Advertisment

ചര്‍മ്മ സൗന്ദര്യം, എല്ലുകളുടെ ആരോഗ്യം എന്നിവയ്ക്കും ക്യാന്‍സറിനെ പ്രതിരോധിക്കാനും ചീര

author-image
സത്യം ഡെസ്ക്
New Update

 മനുഷ്യ ശരീരത്തിന് ചീരയില്‍ നിന്നു ലഭിക്കുന്ന ഗുണം വിവരണാതീതമാണ്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ് എന്നിവ ചീരയില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ അനീമിയയെ നിയന്ത്രിക്കാനും കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാനും ചീര ഫലപ്രദമാണ്. ചര്‍മ്മ സൗന്ദര്യം, എല്ലുകളുടെ ആരോഗ്യം എന്നിവയ്ക്കും ക്യാന്‍സറിനെ പ്രതിരോധിക്കാനും ചീര സഹായിക്കുന്നു.

Advertisment

publive-image

ബീറ്റ കരോനിന്‍, മഗ്നീഷ്യം എന്നിവ ശ്വാസസംബന്ധമായ അസുഖങ്ങള്‍ക്കും ഫലപ്രദമാണ്. തിമിരം, ഷോര്‍ട്ട് സൈറ്റ് , ലോംങ്ങ് സൈറ്റ് എന്നീ രോഗങ്ങളെ ചീരയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ ഫലപ്രദമായി നിയന്ത്രിക്കുന്നു. ഗര്‍ഭിണികള്‍ ചീര കഴിക്കുന്നത് അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് നല്ലതാണ്. നമ്മുടെ വീട്ടില്‍ ധാരാളം വളരുമെങ്കിലും പേര്‍ഷ്യയാണ് ചീരയുടെ സ്വദേശം.

നടുന്ന രീതി

എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ചീര അടുക്കളത്തോട്ടത്തിലെ പ്രധാന ഇനമാണ്. വിവിധ നിറങ്ങളില്‍ വീട്ടു വളപ്പിലും തോട്ടങ്ങളിലും കണ്ടു വരുന്നു . മണ്ണില്‍ തടമുണ്ടാക്കിയും കവറിലോ ചാക്കിലോ ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും ചേര്‍ത്തും ചീര നടാം. വിത്ത് വിതയ്ക്കുമ്പോള്‍ നേരത്തെ ശേഖരിച്ച വിത്ത് മണലും ചാണകപ്പൊടിയും കലര്‍ത്തി വിതയ്ക്കണം. ട്രൈകോഡര്‍മ്മ ചേര്‍ത്ത ജൈവവളം വിതയ്ക്കുന്ന തടത്തില്‍ചേര്‍ക്കാം. നട്ടയുടനെ ചെറുനന നല്ലതാണ്. തടത്തില്‍ 25-30 ദിവസം വരെ പ്രായമായ ചീരതൈകള്‍ ഒരടി അകലത്തില്‍ വേരോടെ പറിച്ചെടുത്ത് നടണം.

പറിച്ചുനട്ട തൈകള്‍ 20 ദിവസം കൊണ്ട് മുറിച്ച് ഉപയോഗിക്കാം. വെള്ളം കെട്ടികിടക്കാന്‍ അനുവദിക്കരുത്. പറിച്ചെടുത്ത് നടുമ്പോള്‍ അധികം വെയിലേല്‍ക്കാതിരിക്കാന്‍ ഓലക്കീറു കൊണ്ടോ മറ്റും തണല്‍ കൊടുക്കുന്നതും നല്ലതാണ്. 25 -30 ദിവസം കൊണ്ട് ചീര പൂര്‍ണ വളര്‍ച്ചയെത്തും. തണ്ടില്‍ നിന്ന് ആവശ്യത്തിന് ഇലമാത്രം മുറിച്ചെടുത്ത് ഉപയോഗിക്കാം. വീണ്ടും പുതിയ തളിരുകള്‍ വന്നു കൊണ്ടേയിരിക്കും.

രണ്ടു മൂന്നു മാസത്തോളം എപ്പോഴും ചീര ലഭിക്കും. പച്ച ചാണകവും കടല പിണ്ണാക്കും വെള്ളത്തില്‍ കലക്കി പുളിപ്പിച്ച് ഒഴിച്ചു കൊടുക്കുന്നത് നല്ല തളിരിലകള്‍ ഉണ്ടാവാനും കൂടുതല്‍ കാലം വിളവു ലഭിക്കാനും സഹായിക്കും. ശക്തമായ മഴക്കാലത്ത് ചീരകൃഷി നല്ലതല്ല. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ചീര നടാന്‍ പറ്റിയ കാലം.

രോഗപ്രതിരോധം

ഇലപ്പുള്ളി രോഗമാണ് ചീരയെ ബാധിക്കുന്ന പ്രധാന പ്രശ്‌നം. നാല്‍പത് ഗ്രാം പാല്‍ക്കായം പത്ത് ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. ഇതില്‍ എട്ടു ഗ്രാം സോഡാപൊടിയും മുപ്പത്തിരണ്ടു ഗ്രാം മഞ്ഞള്‍പ്പൊടിയും ചേര്‍ത്തുണ്ടാക്കിയ മിശ്രിതം കലക്കുക. ഈ ലായനി അരിച്ചെടുത്ത് ഇലകളുടെ ഇരുവശത്തും തളിച്ച് ഇലപ്പുളളി രോഗം ഒഴിവാക്കാം. ഇലചുരുട്ടിപ്പുഴു ചീരയെ ആക്രമിക്കുന്ന പ്രധാനിയാണ്. ഇതിനെ അകറ്റുന്നതിനായി ജീവാണു കീടനാശിനികളോ, കൊങ്ങിണി ഇല, കമ്മ്യൂണിസ്റ്റ് പച്ചയില എന്നിവയുടെ സത്തെടുത്ത് ഇലയില്‍ തളിക്കുന്നത് നല്ലതാണ്.

cheera farming
Advertisment