Advertisment

സൗദി അറേബ്യയുടെ പൊതുബജറ്റ് അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഔദ്യോഗിക കേന്ദ്രങ്ങൾ

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

റിയാദ് - സൗദി അറേബ്യയുടെ അടുത്ത വർഷത്തേക്കുള്ള പൊതുബജറ്റ് അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഔദ്യോഗിക കേന്ദ്രങ്ങൾ വ്യക്തമാക്കി. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ അസാധാരണ മന്ത്രിസഭാ യോഗം ചേർന്ന് ബജറ്റ് അംഗീകരിക്കുമെന്നാണ് കരുതുന്നത്. അടുത്ത വർഷത്തെ ബജറ്റ് വികസന ബജറ്റ് ആയിരിക്കുമെന്ന് ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ ദിവസങ്ങൾക്കു മുമ്പ് പറഞ്ഞിരുന്നു.

Advertisment

publive-image

ഏറെ പ്രതീക്ഷയോടെയാണ് പുതിയ ബജറ്റിനെ പ്രവാസികള്‍ കാത്തിരിക്കുന്നത്. ലെവി അടക്കമുള്ള കാര്യങ്ങളില്‍ പുനപരിശോധനയുണ്ടാകുമോ എന്നാണ് പ്രവാസികള്‍ ഉറ്റുനോക്കുന്നത്. ഈ വർഷം ആദ്യ പകുതിയിൽ പെട്രോളിതര വ്യവസായ മേഖല അഞ്ചു ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ട്. പെട്രോളിതര മേഖലയിൽ നിന്നുള്ള വരുമാനം ബജറ്റ് ചെലവിന്റെ 30 ശതമാനം നികത്തുന്നതിന് പര്യാപ്തമായി ഉയർന്നിട്ടുണ്ട്.

പെട്രോളിതര സാമ്പത്തിക മേഖലയിൽ ഈ വർഷം ആദ്യ പകുതിയിൽ രണ്ടു ശതമാനം വളർച്ചയാണുള്ളത്. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ പെട്രോളിതര മേഖലയിലെ വളർച്ചാ നിരക്ക് 0.1 ശതമാനം മാത്രമായിരുന്നു. എണ്ണ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കൈകാര്യം ചെയ്യുന്നതിന് സൗദി അറേബ്യക്ക് സുവ്യക്തമായ പദ്ധതികളുണ്ട്. പെട്രോളിതര വരുമാനം വർധിപ്പിക്കൽ, വരുമാന സ്രോതസ്സുകൾ വർധിപ്പിക്കൽ, ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വിപുലീകരണം എന്നീ മൂന്നു അടിസ്ഥാന ഘടകങ്ങൾക്കാണ് ബജറ്റ് ഊന്നൽ നൽകുന്നത്.

publive-image

ബജറ്റ് കമ്മി കുറയുന്നതിന്റെയും എണ്ണ വില മെച്ചപ്പെടുന്നതിന്റെയും ഫലമായി അടുത്ത വർഷം പൊതുകടം മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 21 മുതൽ 22 വരെ ശതമാനത്തിൽ കൂടില്ല. വരുന്ന ഏതാനും വർഷങ്ങൾക്കുള്ളിൽ പൊതുകടം മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 25 ശതമാനത്തിൽ കവിയില്ലെന്നും പ്രാദേശിക വിപണിയിൽ നിന്നും വിദേശത്തു നിന്നും കടമെടുക്കുന്നതിന് സൗദി അറേബ്യക്ക് വ്യക്തമായ തന്ത്രമുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

അതേസമയം, സൗദിയുടെ അടുത്ത വർഷത്തെ ബജറ്റിനെ പ്രതീക്ഷയോടെയാണ് പ്രവാസികൾ കാണുന്നത്. ലെവി അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടാകുമോ എന്ന കാര്യം ബജറ്റിൽ അറിയാനാകും. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾക്കുള്ള ലെവി പുനഃപരിശോധിച്ചുവരികയാണെന്ന് അമേരിക്കൻ വാർത്താ ഏജൻസിയായ ബ്ലൂംബെർഗ് അടക്കം വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ലെവി പുനപരിശോധിക്കുമെന്ന തരത്തിൽ മന്ത്രിയുടെ പ്രസ്താവനയും നേരത്തെ വന്നിരുന്നു. ഇതോടെയാണ് ലെവിയുടെ കാര്യത്തിൽ പുനപരിശോധന ഉണ്ടായേക്കുമെന്ന തരത്തിൽ പ്രചാരണമുണ്ടായത്.

