭാഗത്തിന്റെ പ്രവർത്തനമെന്ന് വധേര വെളിപ്പെടുത്തി. ട്രക്ക് വിഭാഗത്തിൽ മൂന്നാം സ്ഥാനം ലക്ഷ്യമിട്ടാണു കമ്പനിയുടെ മുന്നേറ്റം; രണ്ടോ മൂന്നോ വർഷത്തിനകം വാണിജ്യ വാഹന വിപണിയിൽ രണ്ടാമതെത്താനാവുമെന്നും കമ്പനി കണക്കുകൂട്ടുന്നു. ചെറു വാണിജ്യ വാഹന(എസ് സി വി) വിഭാഗത്തിൽഇപ്പോൾ തന്നെ നേതൃസ്ഥാനത്താണു മഹീന്ദ്ര; 45% വിപണി വിഹിതമുള്ള കമ്പനിയുടെ വാർഷിക വിൽപ്പന 2.30 ലക്ഷത്തോളം യൂണിറ്റാണ്.

Advertisment