കനകലതയെ സന്ദര്‍ശിച്ച അനുഭവം പങ്കുവച്ച് നടന്‍ അനീഷ് രവി. എത്രയോ ഇടങ്ങളില്‍ തനിക്ക് അവസരങ്ങള്‍ നേടിത്തന്ന ആളാണ് കനകലതയെന്ന് നടന്‍ അനീഷ് രവി. കനകലതയുടെ സഹോദരി വിജയകുമാരിയും സഹോദരന്റെ മകനും കുടുംബവും നടിയെ പൊന്നുപോലെയാണ് നോക്കുന്നത്. അതുകണ്ടപ്പോള്‍ ഒരുപാട് സന്തോഷമായെന്നും അനീഷ് സേഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഒരു പകലിന്റെ രണ്ടു പകുതികള്‍ എന്ന തലക്കെട്ടിലെഴുതിയ കുറിപ്പിലാണ് അനീഷ് രവി കനകലതയെ സന്ദര്‍ശിച്ച കാര്യം പറഞ്ഞത്. എത്രപറഞ്ഞാലും മറ്റുള്ളവര്‍ക്ക് മനസിലാകാത്ത ചില ബന്ധങ്ങള്‍ കൂടിയുണ്ടെന്ന് അദ്ദേഹം എഴുതി.
''രാവിലെ എല്ലാവരോടും വാതോരാതെ ചിരിച്ചും തമാശകള്‍ പറഞ്ഞുമൊക്കെ ഇരുന്ന എന്റെ നാവുകള്‍ ആ ദിവസത്തിന്റെ രണ്ടാം പകുതിയില്‍ വറ്റി വരണ്ടത് പോലെ തോന്നി. കണ്ണുകള്‍ തുളുമ്പുന്നത് കൊണ്ടാകും ഇടയ്ക്കിടയ്ക്ക് എനിക്ക് ചേച്ചിയുടെ മുഖം വ്യക്തമാകുന്നുണ്ടായിരുന്നില്ല.
എന്റെ അമ്മയായും ചേച്ചിയായും ഒക്കെ സ്‌ക്രീനില്‍ വന്നു മാഞ്ഞ് പോയെങ്കിലും മനസില്‍ മായാതെ നില്‍ക്കുന്ന അതിലും വലിയ ഒരു ആത്മ ബന്ധം ഉള്ളതുപോലെ എനിക്കു തോന്നുന്നു. അതാണ് ഇന്നലെ എന്നെ അവിടെയെത്തിച്ചത്. എത്രയോ ഇടങ്ങളില്‍ എനിക്കവസരം നേടിത്തന്നയാളാണ്.
വിജയകുമാരി ചേച്ചിയും അപ്പുണ്ണിയും ചേച്ചിയെ പൊന്നുപോലെ നോക്കുന്നത് കണ്ടപ്പോ ഒരുപാട് സന്തോഷമായി. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഓറഞ്ച് വാങ്ങാനായി ഞാന്‍ കൊടുത്ത പൈസ വാങ്ങാന്‍ കൂട്ടാക്കാതെ തിരികെ തരാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു മുടിമുറിച്ച നരകള്‍ വീണു തുടങ്ങിയ തലയില്‍ ഉമ്മ വച്ചുകൊണ്ട് ഞാന്‍ പറഞ്ഞു, എന്ത് മാത്രം പൈസ തന്ന കൈയാണിത്...''