സ്‌കൂൾ വിദ്യാർത്ഥിനിയെ വഴിയിൽ തടഞ്ഞുനിറുത്തി ഹിജാബ് മുറിക്കാൻ ശ്രമം

ജയശങ്കര്‍ പിള്ള
Saturday, January 13, 2018

കാനഡ : സ്ക്രാബറോയിലെ പോളിൻ ജോൺസൻ ജൂനിയർ പബ്ലിക് സ്കൂളിൽ പഠിക്കുന്ന ഖുലഹ് നൊമൻ എന്ന 11 വയസ്സുകാരിയുടെ ഹിജാബ് മുറിക്കുന്നതിനായി ശ്രമം.

രാവിലെ സ്‌കൂളിലേക്ക് നടന്നു പോകുമ്പോൾ ആണ് സംഭവം. തന്നെ പിൻ തുടർന്ന് വന്ന യുവാവ് രണ്ടു തവണ ഹിജാബിൽ പിടിച്ചു വലിയ്ക്കുകയും, മുറിച്ചു മാറ്റുവാൻ ശ്രമിച്ചു എന്നും കുട്ടി പൊലീസിന് മൊഴി നൽകി.

“ഞാൻ വളരെ ഭയപ്പെട്ടിരുന്നു വെന്നും, എന്താണ് സംഭവിക്കുന്നത് എന്ന് ആദ്യം മനസ്സിലായില്ല” എന്നും ഖുലഹ് പോലീസിനോടും പത്രക്കാരോടും പറഞ്ഞു.

തന്റെ ഇളയ സഹോദരനായ മൊഹമ്മദ് സകാരിയയോടൊപ്പം സ്കൂളിലേക്ക് നടന്നു പോകുമ്പോൾ ആരോ പിന്നിൽ നിന്നും ഹിജാബിൽ വലിയ്ക്കുന്നതായി അനുഭവപ്പെട്ടു എന്നും, ആദ്യം സഹോദരൻ ആണ് ഇത് ചെയ്യുന്നത് എന്നു കരുതി എന്നും ഖുലഹ് പറഞ്ഞു.

വീണ്ടു൦ ഇതാവർത്തിച്ചപ്പോൾ ആണ് ശ്രദ്ധയിൽ പെട്ടത് . ഉടനെ അക്രമി തന്റെ ശ്രമത്തിൽ നിന്നും പിൻതിരിഞ്ഞു . അൽപ സമയത്തിന് ശേഷം അയാൾ തന്നെ വീണ്ടും ആക്രമിച്ചു ഹിജാബ് മുറിയ്ക്കുവാൻ ശ്രമം നടത്തി എന്നാണ് കുട്ടിയുടെ ആരോപണം.

തന്റെ സഹോദരൻ ഇതിനു സാക്ഷി ആണെന്നും കുട്ടി പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. കുട്ടികൾ പ്രതികരിച്ചപ്പോൾ ആക്രമി ചിരിച്ചു കൊണ്ട് ഓടി മറയുക ആയിരുന്നു.

പോലീസ് സ്ഥലത്തെത്തി,സമീപത്തുള്ള സി ടി വി ക്യാമറകളുടെ പരിശോധനയും ,സ്‌കൂൾ അധികൃതരുടെയും ,സമീപ വാസികളുടെയും മൊഴിയും എടുത്തു.ശക്തമായ മഞ്ഞു വീഴ്ചയിലും പോലീസ് സ്‌കൂൾ പരിസരത്തു നിലയുറപ്പിച്ചിട്ടുണ്ട്.

ഈ സംഭവം ഒരു സാമൂഹിക,മത വിദ്വേഷത്തിന്റെ ഭാഗമാണോ എന്ന് ഇത് വരെ വ്യക്തമല്ല എന്നും,ആക്രമണത്തിന് പ്രേരിപ്പിച്ച ഘടകം എന്താണ് എന്നും,ആരാണ് ഇത് ചെയ്തത് എന്നും ഇതുവരെ അറിവായിട്ടില്ല എന്ന്അന്യോഷണ ഉദ്യോഗസ്‌ഥൻ ഡേവിഡ് ഹോപിങ്സൺ (ടൊറന്റോ പോലീസ്) മാധ്യമങ്ങളോട് പറഞ്ഞു.

വിദ്യാർത്ഥിനിയ്ക്കു നേരെ ഉണ്ടായ ആക്രമണത്തിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു. കാനഡ പോലുള്ള രാജ്യത്തു ഇങ്ങനെ ഉള്ള സംഭവങ്ങൾ ദുഃഖം ഉളവാക്കുന്നു എന്നും ശക്തമായ അന്യോഷണവും നടപടിയും ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.

ഇരയായ കുട്ടിയുടെയും,കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കു ചേരുന്നതാണ് അദ്ദേഹം അറിയിച്ചു.

×