Advertisment

പുഴക്ക് കുറുകെ പാലമോ കോസ് വേയോ ഇല്ല. അധികാരികളുടെ വാഗ്ദാനം നടപ്പായില്ല

author-image
admin
New Update

കല്ലടിക്കോട്:  പാലം നിര്‍മ്മിക്കുമെന്ന് മൂന്നുവര്‍ഷം മുമ്പ് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും വാഗ്ദാനം നിറവേറിയില്ല. കല്ലടിക്കോട്മീൻവല്ലം ജലവൈദ്യുതി പദ്ധതിയിലെ ജീവനക്കാരും പ്രദേശത്തുകാരും ദുരിതത്തിൽ.

Advertisment

കഴിഞ്ഞമൂന്നുവർഷമായി പാലക്കാട് ജില്ലാ പഞ്ചായത്തിന്‌ ലാഭം നേടിക്കൊടുക്കുന്ന മീൻ വല്ലം ജലവൈദ്യുതിപദ്ധതിയിലെ ജീവനക്കാരാണ് ഈ ദുരിതമനുഭവിക്കുന്നവർ. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ മീൻവല്ലം പുഴ നിറഞ്ഞു കവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് ജീവനക്കാർക്ക് പുറംലോകവുമായി ബന്ധപെടാൻ പോലും സാധിച്ചില്ല.

publive-image

പദ്ധതി പ്രദേശത്ത് ഉരുൾ പ്പൊട്ടിയതറിഞ്ഞ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരിയും, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ പി.കെ. സുധാകരനും സന്ദർശനത്തിനെത്തിയെങ്കിലും പുഴയിൽ വെള്ളം കര കവിഞ്ഞൊഴുകിയതിനാൽ പ്രദേശത്ത് എത്താനാകാതെ തിരികെ പോയി.

കേടുപാടുകൾ സംഭവിച്ച ജനറേറ്ററുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അവസരോചിത ഇടപെടൽ കൊണ്ട് ഉടൻ നേരെയാക്കി. പുഴയ്ക്ക് പാലമില്ലാത്തതിനാൽ വൈദ്യുതി നിലയത്തിലുള്ള ജീവനക്കാർക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ കഴിയുന്നില്ല. അത്യാവശ്യ കാര്യങ്ങൾക്കായി പുഴയിൽ വടം കെട്ടി അതിൽ പിടിച്ചാണ്‌ പുഴ അക്കരെ കടക്കുന്നത്.

ശക്തമായ വെള്ളത്തിന്റെ ഒഴുക്കിൽ പലപ്പോഴും കാൽ വഴുതി വെള്ളത്തിൽ വീഴുന്നതും പതിവാണ്‌. ഇത് അപകടം ക്ഷണിച്ചുവരുത്തും. നിലവില്‍ പുഴ കുറുകെ കടക്കാന്‍ വടംമാത്രമാണ് ആശ്രയം. കാലവര്‍ഷം കനക്കുമ്പോൾ ഇതിനുമാകില്ല. പാലമോ ചപ്പാത്തോ വന്നാല്‍ ഒറ്റപ്പെട്ട ഈ മലയോര മേഖലക്ക് പുതിയ വികസനം നടപ്പാകും.

മീൻ വല്ലം വെള്ളച്ചാട്ടം സന്ദർശിക്കാനെത്തുന്നവർ പാലമില്ലാത്തതിനാൽ പുഴകടക്കാനാകാതെ തിരിച്ചു പോകുകയാണ്‌ പതിവ്. പുഴയ്ക്ക് പാലം നിർമ്മിച്ച് ജീവനക്കാരുടേയും സന്ദർശകരുടേയും ദുരിതത്തിന്‌ പരിഹാരം കാണേണ്ടത് അടിയന്തര ആവശ്യമായി മാറിയിരിക്കുന്നു. പാലം വേണമെന്ന് തൊഴിലാളി യൂണിയൻ നിരന്തരം ആവശ്യമുന്നയിക്കുന്നുണ്ട്.

ജീവനക്കാർക്ക് ഇൻഷൂറൻസ് സംരക്ഷണം ഇല്ല. തുച്ഛമായ ശമ്പളത്തിനാണ് പണിയെടുക്കുന്നത്. 90ശതമാനവും ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം പൂർത്തിയായെന്നുപറയപ്പെട്ടുവെങ്കിലും ഇതു വരെ ഇക്കാര്യത്തിലും യാതൊരു പുരോഗതിയും ഉണ്ടായില്ലെന്ന് പാലക്കാട് ഹൈഡൽ പ്രോജക്ട് എംപ്ലോയീസ് യൂണിയൻ സെക്രട്ടറി എൻ.അനിൽകുമാർ പറഞ്ഞു.

അടിയന്തരമായി താത്ക്കാലിക പാലം നിർമ്മിക്കുവാനെങ്കിലും നടപടിവേണം. ഈ പ്രദേശത്തിന്റെയും ജീവനക്കാരുടെയും കാര്യത്തിൽ ഇനിയും അവഗണന തുടർന്നാൽ ശക്തമായ സമരപരിപാടികളുമായി മുന്നിട്ടിറങ്ങുമെന്ന് സംഘടനാ നേതാക്കൾ മുന്നറിയിപ്പ് നല്കി.

Advertisment