ലെവി പുനപരിശോധിച്ചേക്കുമെന്ന വാർത്ത ഇന്നലെ മന്ത്രാലയം ഷേധിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ പ്രതീക്ഷയിലാണ് പ്രവാസികൾ. ലെവി നയം പുനഃപരിശോധിച്ചു വരികയാണെന്ന് നാലു വൃത്തങ്ങളെ ഉദ്ധരിച്ചാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തത്. ലെവി പൂർണമായും റദ്ദാക്കില്ലെന്നും എന്നാൽ ലെവിയിൽ ഭേദഗതി വരുത്തുകയോ പുനഃസംഘടിപ്പിക്കുകയോ ചെയ്യുന്നതിനെ കുറിച്ച് മന്ത്രിതല കമ്മിറ്റി പഠിക്കുന്നുണ്ടെന്നും വാർത്തയിലുണ്ട്.

ലെവി ഭേദഗതിയുമായി ബന്ധപ്പെട്ട തീരുമാനം ആഴ്ചകൾക്കുള്ളിലുണ്ടാകുമെന്നും വാർത്തയിലുണ്ട്. അതേസമയം, വാർത്ത പുറത്തുവന്ന ഉടൻ ലെവി പുനഃപരിശോധിക്കുന്നുണ്ട് എന്ന റിപ്പോർട്ടുകൾ മീഡിയ മന്ത്രി അവാദ് അൽഅവാദ് നിഷേധിച്ചതായി മീഡിയ മന്ത്രാലയത്തിനു കീഴിലെ ഇന്റർനാഷണൽ കമ്മ്യൂണിക്കേഷൻസ് സെന്റർ പറഞ്ഞു.

ലെവി സ്ഥിരപ്പെടുത്തുമെന്നും ആശ്രിത ലെവി റദ്ദാക്കുമെന്നുമുള്ള നിലക്ക് കഴിഞ്ഞ മാസവും റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഈ റിപ്പോർട്ടുകൾ വൈകാതെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നിഷേധിച്ചിരുന്നു. 2018 ജനുവരി ഒന്നു മുതലാണ് പുതിയ ലെവി നിലവിൽവന്നത്. കഴിഞ്ഞ വർഷാവസാനം വരെ സ്വകാര്യ സ്ഥാപനങ്ങളിൽ സൗദി ജീവനക്കാരെക്കാൾ കൂടുതലുള്ള വിദേശികൾക്കു മാത്രായിരുന്നു ലെവി ബാധകം. ഇവർക്ക് പ്രതിമാസം 200 റിയാൽ തോതിൽ വർഷത്തിൽ 2,400 റിയാലാണ് ലെവി ഇനത്തിൽ അടക്കേണ്ടിയിരുന്നത്.

2018 ജനുവരി ഒന്നു മുതൽ സ്വകാര്യ സ്ഥാപനങ്ങളിലെ മുഴുവൻ വിദേശികൾക്കും ലെവി ബാധകമാക്കിയിട്ടുണ്ട്. സൗദി ജീവനക്കാരെക്കാൾ കൂടുതലുള്ള വിദേശികൾക്ക് പ്രതിമാസം 400 റിയാൽ തോതിൽ വർഷത്തിൽ 4,800 റിയാലും സൗദികളുടെ എണ്ണത്തെക്കാൾ കുറവുള്ള വിദേശികൾക്ക് പ്രതിമാസം 300 റിയാൽ തോതിൽ വർഷത്തിൽ 3,600 റിയാലുമാണ് ഈ കൊല്ലം ലെവി അടയ്‌ക്കേണ്ടത്.

അടുത്ത വർഷം സൗദികളെക്കാൾ കൂടുതലുള്ള വിദേശികൾക്കുള്ള പ്രതിമാസ ലെവി 600 റിയാലും സ്വദേശി ജീവനക്കാരെക്കാൾ കുറവുള്ള വിദേശികൾക്കുള്ള പ്രതിമാസ ലെവി 500 റിയാലും 2020 ൽ സൗദികളെക്കാൾ കൂടുതലുള്ള വിദേശികൾക്കുള്ള പ്രതിമാസ ലെവി 800 റിയാലും സ്വദേശി ജീവനക്കാരെക്കാൾ കുറവുള്ള വിദേശികൾക്കുള്ള പ്രതിമാസ ലെവി 700 റിയാലും ആയി ഉയരും.

2017 ജൂലൈ ഒന്നു മുതലാണ് സൗദിയിൽ ആശ്രിത ലെവി നിലവിൽവന്നത്. ആശ്രിതർക്ക് മാസത്തിൽ 100 റിയാൽ ലെവിയാണ് ആദ്യം ബാധകമാക്കിയത്. 2018 ജൂലൈ ഒന്നു മുതൽ ഇത് 200 റിയാലായി വർധിച്ചു. 2019 ജൂലൈ മുതൽ പ്രതിമാസ ആശ്രിത ലെവി 300 റിയാലായും 2020 ജൂലൈ മുതൽ 400 റിയാലായും വർധിക്കും.

Advertisment