Advertisment

മാസിന്‍റെ അങ്ങേയറ്റമാണ് അത്. 'ജയിലര്‍ രണ്ടാമത് കണ്ടത് ആ സീനിനുവേണ്ടി മാത്രം'; 'മുകുന്ദന്‍ ഉണ്ണി' സംവിധായകന്‍ പറയുന്നു

മാത്യു എന്ന അതിഥിവേഷം മലയാളത്തിലെ നായകവേഷങ്ങള്‍ പോലും സമീപകാലത്ത് നേടിക്കൊടുക്കാത്തത്ര കൈയടികളാണ് മോഹന്‍ലാലിന് നേടിക്കൊടുത്തത്.

author-image
ഫിലിം ഡസ്ക്
New Update
mohanlal jailer abhinav.

സമീപകാല കോളിവുഡ് ചിത്രങ്ങളില്‍ ജയിലറോളം ജനപ്രീതി നേടിയ മറ്റൊന്നില്ല. സിനിമാപ്രേമികളായ തലമുറകളുടെ ആരാധനാപാത്രമായ രജനികാന്തിനെ പുതുകാലത്തിന് അനുയോജ്യമായ രീതിയില്‍ അവതരിപ്പിച്ച ചിത്രത്തിലെ അതിഥിവേഷങ്ങളും വിനായകന്‍റെ പ്രതിനായക വേഷവുമൊക്കെ വിനോദമൂല്യം വര്‍ധിപ്പിച്ച ഘടകങ്ങളാണ്.

Advertisment

മാത്യു എന്ന അതിഥിവേഷം മലയാളത്തിലെ നായകവേഷങ്ങള്‍ പോലും സമീപകാലത്ത് നേടിക്കൊടുക്കാത്തത്ര കൈയടികളാണ് മോഹന്‍ലാലിന് നേടിക്കൊടുത്തത്. തിയറ്ററുകളില്‍ മികച്ച കളക്ഷന്‍ നേടിയ ചിത്രം കഴിഞ്ഞ ദിവസമാണ് ഒടിടി സ്ട്രീമിംഗ് ആരംഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു രംഗത്തെക്കുറിച്ച് പറയുകയാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സിന്‍റെ സംവിധായകനായ അഭിനവ് സുന്ദര്‍ നായക്.

ചിത്രത്തിലെ മോഹന്‍ലാലിന്‍റെ രണ്ടാമത്തെ എന്‍ട്രി രംഗം കാണാന്‍ വേണ്ടി മാത്രമാണ് തിയറ്ററില്‍ ജയിലര്‍ താന്‍ രണ്ടാമതും കണ്ടതെന്ന് അഭിനവ് എക്സില്‍ പോസ്റ്റ് ചെയ്തു. "ട്രക്കുകള്‍ ഉള്‍പ്പെട്ട മോഹന്‍ലാലിന്‍റെ ആ ക്ലൈമാക്സ് രംഗം കാണാന്‍വേണ്ടി മാത്രമാണ് ജയിലര്‍ ഞാന്‍ തിയറ്ററില്‍ രണ്ടാമതും കണ്ടത്. മാസിന്‍റെ അങ്ങേയറ്റമാണ് അത്. സമീപഭാവിയില്‍ (കുറച്ച് മാസത്തേക്ക് എങ്കിലും) മറ്റൊരു മാസ് ചിത്രത്തിനും ഇത്രയും സ്വാധീനം എന്നില്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല", അഭിനവ് കുറിച്ചു.

കേരളത്തിലും വന്‍ കളക്ഷനാണ് ചിത്രം നേടിയത്. നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ടൈഗര്‍ എന്ന് വിളിപ്പേരുള്ള മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന മുന്‍ ജയിലറെയാണ് രജനികാന്ത് അവതരിപ്പിച്ചത്. മോഹന്‍ലാല്‍ മാത്യുവായി എത്തിയ ചിത്രത്തില്‍ ശിവ രാജ്‍കുമാറിന്‍റെയും ജാക്കി ഷ്രോഫിന്‍റെയും അതിഥിവേഷങ്ങളും കൈയടി നേടിയിരുന്നു. നരസിംഹ എന്നായിരുന്നു ശിവ രാജ്‍കുമാറിന്‍റെ കഥാപാത്രത്തിന്‍റെ പേര്. രജനിയുടെ മുത്തുവേല്‍ പാണ്ഡ്യന്‍റെ സുഹൃത്തുക്കളാണ് ഈ കഥാപാത്രങ്ങളൊക്കെ. വര്‍മ്മന്‍ എന്ന വില്ലന്‍ വേഷം വിനായകനും ഗംഭീരമാക്കിയിരുന്നു. 

mohanlal jailer abhinav sundar
Advertisment