ദുരിതമേഖലയിൽ പുനർനിർമ്മാണം ഉൾപ്പെടെ 60 ലക്ഷത്തിന്റെ പദ്ധതിയുമായി ലൈറ്റ് ഇൻ ലൈഫ് സ്വിറ്റ്സര്‍ലന്‍ഡ്

ഷിജി ചീരംവേലില്‍
Saturday, September 1, 2018

 

സൂറിക്: കേരളത്തിലെ പ്രളയക്കെടുതി അനുഭവിക്കുന്ന മേഖലകളിൽ സ്വിറ്റസർലന്റിലെ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫ് 15 ലക്ഷം രൂപയുടെ അടിയന്തര സഹായം എത്തിച്ചതായി ഭാരവാഹികൾ അറിയിച്ചു. ചങ്ങനാശേരി, ആറന്മുള, നീലീശ്വരം, തിരുവല്ല, നെടുമ്പാശ്ശേരി, ചൊവ്വര, പറവൂർ, പത്തനംതിട്ട, കോഴഞ്ചേരി, ഇടുക്കി എന്നീ കേന്ദ്രങ്ങളിലാണ് നേരിട്ട് സഹായം എത്തിച്ചത്.

വസ്‌ത്രങ്ങൾ, ബ്ളാങ്കറ്റുകൾ, മരുന്നുകൾ, നിത്യോപയോഗ സാധനങ്ങളുടെ കിറ്റുകൾ എന്നിവ വിതരണം ചെയ്തു. വീടുകളുടെ ശുചീകരണ പ്രവർത്തനങ്ങളിലും സഹായം ഉണ്ടായി. യു.എൻ. ദുരന്തനിവാരണ വകുപ്പ് മേധാവി മുരളി തുമ്മാരുകുടിയുടെ മാർഗനിർദേശങ്ങളനുസരിച്ചു, അതാതിടങ്ങളിലെ സന്നദ്ധസംഘടനകളും, സാമൂഹ്യ പ്രവർത്തകരുമായും സഹകരിച്ചായിരുന്നു ലൈറ്റ് ഇൻ ലൈഫിന്റെ പ്രവർത്തനം.

ദുരിതബാധിതരുടെ പുനരധിവാസത്തിനായി 45 ലക്ഷം രൂപയാണ് അടുത്ത ഘട്ടത്തിൽ ലൈറ്റ് ഇൻ ലൈഫ് നൽകുക. സന്നദ്ധ സംഘടനകളോടും ഉദാരമതികളോടും സഹകരിച്ചു ഏഴുലക്ഷം രൂപ വീതം ചിലവുവരുന്ന 15 ഭവനങ്ങൾ നിർമ്മിക്കും. ഇതിൽ ഓരോ വീടിനും മൂന്നു ലക്ഷം വീതം ലൈറ്റ് ഇൻ ലൈഫ് നൽകും. കേരളം പ്രളയക്കെടുതിയിലായ ഉടനെത്തന്നെ, അടിയന്തര സഹായത്തിനുള്ള 15 ലക്ഷം, ലൈറ്റ് ഇൻ ലൈഫ് അംഗങ്ങളിൽ നിന്ന് മാത്രമായി ശേഖരിച്ചു, അർഹിക്കുന്നവർക്ക് ഉടനടി എത്തിക്കുകയായിരുന്നു.

കേരള ഫ്ലഡ് 2018 എന്നപേരിൽ രൂപീകരിച്ച ദുരിതാശ്വാസ ഫണ്ടിലേക്ക് ഇതേവരെ 52000 സ്വിസ് ഫ്രാങ്കാണ് (ഉദ്ദേശം 37 ലക്ഷം രൂപ) തദ്ദേശീയരും, പ്രവാസികളും സംഭാവന നൽകിയത്. സഹായം നൽകിയ എല്ലാവർക്കും ലൈറ്റ് ഇൻ ലൈഫ് നന്ദി അറിയിച്ചു. ആകെ 60 ലക്ഷം രൂപയാണ് (ഉദ്ദേശം 85000 ഫ്രാങ്ക്) ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സമാഹരിക്കുവാൻ ലക്‌ഷ്യം വെക്കുന്നത്. ഇതിലേക്കായി സുമനസ്സുകളുടെ ഉദാരമായ സംഭാവനകൾ തുടർന്നും ലൈറ്റ് ഇൻ ലൈഫ് അഭ്യർത്ഥിക്കുന്നു.

×