‘കേരഗ്രാമം’ കരിമ്പ ഗ്രാമപഞ്ചായത്തിൽ ശ്രദ്ധേയ പ്രവർത്തനങ്ങൾ. ശുദ്ധമായ നാടൻ വെളിച്ചെണ്ണ ഉടൻ വിപണിയിലെത്തിക്കും

സമദ് കല്ലടിക്കോട്
Wednesday, July 18, 2018

കരിമ്പ:  തെങ്ങുകൃഷിയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് കേരള സർക്കാർ കൃഷി വകുപ്പ് മുഖേന ആരംഭിച്ച ‘കേരഗ്രാമം’ പദ്ധതിക്ക് കരിമ്പ ഗ്രാമപഞ്ചായത്തിൽ ശ്രദ്ധേയ സ്വീകാര്യത.

തെങ്ങുകള്‍ക്ക് ജൈവ വളം നല്‍കല്‍, തെങ്ങിന്‍ തോട്ടങ്ങളില്‍ ഇഞ്ചി, മഞ്ഞള്‍, വാഴ, തുടങ്ങിയ ഇടവിള കൃഷിയിലൂടെ കര്‍ഷകന്റെ വരുമാനം വര്‍ദ്ധിപ്പിക്കല്‍, തെങ്ങിന്‍ തോട്ടങ്ങളില്‍ ജലസേചന സൗകര്യം വര്‍ദ്ധിപ്പിക്കല്‍, ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ രോഗ-കീടനിയന്ത്രണം, ഉല്‍പ്പാദനക്ഷമത കുറഞ്ഞ രോഗം ബാധിച്ച തെങ്ങുകള്‍ മുറിച്ചു മാറ്റി പകരം അത്യുല്‍പ്പാദന ശേഷിയുള്ള തെങ്ങിന്‍ തൈകള്‍ വച്ചുപിടിപ്പിക്കല്‍, എന്നീ മാര്‍ഗങ്ങളിലൂടെ കേരവൃക്ഷത്തിന്റെ ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കലാണ് കേരഗ്രാമം പദ്ധതി.

63 ലക്ഷം രൂപയാണ് കേരഗ്രാമത്തിനായി ചെലവിടുന്നത്. പഞ്ചായത്തിലെ 185 തെങ്ങുകൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. കരിമ്പ പഞ്ചായത്തിലെ ആയിരത്തി നാനൂറിലേറെ കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ തെങ്ങുകയറ്റ യന്ത്രങ്ങള്‍ നല്‍കി.

തെങ്ങിൻ തടം തുരക്കൽ, ജൈവ വള വിതരണം, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കി കൃഷിക്കാരന്റെ ആദായം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കല്‍ തെങ്ങിന്റെ ഉല്‍പ്പാദനം കൂട്ടുന്നതിന് പ്രത്യേക കൃഷിപരിചരണം എന്നിവയും കേരഗ്രാമം പദ്ധതിയിലൂടെ പഞ്ചായത്തിൽ നടപ്പാക്കി. തെങ്ങ് കൃഷിയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള ഈ പദ്ധതി കഴിഞ്ഞ വർഷം സെപ്റ്റംബർ 26നാണ് കൃഷി മന്ത്രി സുനിൽ കുമാർ കരിമ്പയിൽ ഉദ്ഘാടനം ചെയ്തത്.

സംസ്ഥാനത്തെ പ്രത്യേക പഞ്ചായത്തുകളാണ് ഇതിനായി തിരഞ്ഞെടുത്തിരുന്നത്. കേരഗ്രാമം പദ്ധതിയിൽ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി ശുദ്ധമായ നാടൻ വെളിച്ചെണ്ണ ഉല്പാദന യൂണിറ്റ് ഉടൻ ആരംഭിക്കുമെന്ന് കേരക്ലസ്റ്റർ കൺവീനര്മാരുടെ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ പറഞ്ഞു.

വ്യാജ വെളിച്ചെണ്ണ വിപണി കീഴടക്കുന്ന സാഹചര്യത്തിൽ അൽപംപോലും മായം കലരാത്ത മേന്മയേറിയതും ശുദ്ധവുമായ നാടൻ വെളിച്ചെണ്ണ ആവശ്യക്കാർക്ക് നൽകാൻ ഇത് വഴിയൊരുക്കുമെന്നും അവർ പറഞ്ഞു. കൃഷി ഓഫീസർ പി.സാജിദലി പദ്ധതി വിശദീകരണം നടത്തി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചൻ, കേരഗ്രാമം കെ സി എഫ് ഡി എസ് പ്രസിഡന്റ് പി.ജി.വത്സൻ, സെക്രട്ടറി പി.ശിവദാസൻ, മുൻ എ ഡി എ ഇ.കെ.യൂസുഫ്, പദ്ധതിയുടെ ചുമതലയുള്ള വിവിധ വാർഡ് കൺവീനർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

×