Advertisment

ചലച്ചിത്രമേളയുടെ ആദ്യ ഡെലിഗേറ്റ് പാസ് വിൻസി അലോഷ്യസിന്

ഡിസംബര്‍ 8 മുതല്‍ 15 വരെ തിരുവനന്തപുരത്ത് വച്ചാണ് കേരള രാജ്യാന്തര ചലച്ചിത്രമേള നടക്കുന്നത്.

New Update
vincy iffk.jpg



തിരുവനന്തപുരം; ഇരുപത്തിയെട്ടാം കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെല്‍ ഉദ്ഘാടനം തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ നിര്‍വഹിച്ചു. ഡെലിഗേറ്റ് പാസിന്റെ വിതരണോദ്ഘാടനം ചലച്ചിത്ര സംവിധായകന്‍  ശ്യാമപ്രസാദ് 2022ലെ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് വിന്‍സി അലോഷ്യസിന് നല്‍കി നിര്‍വഹിച്ചു.

Advertisment

ഡിസംബര്‍ 8 മുതല്‍ 15 വരെ തിരുവനന്തപുരത്ത് വച്ചാണ് കേരള രാജ്യാന്തര ചലച്ചിത്രമേള നടക്കുന്നത്. മുഹമ്മദ് കൊര്‍ദോഫാനി എന്ന നവാഗത സുഡാനിയന്‍ ചലച്ചിത്രകാരന്റെ 'ഗുഡ്‌ബൈ ജൂലിയ' ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ എട്ടിന് മേളയുടെ ഉദ്ഘാടന സമ്മേളനത്തിന് ശേഷം വൈകിട്ട് ആറു മണിക്ക് നിശാഗന്ധിയില്‍ ആയിരിക്കും ചിത്രത്തിന്റെ പ്രദര്‍ശനം. സുഡാനില്‍ നിന്ന് കാന്‍ ചലച്ചിത്ര മേളയിലേയ്ക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണിത്. 2011 ലെ സുഡാന്‍ വിഭജനസമയത്ത് അവിടെ നിലനിന്നിരുന്ന രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ അടിസ്ഥാനപ്രമേയമാക്കി നിര്‍മിക്കപ്പെട്ട ഈ ചിത്രം മോന എന്ന ഗായികയുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളെകുറിച്ചാണ് ചര്‍ച്ചചെയ്യുന്നത്. 

സുഡാനിലെ രണ്ടു വൈവിധ്യമാര്‍ന്ന പ്രവിശ്യകളില്‍ നിന്നുള്ള രണ്ടു സ്ത്രീകള്‍, അവരുടെ ജീവിതങ്ങള്‍ എങ്ങനെ ഇഴചേര്‍ന്നു കിടക്കുന്നു എന്നും ഈ ചിത്രം വരച്ചുകാട്ടുന്നു. തന്റെ ആദ്യ ചിത്രമായിരുന്നിട്ടുകൂടി കൊര്‍ദോഫാനിയുടെ സംവിധാനമികവിലൂടെ യുദ്ധഭൂമികയില്‍ മനുഷ്യര്‍ നേരിടുന്ന പല പ്രശ്‌നങ്ങളെയും തിരശീലയിലെത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. അതിനോടൊപ്പം തന്നെ സുഡാനിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ ഉള്ളറകളിലേക്ക് കടന്നു ചെല്ലാനും ഈ ചിത്രം ശ്രമിച്ചിട്ടുണ്ട്. കാന്‍ ചലച്ചിത്ര മേളയില്‍  ഫ്രീഡം അവാര്‍ഡ് നേടിയ ഈ ചിത്രം സുഡാന്റെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയുമായിരുന്നു.

മണ്‍മറഞ്ഞ അതുല്യ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ആധാരം അര്‍പ്പിക്കും. 2015 ഐ.എഫ്.എഫ്.കെയില്‍ ലൈഫ് ടൈം അചീവ്‌മെന്റ് അവാര്‍ഡ് നേടിയ വിഖ്യാത ഇറാനിയന്‍ ചലച്ചിത്രകാരന്‍ ദാരിയുഷ് മെഹര്‍ജുയിയുടെ 'എ മൈനര്‍' ഉള്‍പ്പെടെ 12 പ്രതിഭകളുടെ ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്. പ്രശസ്ത സംവിധായകന്‍ കെ ജി ജോര്‍ജിന്റെ 'യവനിക' എന്ന ചിത്രത്തിന്റെ പുനരുദ്ധരിച്ച പതിപ്പും ഈ വിഭാഗത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ്. 

  

ഐ.എഫ്.എഫ്.കെ യില്‍ ലൈഫ് ടൈം അചീവ്‌മെന്റ് അവാര്‍ഡ്  നേടിയ സ്പാനിഷ് സംവിധായകന്‍ കാര്‍ലോസ് സൗറയുടെ 'കസിന്‍ ആഞ്ചെലിക്ക', ഇബ്രാഹിം ഗോലെസ്റ്റാന്‍ സംവിധാനം ചെയ്ത 'ബ്രിക്ക് ആന്‍ഡ് മിറര്‍', ഫ്രഞ്ച് ചലച്ചിത്രകാരന്‍ ജാക്ക് റോസിയറിന്റെ 'അഡിയൂ ഫിലിപ്പീന്‍', ശ്രീലങ്കയിലെ ആദ്യ വനിതാ സംവിധായിക സുമിത്ര പെരീസിന്റെ 'ദി ട്രീ ഗോഡസ്',  ടെറന്‍സ് ഡേവിസ് സംവിധാനം ചെയ്ത ഡിസ്റ്റന്റ് വോയിസസ് സ്റ്റില്‍ ലൈവ്‌സ്, വില്യം ഫ്രീഡ്കിന്‍ ചിത്രം ദി എക്‌സോര്‍സിസ്റ്റ് എന്നീ ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ജെ സി ഡാനിയേല്‍ അവാര്‍ഡ് ജേതാവ്   കെ രവീന്ദ്രനാഥന്‍ നായര്‍ നിര്‍മിച്ച വിധേയന്‍ , സിദ്ധിഖ് സംവിധാനം ചെയ്ത് ഇന്നസെന്റ് പ്രധാനവേഷത്തിലെത്തിയ റാം ജി റാവു  സ്പീക്കിങ് ,2023 ല്‍ അന്തരിച്ച മാമുക്കോയയ്ക്ക് സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത പെരുമഴക്കാലം എന്നീ ചിത്രങ്ങളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

 

vincy alosious iffk 2023
Advertisment