നിനക്ക് പെണ്‍സുഹൃത്തുക്കളും ആണ്‍സുഹൃത്തുക്കളും പാടില്ല..!’; മകളുടെ ജന്മദിനത്തില്‍ അച്ഛന്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, October 21, 2018

മകളുടെ ജന്മദിനത്തില്‍ അച്ഛന്‍ എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. ചുരുങ്ങിയ വാക്കുകളില്‍ മകള്‍ അവന്തികയോടുള്ള കരുതലും സ്‌നേഹവും വ്യക്തമാക്കുന്നതാണ് ജയറാം സുബ്രമണിയെന്ന അഭിഭാഷകന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജീവിതത്തില്‍ ഉയര്‍ത്തിപിടിക്കേണ്ട മാനവിക മൂല്യങ്ങള്‍ക്ക് പ്രധാന്യം നല്‍കികൊണ്ടുള്ളതാണ് ഈ പോസ്റ്റിലെ ഓരോ വരികളും.

ഫേസ്ബുക് പോസ്റ്റ് പൂർണ്ണരൂപം :

ടീൻ ഏജിലേക്ക് കടന്നു എന്ന ക്ലീഷേ ഞാൻ പറയില്ല.മുപ്പതായാലും അറുപതായാലും ഞങ്ങൾക്ക് നീ കുഞ്ഞ് തന്നെ.

അറിയേണ്ടത് അറിഞ്ഞു തന്നെയാണ് നീ വളരുന്നത്.നല്ലതിനെ സ്വീകരിക്കാനും കെട്ടതിനെ തള്ളാനുമുള്ള ആർജ്ജവം നിനക്ക് എന്നുമുണ്ടാകണം.തീരുമാനങ്ങൾ എടുക്കും മുൻപ് അതൊന്ന് അനലൈസ് ചെയ്യാനുള്ള ബുദ്ധി നിനക്കുണ്ടാകണം.

നിനക്കുണ്ടായേക്കാവുന്ന പ്രശ്നങ്ങൾക്ക് ഏറ്റവും നല്ല പരിഹാരം നിർദ്ദേശിക്കാൻ കഴിയുന്ന മാതാപിതാക്കൾ നിനക്കുണ്ട്.നിന്നെ ഒരു പെൺകുട്ടിയായി കണ്ട് ഒതുക്കി നിർത്താനല്ല മറിച്ച് ഒരു സുഹൃത്തായി കണ്ട് ഒപ്പം ചേർക്കാനാണ് ഞങ്ങൾക്കിഷ്ടം.

പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുക തന്നെ വേണം.അതിൽ വച്ചുണ്ടാകുന്ന സകല ബുദ്ധിമുട്ടുകളും നേരിടാൻ നിനക്കൊപ്പം ഞങ്ങളുണ്ടാകും.

നിനക്ക് പെൺസുഹൃത്തുക്കളും ആൺസുഹൃത്തുക്കളും പാടില്ല…!!സുഹൃത്തുക്കൾ മാത്രം മതി.

ആരെയും അനുകരിക്കണ്ട നീ…സ്വന്തമായൊരു ശൈലി വേണം നിനക്ക്..!!

ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ നിയതമായ ചട്ടക്കൂട്ടിൽ നിന്നെ വളരാൻ ഞങ്ങൾ പ്രേരിപ്പിക്കില്ല..നീ നിന്റെ വിശ്വാസങ്ങൾക്കൊപ്പിച്ചാണ് വളരേണ്ടത്..!!

ജീവിതവിജയം എന്നത് അക്കാദമിക്ക് വിജയങ്ങളല്ല…ജോലി നേടുന്നതല്ല…പണമുണ്ടാക്കുന്നതല്ല..! മറ്റുള്ളവർക്ക് നിന്നിലുണ്ടാകുന്ന വിശ്വാസവും മനോഭാവവുമാണ് നിന്റെ വിജയം.

നിനക്ക് താൽപ്പര്യമുള്ള വിഷയങ്ങൾ നീ പഠിക്കുക..നീ ഭാവിയിൽ ആരാകണം എന്ന ഒരു പ്രതീക്ഷയും ഞങ്ങൾ വയ്ക്കുന്നില്ല.പക്ഷേ എന്നും ഒപ്പമുള്ളവർക്കൊരു കൈതാങ്ങാകാൻ നീ ശ്രദ്ധിക്കണം.

പരാജയങ്ങളോ പഴികളോ അവമതികളോ നിന്നെ തളർത്തരുത്.അതു കൂടി ചേർന്നതാണ് ഈ ജീവിതം എന്നതറിയണം നീ.

സ്ത്രീത്വമല്ല നിനക്ക് വേണ്ടത്..ശ്രീത്വമാണ്.

തല ഉയർത്തിപ്പിടിച്ച് തന്റേടത്തോടെ വളരണം നീ..എന്നാൽ അങ്ങനെ നിനക്ക് തല ഉയർത്തി തന്റേടത്തോടെ നിൽക്കണമെങ്കിൽ നിന്നിൽ സത്യം വേണം..ന്യായം വേണം..നീതിബോധം വേണം..അത് മറക്കണ്ട.

ഞങ്ങൾക്ക് ശേഷവും ഈ ഭൂമിയിൽ ജീവിക്കേണ്ടവളാണ് നീ….

Happy Birthday Avanthika..

×